YouVersion Logo
Search Icon

EZEKIELA 33

33
യെഹെസ്കേൽ കാവല്‌ക്കാരൻ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, നീ നിന്റെ ജനത്തോടു പറയുക: ഞാൻ ഒരു ദേശത്തിന്റെമേൽ വാൾ അയയ്‍ക്കുകയും ആ ദേശത്തെ ജനം ഒരുവനെ തെരഞ്ഞെടുത്തു കാവല്‌ക്കാരനായി നിയമിക്കുകയും ചെയ്തു എന്നു കരുതുക. 3വാൾ വരുന്നത് കാവല്‌ക്കാരൻ കാണുകയാണെങ്കിൽ അവൻ കാഹളമൂതി ദേശത്തിനു മുന്നറിയിപ്പു നല്‌കും. 4കാഹളശബ്ദം കേട്ടിട്ടും ആ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഒരുവൻ വാളിനിരയായാൽ അവന്റെ രക്തത്തിന് ഉത്തരവാദി അവൻതന്നെ ആയിരിക്കും. 5കാഹളധ്വനി കേട്ടു എങ്കിലും അവൻ ആ മുന്നറിയിപ്പ് കാര്യമാക്കിയില്ല. അവന്റെ രക്തത്തിന്റെ ഉത്തരവാദി അവൻ തന്നെ. അവൻ മുന്നറിയിപ്പു ഗൗനിച്ചിരുന്നെങ്കിൽ തന്റെ ജീവൻ രക്ഷിക്കുമായിരുന്നു. 6കാവല്‌ക്കാരൻ വാൾ വരുന്നതു കാണുകയും കാഹളം മുഴക്കാതിരിക്കുകയും ചെയ്താൽ ജനത്തിനു മുന്നറിയിപ്പു ലഭിക്കുന്നില്ല. വാൾ വന്നു ജനത്തിൽ ആരെയെങ്കിലും വധിച്ചാൽ അവൻ തന്റെ അപരാധം മൂലമാണു സംഹരിക്കപ്പെടുന്നതെങ്കിലും അയാളുടെ ജീവനു കാവല്‌ക്കാരനോട് ഞാൻ പകരം ചോദിക്കും.
7മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേലിന് ഒരു കാവല്‌ക്കാരനായി നിയോഗിച്ചിരിക്കുന്നു. എന്റെ അരുളപ്പാട് കേൾക്കുമ്പോൾ എന്റെ മുന്നറിയിപ്പ് അവരെ അറിയിക്കുക. 8ഞാൻ ദുഷ്ടനോട്, ദുഷ്ടാ, നീ നിശ്ചയമായി മരിക്കും എന്നു പറയുകയും ആ മനുഷ്യൻ തന്റെ ദുർമാർഗത്തിൽ നിന്നു പിന്തിരിഞ്ഞുകൊള്ളണമെന്നു നീ മുന്നറിയിപ്പ് നല്‌കാതിരിക്കുകയും ചെയ്താൽ ആ മനുഷ്യൻ തന്റെ അകൃത്യം നിമിത്തം മരിക്കും; എന്നാൽ അവന്റെ ജീവന് ഞാൻ നിന്നോടു പകരം ചോദിക്കും. 9തന്റെ അകൃത്യത്തിൽനിന്നു പിന്തിരിയാൻ ദുഷ്ടനു മുന്നറിയിപ്പു നല്‌കിയിട്ടും അവൻ തന്റെ വഴിയിൽനിന്നു പിന്തിരിയാതിരുന്നാൽ അവൻ തന്റെ അപരാധം നിമിത്തം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.”
വ്യക്തികളുടെ ഉത്തരവാദിത്വം
10“മനുഷ്യപുത്രാ, “നീ ഇസ്രായേൽജനത്തോടു പറയുക: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; തന്നിമിത്തം ഞങ്ങൾ ക്ഷയിച്ചു പോകുന്നു. പിന്നെ ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും” എന്ന് നിങ്ങൾ പറഞ്ഞു. അവരോടു പറയുക, 11“സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്റെ മരണത്തിലല്ല അയാൾ തന്റെ ദുർമാർഗം വിട്ടു ജീവിക്കുന്നതിലാണ് എന്റെ സന്തോഷം. പിന്തിരിയുവിൻ നിങ്ങളുടെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവിൻ ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം?”
12മനുഷ്യപുത്രാ, സ്വന്തജനത്തോടു പറയുക: “നീതിമാൻ അതിക്രമം ചെയ്താൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ ദുർമാർഗത്തിൽനിന്നു പിന്തിരിഞ്ഞാൽ തന്റെ ദുഷ്ടത നിമിത്തം അവൻ വീണുപോകയില്ല; എന്നാൽ നീതിമാൻ പാപം ചെയ്യുന്നുവെങ്കിൽ തന്റെ നീതി നിമിത്തം അവനു ജീവിക്കാൻ കഴിയുകയില്ല. 13നീതിമാനോട്, “നീ നിശ്ചയമായി ജീവിക്കും” എന്നു ഞാൻ പറഞ്ഞാലും തന്റെ നീതിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അകൃത്യം ചെയ്യുകയാണെങ്കിൽ നീതിപൂർവകമായ തന്റെ ഒരു പ്രവൃത്തിയും അനുസ്മരിക്കപ്പെടുകയില്ല; താൻ ചെയ്ത അധർമത്തിൽതന്നെ അവൻ മരിക്കും. 14ഞാൻ ദുഷ്ടനോട്, നീ നിശ്ചയമായും മരിക്കും എന്നു പറഞ്ഞാൽത്തന്നെയും അവൻ തന്റെ പാപത്തിൽനിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുകയും 15പണയം തിരികെ കൊടുക്കുകയും കൊള്ളയടിച്ച വസ്തുക്കൾ മടക്കികൊടുക്കുകയും അധർമം പ്രവർത്തിക്കാതെ ജീവന്റെ പ്രമാണങ്ങൾ പാലിക്കുകയും ചെയ്താൽ അവൻ മരിക്കയില്ല; നിശ്ചയമായും ജീവിക്കും. 16അവൻ ചെയ്ത യാതൊരു പാപവും അവനെതിരെ ഗണിക്കപ്പെടുകയില്ല. അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു. അവൻ നിശ്ചയമായും ജീവിക്കും.
17എന്നിട്ടും സർവേശ്വരന്റെ വഴി നീതി പൂർവകമല്ലെന്നു നിന്റെ ജനം പറയുന്നു. അവരുടെ മാർഗമല്ലേ നീതികെട്ടത്? 18നീതിമാൻ തന്റെ നീതി മാർഗം വിട്ട് അകൃത്യം പ്രവർത്തിച്ചാൽ അവൻ തന്മൂലം മരിക്കും. 19എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടതവിട്ടു നീതിയും ന്യായവും പ്രവർത്തിച്ചാൽ തന്മൂലം അവൻ ജീവിക്കും. 20എന്നിട്ടും സർവേശ്വരന്റെ വഴി നീതിപൂർവകമല്ലെന്നു നിങ്ങൾ പറയുന്നു. ഇസ്രായേൽജനമേ, നിങ്ങളിൽ ഓരോരുവനെയും അവനവന്റെ പ്രവൃത്തിക്കനുസരണമായി ഞാൻ വിധിക്കും.
യെരൂശലേമിന്റെ പതനത്തെക്കുറിച്ചുള്ള വാർത്ത
21ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവർഷം പത്താം മാസം അഞ്ചാംദിവസം യെരൂശലേമിൽനിന്ന് ഓടി രക്ഷപെട്ട ഒരാൾ എന്റെ അടുക്കൽ വന്നു പറഞ്ഞു: “നഗരം പിടിക്കപ്പെട്ടിരിക്കുന്നു. 22രക്ഷപെട്ടവർ എന്റെ അടുക്കൽ വന്നതിന്റെ തലേദിവസം വൈകുന്നേരം സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു. അടുത്തദിവസം ആ മനുഷ്യൻ എന്റെ അടുക്കൽ വന്നപ്പോഴേക്ക് എന്റെ വായ് തുറന്നിരുന്നു; എനിക്കു സംസാരിക്കാനുള്ള ശക്തി തിരിച്ചുകിട്ടി. പിന്നീട് ഞാൻ മൂകനായിരുന്നില്ല.”
ജനത്തിന്റെ പാപം
23സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 24“മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളിൽ വസിക്കുന്നവർ പറയുന്നു: അബ്രഹാം ഒരാൾ മാത്രമായിരുന്നപ്പോൾ ഈ ദേശം അദ്ദേഹത്തിന് അവകാശമായി ലഭിച്ചു; ഞങ്ങളാകട്ടെ പലരാകുന്നു; ഈ ദേശം നിശ്ചയമായും ഞങ്ങൾക്കു ലഭിക്കും.” 25അതുകൊണ്ട് അവരോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങൾ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയർത്തുകയും രക്തം ചൊരിയുകയും ചെയ്തു; 26നിങ്ങൾക്കു ദേശം കൈവശമാക്കുവാൻ കഴിയുമോ? നിങ്ങൾ വാളിനെ ആശ്രയിക്കുന്നു. മ്ലേച്ഛതകൾ പ്രവർത്തിക്കുകയും ഓരോരുത്തരും അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങൾക്കു ദേശം കൈവശമാക്കാൻ കഴിയുമോ? 27സർവേശ്വരനായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നുവെന്ന് അവരോടു പറയുക: ഞാൻ സത്യം ചെയ്തു പറയുന്നു: ശൂന്യമാക്കപ്പെട്ട സ്ഥലങ്ങളിലുള്ളവർ നിശ്ചയമായും വാളിനിരയാകും. വെളിമ്പ്രദേശത്തുള്ളവരെ ഞാൻ വന്യമൃഗങ്ങൾക്ക് ഇരയാക്കും; ശക്തിദുർഗങ്ങളിലും ഗുഹകളിലും വസിക്കുന്നവരെ മഹാമാരികൊണ്ടു സംഹരിക്കും. 28ഞാൻ ദേശത്തെ ശൂന്യവും പാഴുമാക്കിത്തീർക്കും. അങ്ങനെ സ്വന്തശക്തിയെക്കുറിച്ചുള്ള അവളുടെ അഹന്തയ്‍ക്ക് അറുതിവരും. ആരും സഞ്ചരിക്കാത്തവിധം ഇസ്രായേലിലെ പർവതങ്ങൾ ശൂന്യമാകും. 29അവർ ചെയ്ത എല്ലാ മ്ലേച്ഛതകളും നിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കുമ്പോൾ ഞാൻ സർവേശ്വരനാണെന്ന് അവർ അറിയും.”
പ്രവചനത്തോടുള്ള പ്രതികരണം
30മതിലിനരികിലും വീട്ടുവാതില്‌ക്കലും നിന്റെ ജനം നിന്നെക്കുറിച്ച് സംസാരിക്കുന്നു. സർവേശ്വരന്റെ അരുളപ്പാട് എന്താണെന്നു പോയി കേൾക്കാം എന്നവർ പരസ്പരം പറയുന്നു. 31അവർ കൂട്ടമായി നിന്റെ അടുക്കൽ വരും; എന്റെ ജനമെന്നപോലെ നിന്റെ അടുക്കൽ വന്നിരുന്നു നീ പറയുന്നത് അവർ കേൾക്കുമെങ്കിലും അതുപോലെ പ്രവർത്തിക്കുകയില്ല. തങ്ങളുടെ അധരങ്ങൾകൊണ്ട് അവർ അതിയായ സ്നേഹം പ്രകടിപ്പിക്കുന്നു; എന്നാൽ അവരുടെ ഹൃദയം സ്വാർഥലാഭത്തിലൂന്നിയിരിക്കുന്നു. 32നോക്കൂ, നീ അവർക്ക് വീണമീട്ടി ഹൃദ്യമായ സ്വരത്തിൽ പ്രേമഗാനം പാടുന്ന ഒരു ഗായകനായിരിക്കും. എന്തെന്നാൽ നീ പറയുന്നത് അവർ കേൾക്കും; പക്ഷേ അതുപോലെ അവർ പ്രവർത്തിക്കുകയില്ല. 33നിന്റെ വാക്കുകൾ നിവൃത്തിയാകുമ്പോൾ നിശ്ചയമായും ഇതു നിവൃത്തിയാകും. തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അപ്പോൾ അറിയും.

Currently Selected:

EZEKIELA 33: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy