YouVersion Logo
Search Icon

EZEKIELA 12

12
പ്രവാചകൻ പ്രവാസത്തിലേക്ക്
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, നീ ധിക്കാരികളായ ജനത്തിന്റെ നടുവിൽ പാർക്കുന്നു; അവർ കണ്ണുണ്ടെങ്കിലും കാണുന്നില്ല; കാതുണ്ടെങ്കിലും കേൾക്കുന്നില്ല; അവർ മത്സരബുദ്ധികളാണല്ലോ. 3അതുകൊണ്ടു, മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട കെട്ടും ഭാണ്ഡവും ഒരുക്കി അവർ കാൺകെ പകൽ സമയത്തുതന്നെ പുറപ്പെടുക. അവർ കാൺകെ, നീ സ്വന്തം സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പ്രവാസിയെപ്പോലെ പോകണം. അവർ ധിക്കാരികളായ ജനമാണെങ്കിലും ഒരുവേള ഇതിന്റെ പൊരുൾ മനസ്സിലാക്കിയേക്കാം. 4പ്രവാസത്തിനുവേണ്ടി എന്നതുപോലെ നിന്റെ കെട്ടും ഭാണ്ഡവും പകൽസമയത്ത് അവർ കാൺകെ പുറത്തുകൊണ്ടുവരിക. വൈകുന്നേരം അവർ കാൺകെ പ്രവാസത്തിനു പുറപ്പെടുന്നവരെപ്പോലെ നീ പുറപ്പെടണം. 5അവർ കാൺകെ ചുവരിൽ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ പുറത്തു കടക്കണം. 6അവർ നോക്കിനില്‌ക്കെ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തു കടക്കുക; ദേശം കാണാതിരിക്കത്തക്കവിധം നിന്റെ മുഖം മൂടണം. എന്തെന്നാൽ നീ ചെയ്യുന്നത് ഇസ്രായേൽജനത്തിന് ഒരു മുന്നറിയിപ്പായിരിക്കും.
7എന്നോടു കല്പിച്ചതുപോലെയെല്ലാം ഞാൻ ചെയ്തു; പ്രവാസത്തിനുള്ള ഭാണ്ഡം എന്നപോലെ ഞാൻ പകൽസമയത്ത് എന്റെ കെട്ടും ഭാണ്ഡവും കൊണ്ടുപോന്നു. വൈകുന്നേരം എന്റെ കൈകൊണ്ടു തന്നെ ചുവരുതുരന്നു തോളിലേറ്റിയ ഭാണ്ഡവുമായി അവർ കാൺകെ ഞാൻ ഇരുട്ടത്തു പുറപ്പെട്ടു.
8പ്രഭാതത്തിൽ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: 9“മനുഷ്യപുത്രാ, നീ എന്താണു ചെയ്യുന്നതെന്നു ധിക്കാരികളായ ഇസ്രായേൽജനം ചോദിച്ചില്ലേ? 10ഈ അരുളപ്പാട് യെരൂശലേമിലെ രാജാവിനെയും അവിടെയുള്ള എല്ലാ ഇസ്രായേൽജനത്തെയും സംബന്ധിച്ചുള്ളതാണെന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക. 11നീ ചെയ്തത് അവർക്ക് ഒരു അടയാളമാകുന്നു എന്ന് അവരോടു പറയുക; നീ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ ബന്ദികളായി പ്രവാസത്തിലേക്കു പോകേണ്ടിവരും. 12അവരുടെ രാജാവ് ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറപ്പെടും; അവർ ചുവരു തുരന്നു പുറത്തു കടക്കും; ദേശം കാണാതിരിക്കാൻ അവർ മുഖം മൂടും. 13ഞാൻ വല വീശി അവനെ കെണിയിൽ കുടുക്കും; ഞാൻ അവനെ ബാബിലോണിലേക്കു കൊണ്ടുപോകും; പക്ഷേ ആ ദേശം കാണാതെ അവൻ മരണമടയും. 14അവന്റെ ചുറ്റുമുള്ള എല്ലാവരെയും അവന്റെ സഹായികളെയും സൈന്യത്തെയും ഞാൻ എല്ലാ ദിക്കിലേക്കും ചിതറിക്കും. ഊരിയ വാളുമായി ഞാൻ അവരെ പിന്തുടരും. 15ഞാൻ അവരെ ജനതകളുടെ ഇടയിലേക്കും വിവിധ രാജ്യങ്ങളിലേക്കും ചിതറിക്കുമ്പോൾ ഞാനാണു സർവേശ്വരനെന്ന് അവർ അറിയും. 16അവർ പോകുന്ന ജനതകളുടെ ഇടയിൽ തങ്ങളുടെ മ്ലേച്ഛതകൾ ഏറ്റുപറയാൻവേണ്ടി അവരിൽ ഏതാനും പേരെ വാളിൽനിന്നും ക്ഷാമത്തിൽനിന്നും പകർച്ചവ്യാധിയിൽനിന്നും ഞാൻ രക്ഷിക്കും. ഞാനാണ് സർവേശ്വരൻ എന്ന് അപ്പോൾ അവർ അറിയും.
വിറപൂണ്ട പ്രവാചകൻ
17സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: 18“മനുഷ്യപുത്രാ, വിറയലോടെ അപ്പം ഭക്ഷിക്കുക; സംഭ്രമത്തോടെ വെള്ളം കുടിക്കുക.” 19ആ ദേശത്തെ ജനത്തോടു പറയുക: ഇസ്രായേൽ ദേശത്തുള്ള യെരൂശലേംനിവാസികളെപ്പറ്റി സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “അവർ ഭയത്തോടെ അപ്പം ഭക്ഷിക്കുകയും സംഭ്രമത്തോടെ വെള്ളം കുടിക്കുകയും ചെയ്യും. എന്തെന്നാൽ അതിലെ നിവാസികളുടെ അക്രമം നിമിത്തം അവരുടെ ദേശത്തുനിന്നു സർവസ്വവും അപഹരിക്കപ്പെടും. 20ജനനിബിഡമായ നഗരങ്ങൾ ശൂന്യമാകും; ദേശം നിർജനമാകുകയും ചെയ്യും. അങ്ങനെ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ ഗ്രഹിക്കും.”
പ്രവചനം നിറവേറും
21സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 22“മനുഷ്യപുത്രാ, നാളുകൾ നീണ്ടുപോകുന്നു, ഒരു ദർശനവും സഫലമാകുന്നില്ല എന്ന് ഇസ്രായേൽദേശത്തെ സംബന്ധിച്ചുള്ള പഴമൊഴിയുടെ അർഥം എന്ത്? 23അവരോടു പറയുക; സർവേശ്വരനായ കർത്താവ് പറയുന്നു: ഞാൻ ഈ പഴഞ്ചൊല്ല് അവസാനിപ്പിക്കും; ഇസ്രായേലിൽ ഇനിമേൽ ഇതാരും ആവർത്തിക്കുകയില്ല; എന്തെന്നാൽ കാലം സമീപിച്ചിരിക്കുന്നു. എല്ലാ ദർശനങ്ങളും നിവൃത്തിയാകാൻ പോകുന്നു. 24കാരണം ഇസ്രായേലിൽ ഇനിമേൽ മിഥ്യാദർശനമോ, വ്യാജപ്രവചനമോ ഉണ്ടാവുകയില്ല. 25സർവേശ്വരനായ ഞാൻ ഇച്ഛിക്കുന്നതു പറയും. ഞാൻ പറയുന്നതു നിറവേറ്റും. അതിന് ഇനി കാലതാമസം ഉണ്ടാവുകയില്ല. ധിക്കാരികളേ, നിങ്ങളുടെ കാലത്തുതന്നെ അതു നിറവേറ്റും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
26വീണ്ടും അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി: 27മനുഷ്യപുത്രാ, ഇതാ, ഇസ്രായേൽജനം; നീ കാണുന്ന ദർശനവും പ്രവചനവും വിദൂരഭാവിയെക്കുറിച്ചുള്ളതാണെന്നു പറയുന്നു. 28അതുകൊണ്ട് അവരോടു പറയുക; എന്റെ ഒരു പ്രവചനവും നിറവേറാൻ ഇനി വൈകുകയില്ല; ഞാൻ പറഞ്ഞ കാര്യങ്ങൾ നിറവേറുക തന്നെ ചെയ്യും” എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

Currently Selected:

EZEKIELA 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy