YouVersion Logo
Search Icon

EZEKIELA 19

19
ഒരു വിലാപഗാനം
1ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചു നീ ഒരു വിലാപഗാനം ആലപിക്കുക.
2സിംഹങ്ങളുടെ ഇടയ്‍ക്ക് ഒരു സിംഹിയായിരുന്നു നിന്റെ അമ്മ!
യുവസിംഹങ്ങളുടെ ഇടയിൽ അവൾ തന്റെ കുട്ടികളെ വളർത്തി.
3അവയിൽ ഒന്നിനെ ഒരു യുവസിംഹമായി അവൾ വളർത്തി.
അത് ഇരപിടിക്കാൻ ശീലിച്ചു; മനുഷ്യരെ കടിച്ചുതിന്നു.
4ജനതകൾ അവനെപ്പറ്റി കേട്ടു;
അവർ അവനെ കുഴിയിൽ അകപ്പെടുത്തി;
തുടലിൽ കൊളുത്തി വലിച്ച് ഈജിപ്തിലേക്കു കൊണ്ടുപോയി.
5അവനെ കാത്തിരുന്ന അവളുടെ ആശയറ്റു,
പിന്നീട് അവൾ തന്റെ മറ്റൊരു കുട്ടിയെ യുവസിംഹമായി വളർത്തി.
6സിംഹക്കൂട്ടത്തിൽ അവൻ ഒരു യുവസിംഹമായി നടന്നു.
അവൻ ഇരപിടിക്കാൻ ശീലിച്ചു;
മനുഷ്യരെ കടിച്ചു തിന്നു.
7അവൻ അവരുടെ കോട്ടകൾ നശിപ്പിച്ചു;
നഗരങ്ങൾ ശൂന്യമാക്കി,
അവന്റെ ഗർജനം കേട്ടു ദേശവും ദേശവാസികളും നടുങ്ങി.
8ചുറ്റുപാടുമുള്ള ജനതകൾ അവനെതിരെ വന്നു അവർ അവന്റെമേൽ വല വീശി;
അവൻ അവരുടെ കെണിയിൽ അകപ്പെട്ടു.
9അവർ അവനെ കൊളുത്തിൽ കുടുക്കി കൂട്ടിലാക്കി
ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുപോയി.
ഇസ്രായേൽഗിരികളിൽ അവന്റെ ശബ്ദം ഇനി കേൾക്കാതിരിക്കാൻ അവർ അവനെ ബന്ധനസ്ഥനാക്കി.
10ജലാശയത്തിനരികിൽ നട്ട മുന്തിരി വള്ളിപോലെയാണു നിന്റെ അമ്മ;
ധാരാളം വെള്ളം ലഭിച്ചതിനാൽ അതു നിറയെ ശാഖകൾ നീട്ടി, ഏറെ ഫലം കായ്ച്ചു.
11ഭരണാധികാരികളുടെ ചെങ്കോലിന് ഉപയോഗിക്കാവുന്ന ബലമുള്ള ശാഖകൾ അതിനുണ്ടായി,
ഇടതൂർന്നു വളർന്ന ചില്ലകൾക്കിടയിലൂടെ അതു തല ഉയർത്തി നിന്നു.
അനവധി ശാഖകളോടുകൂടി വളർന്ന് അതു വളരെ ഉയർന്നു കാണപ്പെട്ടു.
12എന്നാൽ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു.
കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു.
അതിന്റെ കായ്കൾ കൊഴിഞ്ഞു.
അതിന്റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു.
13ഉണങ്ങി വരണ്ട മരുഭൂമിയിൽ അതിനെ ഇപ്പോൾ നട്ടിരിക്കുന്നു.
14അതിന്റെ തണ്ടിൽനിന്നു തീ പടർന്ന് ചില്ലകളും കായ്കളും ദഹിപ്പിച്ചു;
അതിൽ ഭരണാധിപനു ചെങ്കോൽ നിർമിക്കാനുതകുന്ന കമ്പുകളൊന്നും ശേഷിച്ചില്ല.
ഇത് ഒരു വിലാപമാണ്. ഇതൊരു വിലാപഗാനമായി തീർന്നിരിക്കുന്നു.

Currently Selected:

EZEKIELA 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy