YouVersion Logo
Search Icon

EZEKIELA 39

39
ഗോഗിന്റെ പതനം
1മനുഷ്യപുത്രാ, ഗോഗിനെതിരെ പ്രവചിക്കുക. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ‘മേശക്കിന്റെയും തൂബലിന്റെയും അധിപതിയായ ഗോഗേ, ഞാൻ നിനക്ക് എതിരാണ്. 2ഞാൻ നിന്നെ വഴിതിരിച്ച് അങ്ങു വടക്കേ അറ്റത്തുനിന്നു കൊണ്ടുവരികയും ഇസ്രായേൽപർവതത്തിനെതിരെ നിന്നെ നയിക്കുകയും ചെയ്യും. 3നിന്റെ ഇടങ്കൈയിൽനിന്ന് ഞാൻ വില്ല് അടിച്ചു തെറിപ്പിക്കും. നിന്റെ വലങ്കൈയിൽനിന്നു ശരങ്ങൾ താഴെ വീഴ്ത്തും. 4നീയും നിന്റെ സൈന്യവും നിന്റെകൂടെയുള്ള സകല ജനതകളും ഇസ്രായേൽമലകളിൽ നിപതിക്കും. ഹിംസമൃഗങ്ങൾക്കും പക്ഷികൾക്കും ഞാൻ നിന്നെ ഇരയാക്കും. 5നീ തുറന്ന സ്ഥലത്തുവീഴും. സർവേശ്വരനായ ഞാനാണു പറയുന്നത്. 6ഞാൻ മാഗോഗിന്റെയും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെയുംമേൽ അഗ്നി വർഷിക്കും’ ഞാനാണു സർവേശ്വരനെന്ന് അവർ അറിയും.
7എന്റെ ജനമായ ഇസ്രായേലിന്റെ മധ്യത്തിൽ എന്റെ പവിത്രനാമം ഞാൻ വെളിപ്പെടുത്തും. എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കാൻ ഇനിമേൽ ഞാൻ അവരെ അനുവദിക്കുകയില്ല. അപ്പോൾ ഞാനാണ് ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെന്ന് ജനതകൾ അറിയും. 8ഇതാ, അതു സംഭവിക്കാൻ പോകുന്നു; അതു സംഭവിക്കുകതന്നെ ചെയ്യും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ആ ദിവസത്തെക്കുറിച്ചാണ് ഞാൻ പ്രസ്താവിച്ചിരിക്കുന്നത്.
9അപ്പോൾ ഇസ്രായേൽനഗരങ്ങളിൽ നിവസിക്കുന്നവർ ഇറങ്ങിച്ചെന്ന് ആയുധങ്ങൾ അഗ്നിക്കിരയാക്കും; പരിചകളും കവചങ്ങളും കുന്തങ്ങളും കുറുവടികളും അമ്പുകളും വില്ലുകളുമെല്ലാം കൊണ്ട് ഏഴുവർഷത്തേക്ക് തീ കത്തിക്കും. 10അവർക്കിനി വയലിൽനിന്നു വിറകു ശേഖരിക്കുകയോ കാട്ടിൽനിന്നു വിറകുവെട്ടുകയോ വേണ്ട. എന്തെന്നാൽ ആയുധങ്ങൾ കൊണ്ട് അവർക്കു തീ കത്തിക്കാം. തങ്ങളെ കൊള്ളയടിച്ചവരെ അവർ കൊള്ളയടിക്കും; കവർച്ച ചെയ്തവരെ കവർച്ച ചെയ്യും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
ഗോഗിന്റെ കബറടക്കം
11അന്ന് ഗോഗിനു ഞാൻ ഇസ്രായേലിൽ ഒരു ശ്മശാനസ്ഥലം നല്‌കും. കടലിനു കിഴക്ക് സഞ്ചാരികളുടെ താഴ്‌വരതന്നെ. വഴിയാത്രക്കാർക്ക് അതു മാർഗതടസ്സം ഉണ്ടാക്കും. ഗോഗും അയാളുടെ സർവസൈന്യങ്ങളും അവിടെ സംസ്കരിക്കപ്പെടും. ആ താഴ്‌വര ഹാമോൻ-ഗോഗ് എന്നു വിളിക്കപ്പെടും. 12അവരെ അടക്കം ചെയ്ത് ദേശം വെടിപ്പാക്കാൻ ഇസ്രായേൽജനത്തിന് ഏഴുമാസം വേണ്ടിവരും. 13ദേശത്തെ ജനമെല്ലാം ഒരുമിച്ചുകൂടി അവരെ സംസ്കരിക്കും. ഞാൻ എന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന ദിവസം അത് അവരുടെ കീർത്തിക്കു കാരണമായി ഭവിക്കും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 14നിരന്തരം ചുറ്റിനടന്ന് അവശേഷിക്കുന്ന മൃതദേഹങ്ങൾകൂടി സംസ്കരിച്ച് ദേശത്തെ വെടിപ്പാക്കാൻ അവർ ആളുകളെ നിയോഗിക്കും. ഏഴുമാസം കഴിയുമ്പോൾ അവർ തെരച്ചിൽ തുടങ്ങും. 15ചുറ്റിസഞ്ചരിക്കുന്നവരിൽ ആരെങ്കിലും ഒരു മനുഷ്യാസ്ഥി എവിടെയെങ്കിലും കണ്ടാൽ അയാൾ അവിടെ ഒരു അടയാളം വയ്‍ക്കും. അടക്കം ചെയ്യുന്നവർ അതെടുത്തു #39:15 ഹാമോൻ-ഗോഗ് = ഗോഗിന്റെ ജനസഞ്ചയം.ഹാമോൻ- ഗോഗ് താഴ്‌വരയിൽ അടക്കം ചെയ്യും. 16ഇങ്ങനെ ആ ദേശം അവർ ശുദ്ധമാക്കും. അവിടെയുള്ള പട്ടണത്തിനു #39:16 ഹമോനാ = ജനസഞ്ചയം.ഹമോനാ എന്ന പേരു ലഭിക്കും.
17മനുഷ്യപുത്രാ, സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എല്ലാ പക്ഷികളോടും മൃഗങ്ങളോടും ഞാൻ ഒരുക്കുന്ന യാഗവിരുന്നിൽ പങ്കെടുക്കുന്നതിനു നാനാദിക്കുകളിൽനിന്നും ഒരുമിച്ചുകൂടി കൂട്ടമായി വരാൻ പറയുക. ഇസ്രായേൽപർവതത്തിൽ നടത്തുന്ന മഹായാഗവിരുന്നാണിത്. നിങ്ങൾക്കു മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യാം. 18ശക്തന്മാരുടെ മാംസം നിങ്ങൾക്കു തിന്നാം; പ്രഭുക്കന്മാരുടെ രക്തം നിങ്ങൾക്കു കുടിക്കാം. ബാശാനിലെ കൊഴുത്തു തടിച്ച ആട്ടുകൊറ്റന്മാരുടെയും കുഞ്ഞാടുകളുടെയും കോലാട്ടുകൊറ്റന്മാരുടെയും കാളകളുടെയും എന്നപോലെതന്നെ 19ഞാൻ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന യാഗത്തിൽനിന്നു നിങ്ങൾ മേദസ് മതിയാവോളം ഭക്ഷിക്കുകയും ഉന്മത്തരാകുവോളം രക്തം കുടിക്കുകയും ചെയ്യും. 20അങ്ങനെ നിങ്ങൾ എന്റെ വിരുന്നിൽനിന്നു കുതിരകളെയും കുതിരപ്പടയാളികളെയും ബലശാലികളെയും യുദ്ധവീരന്മാരെയും ഭക്ഷിച്ചു തൃപ്തിവരും. ഇതു സർവേശ്വരനായ കർത്താവിന്റെ വചനം.
ഇസ്രായേലിനെ വീണ്ടെടുക്കുന്നു
21വിജാതീയരുടെ മധ്യത്തിൽ എന്റെ മഹത്ത്വം ഞാൻ സ്ഥാപിക്കും. എന്റെ ന്യായവിധിയും അവരുടെമേൽ പതിച്ച എന്റെ കരവും സകല ജനതകളും ദർശിക്കും. 22ഞാനാണ് അവരുടെ സർവേശ്വരനായ കർത്താവെന്ന് ഇസ്രായേൽജനം അന്നുമുതൽ അറിയും. 23ഇസ്രായേൽജനം തങ്ങളുടെ അകൃത്യം നിമിത്തം ആണ് പ്രവാസത്തിൽ കഴിയേണ്ടി വന്നത് എന്നും അവർ എന്നോട് അവിശ്വസ്തമായി വർത്തിച്ചതിനാൽ ആണ് ഞാൻ അവരിൽനിന്നു മുഖം മറച്ച് അവരെ ശത്രുക്കളുടെ വാളിന് ഇരയാകാൻ ഏല്പിച്ചുകൊടുത്തത് എന്നും ജനതകൾ അറിയും. 24അവരുടെ അശുദ്ധിക്കും അതിക്രമങ്ങൾക്കും അനുസൃതമായി ഞാൻ പെരുമാറുകയും എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കുകയും ചെയ്തു.
25അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും; ഇസ്രായേൽജനത്തോടു മുഴുവൻ കരുണ കാണിക്കും. എന്റെ വിശുദ്ധനാമത്തെ പ്രതി ഞാൻ അസഹിഷ്ണുവായിരിക്കും. 26-27തങ്ങളെ ഭയപ്പെടുത്താൻ ആരുമില്ലാതെ സ്വദേശത്തു സുരക്ഷിതരായി പാർക്കുമ്പോൾ അവർ തങ്ങൾക്കുണ്ടായ അപമാനവും എന്നോടു കാട്ടിയ സർവവഞ്ചനയും മറക്കും. ഞാൻ ഇസ്രായേൽജനത്തെ അവരുടെ ശത്രുക്കളുടെ രാജ്യങ്ങളിൽനിന്നും വിവിധ ജനതകളുടെ ഇടയിൽനിന്നുമായി മടക്കിവരുത്തി ഒരുമിച്ചു ചേർക്കും. അങ്ങനെ എന്റെ വിശുദ്ധി ജനതകളുടെ മുമ്പിൽ ഞാൻ വെളിപ്പെടുത്തും. 28ഞാൻ അവരെ ജനതകളുടെ അടുക്കലേക്കു പ്രവാസികളായി കൊണ്ടുപോകുകയും അവരിൽ ആരെയും ഉപേക്ഷിക്കാതെ എല്ലാവരെയും തിരിച്ചു കൊണ്ടുവരികയും ചെയ്തിരിക്കുന്നതിനാൽ ഞാനാകുന്നു അവരുടെ ദൈവമായ സർവേശ്വരൻ എന്നവർ ഗ്രഹിക്കും. 29ഇസ്രായേൽജനത്തിന്മേൽ എന്റെ ആത്മാവിനെ അയച്ചിരിക്കയാൽ ഇനിമേൽ ഞാൻ എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കുകയില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”

Currently Selected:

EZEKIELA 39: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy