YouVersion Logo
Search Icon

EZEKIELA 42

42
ദേവാലയത്തിനടുത്തുള്ള രണ്ടു കെട്ടിടങ്ങൾ
1പിന്നീട് അയാൾ എന്നെ വടക്കോട്ടു നയിച്ച് പുറത്തെ അങ്കണത്തിൽ കൊണ്ടുവന്നു. വടക്കേ കെട്ടിടത്തിനും അങ്കണത്തിനും അഭിമുഖമായുള്ള മണ്ഡപത്തിലേക്ക് അയാൾ എന്നെ നയിച്ചു. 2വടക്കുവശത്തെ കെട്ടിടത്തിന്റെ നീളം നൂറു മുഴം, വീതി അൻപതു മുഴം. 3അകത്തെ അങ്കണത്തിന്റെ ഇരുപതുമുഴം സ്ഥലത്തോടു ചേർന്നും പുറത്തെ അങ്കണത്തിന്റെ കൽത്തളത്തിന് അഭിമുഖമായും ഒന്നിനുമീതെ മറ്റൊന്നായി മൂന്നു നിലകളുള്ള ഇരിപ്പിടത്തട്ടുകൾ ഉണ്ടായിരുന്നു. 4മണ്ഡപങ്ങൾക്കു മുമ്പിൽ ഉള്ളിലേക്ക് പത്തു മുഴം വീതിയും നൂറ് മുഴം നീളവും വടക്കോട്ടു വാതിലുകളുമുള്ള ഒരു ഇടനാഴി ഉണ്ടായിരുന്നു. 5മുകളിലത്തെ നിലയിലെ മണ്ഡപങ്ങൾ കൂടുതൽ ഇടുങ്ങിയതായിരുന്നു. കാരണം ആ നിലയിലെ ഇരിപ്പിടത്തട്ടുകൾക്ക് കൂടുതൽ സ്ഥലം വേണ്ടിവന്നു. 6മണ്ഡപങ്ങൾക്കു മൂന്നു നിലകൾ ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തിൽ ഉണ്ടായിരുന്നതുപോലെ തൂണുകൾ അവയ്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണു മുകളിലത്തെ മണ്ഡപങ്ങൾക്ക് താഴെയും നടുക്കുമുള്ള മണ്ഡപങ്ങളെക്കാൾ വിസ്താരം കുറഞ്ഞിരുന്നത്. 7മണ്ഡപങ്ങൾക്ക് സമാന്തരമായും പുറമുറ്റത്തിന് അഭിമുഖമായും അൻപതു മുഴം നീളത്തിൽ ഒരു മതിൽ ഉണ്ടായിരുന്നു. 8പുറത്തെ അങ്കണത്തിലുള്ള മണ്ഡപങ്ങൾക്ക് അൻപതു മുഴവും ദേവാലയത്തിന് എതിരേയുള്ള മണ്ഡപങ്ങൾക്ക് നൂറു മുഴവും നീളം ഉണ്ടായിരുന്നു. 9പുറത്തെ അങ്കണത്തിൽനിന്ന് ഒരാൾക്ക് കയറിവരത്തക്കവിധം ഈ മണ്ഡപങ്ങളുടെ താഴെ കിഴക്കു വശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അവിടെനിന്നാണു പുറത്തെ മതിൽ ആരംഭിക്കുന്നത്.
10തെക്കുവശത്ത് കെട്ടിടത്തിന് അഭിമുഖമായി അങ്കണത്തിന് എതിരേ മുമ്പിൽ വഴിയോടു കൂടിയ മണ്ഡപങ്ങൾ ഉണ്ടായിരുന്നു. 11വടക്കുവശത്തുള്ള മണ്ഡപങ്ങളെപ്പോലെ അതേ നീളവും വീതിയും പ്രവേശനദ്വാരങ്ങളും സംവിധാനങ്ങളും വാതിലുകളും ഇവയ്‍ക്കുമുണ്ടായിരുന്നു. 12തെക്കു ഭാഗത്തെ മണ്ഡപങ്ങളുടെ താഴെ കിഴക്കുവശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അതുവഴി ഇടനാഴിയിലേക്കു കടക്കാം. അവയ്‍ക്കെതിരെ നടുഭിത്തിയും ഉണ്ടായിരുന്നു.
13അയാൾ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, തെക്കുവശത്തും വടക്കുവശത്തും ഉള്ള മണ്ഡപങ്ങൾ വിശുദ്ധങ്ങളാണ്. ഇവിടെ വച്ചാണ് സർവേശ്വരന്റെ സന്നിധാനത്തിൽ ചെല്ലുന്ന പുരോഹിതന്മാർ വിശുദ്ധബലി വസ്തുക്കൾ ഭക്ഷിക്കുന്നത്. അവിടെയാണ് അവർ ധാന്യബലിക്കും പാപപരിഹാരബലിക്കും അകൃത്യബലിക്കും ഉള്ള വിശുദ്ധദ്രവ്യങ്ങൾ സൂക്ഷിക്കുന്നത്. 14പുരോഹിതന്മാർ വിശുദ്ധസ്ഥലത്തു പ്രവേശിച്ചശേഷം പുറത്തെ അങ്കണത്തിലേക്കു കടക്കുന്നതു ശുശ്രൂഷാവസ്ത്രങ്ങൾ ഇവിടെ ഊരിവച്ച ശേഷമേ ആകാവൂ. കാരണം അവ വിശുദ്ധമാണ്. മറ്റു വസ്ത്രം ധരിച്ചുകൊണ്ടുമാത്രമേ അവർ ജനങ്ങൾക്കായി വേർതിരിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകാവൂ.
15ദേവാലയത്തിന്റെ അകം അളന്നശേഷം കിഴക്കേ വാതിലിലൂടെ അയാൾ എന്നെ പുറത്തേക്കു കൊണ്ടുപോയി. പിന്നീട് ദേവാലയത്തിന്റെ ചുറ്റുമുള്ള സ്ഥലം അളന്നു. 16-19അളവു ദണ്ഡുകൊണ്ട് അയാൾ കിഴക്കുവശവും വടക്കുവശവും തെക്കുവശവും പടിഞ്ഞാറു വശവും അളന്നു. ഓരോ വശത്തിനും അഞ്ഞൂറു മുഴം ആയിരുന്നു നീളം. 20ഈ സ്ഥലത്തിനു ചുറ്റും ഓരോ വശത്തും അഞ്ഞൂറു മുഴം വീതം നീളമുള്ള മതിൽ ഉണ്ടായിരുന്നു. വിശുദ്ധസ്ഥലത്തെ സാധാരണ സ്ഥലത്തുനിന്നു വേർതിരിച്ചിരുന്നത് ഈ മതിലാണ്.

Currently Selected:

EZEKIELA 42: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy