YouVersion Logo
Search Icon

EXODUS 6

6
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഫറവോയോടു ചെയ്യാൻ പോകുന്നത് നീ ഇപ്പോൾ കാണും; എന്റെ ശക്തിയുള്ള കരം നിമിത്തം അവൻ ജനത്തെ വിട്ടയയ്‍ക്കും. എന്റെ കരുത്തുറ്റ കരം നിമിത്തം അവൻ അവരെ ഈ ദേശത്തുനിന്നു പറഞ്ഞയയ്‍ക്കേണ്ടി വരും.”
ദൈവം മോശയെ വിളിക്കുന്നു
2ദൈവം മോശയോടു പറഞ്ഞു: “ഞാൻ സർവേശ്വരനാകുന്നു. 3ഞാൻ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ “സർവേശ്വരൻ” എന്ന നാമത്തിൽ അവർക്കു വെളിപ്പെട്ടിരുന്നില്ല. 4അവർ പരദേശിയായി പാർത്തിരുന്ന കനാൻദേശം അവർക്കു നല്‌കുമെന്ന് ഉടമ്പടി ചെയ്തിരുന്നു. 5ഈജിപ്തിൽ അടിമകളായി കഴിയുന്ന ഇസ്രായേൽജനങ്ങളുടെ ദീനരോദനം ഞാൻ കേട്ടു; എന്റെ ഉടമ്പടി ഞാൻ ഓർക്കുകയും ചെയ്തു. 6അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക, ഞാൻ സർവേശ്വരനാകുന്നു. അടിമത്തത്തിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിക്കും; ഞാൻ അവരെ കഠിനമായി ശിക്ഷിക്കും. എന്റെ കരം നീട്ടി നിങ്ങളെ ഞാൻ രക്ഷിക്കും. 7നിങ്ങളെ ഞാൻ എന്റെ സ്വന്തജനമായി സ്വീകരിക്കും; ഞാൻ നിങ്ങളുടെ ദൈവമായിരിക്കും. ഈജിപ്തിലെ കഠിനാധ്വാനങ്ങളിൽനിന്നു നിങ്ങളെ മോചിപ്പിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. 8അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു ഞാൻ നിങ്ങളെ നയിക്കും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി നല്‌കും. 9ഞാൻ സർവേശ്വരൻ ആകുന്നു.” മോശ ഇപ്രകാരം ഇസ്രായേൽജനങ്ങളോടു പറഞ്ഞെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല; അടിമത്തത്തിന്റെ ക്രൂരാനുഭവങ്ങൾ അവരുടെ മനസ്സിനെ അത്രമാത്രം തകർത്തിരുന്നു.
10സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 11“ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കാൻ ഈജിപ്തിലെ രാജാവായ ഫറവോയോടു നീ ചെന്നു പറയുക.” 12എന്നാൽ മോശ സർവേശ്വരനോടു പറഞ്ഞു: “ഇസ്രായേൽജനം എന്നെ ശ്രദ്ധിച്ചില്ലല്ലോ; പിന്നെ വാക്സാമർഥ്യമില്ലാത്ത എന്നെ ഫറവോ എങ്ങനെ ശ്രദ്ധിക്കും. 13സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ ഞാൻ നിങ്ങളെ നിയമിച്ചിരിക്കുന്നുവെന്ന് ഇസ്രായേൽജനങ്ങളോടും ഈജിപ്തിലെ രാജാവായ ഫറവോയോടും പറയുക.”
മോശയുടെയും അഹരോന്റെയും വംശാവലി
14യാക്കോബിന്റെ ആദ്യജാതനായ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു; ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി. രൂബേൻഗോത്രത്തിലെ കുടുംബത്തലവന്മാർ ഇവരായിരുന്നു. 15ശിമെയോന്റെ പുത്രന്മാർ: യെമുവേൽ, യാമിൻ, ഓഹദ്, യാക്കിൻ, സോഹർ എന്നിവരും കനാന്യസ്‍ത്രീയിൽ ജനിച്ച ശൗലും ആകുന്നു. ഇവർ ശിമെയോൻഗോത്രത്തിലെ കുടുംബത്തലവന്മാർ. 16തലമുറയനുസരിച്ച് ലേവിയുടെ പുത്രന്മാർ ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരായിരുന്നു. ലേവി നൂറ്റിമുപ്പത്തേഴുവർഷം ജീവിച്ചിരുന്നു. 17ഗേർശോന്റെ പിൻതലമുറക്കാരാണ് ലിബ്നിയും ശിമെയിയും അവരുടെ കുടുംബങ്ങളും. 18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നിവർ. കെഹാത്ത് നൂറ്റിമുപ്പത്തിമൂന്നു വർഷം ജീവിച്ചിരുന്നു. 19മെരാരിയുടെ പുത്രന്മാരാണ് മഹ്ലിയും മൂശിയും. ലേവിയുടെ പിൻതലമുറക്കാരുടെ കുലങ്ങൾ ഇവയാണ്. 20അമ്രാം പിതൃസഹോദരിയായ യോഖേബെദിനെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് മോശയും അഹരോനും. അമ്രാം നൂറ്റിമുപ്പത്തേഴു വർഷം ജീവിച്ചിരുന്നു. 21ഇസ്ഹാരിന്റെ പുത്രന്മാർ കോരഹ്, നേഫെഗ്, സിക്രി എന്നിവരാകുന്നു. 22ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി എന്നിവരായിരുന്നു. 23അമ്മീനാദാബിന്റെ പുത്രിയും നഹശോന്റെ സഹോദരിയുമായ എലീശേബയെ അഹരോൻ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് നാദാബും അബീഹൂവും എലെയാസാരും ഇഥാമാരും. 24കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാനാ, അബീയാസഫ്. ഇവരാണ് കോരഹ്‍വംശജർ. 25അഹരോന്റെ പുത്രനായ എലെയാസാർ പുതിയേലിന്റെ പുത്രിമാരിൽ ഒരാളെ വിവാഹം ചെയ്തു. അവളുടെ പുത്രനാണ് ഫീനെഹാസ്. ലേവിഗോത്രത്തിൽ പെട്ട കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്മാർ ഇവരാകുന്നു. 26ഇസ്രായേൽജനത്തെ കൂട്ടമായി ഈജിപ്തിൽനിന്നു മോചിപ്പിക്കാൻ സർവേശ്വരൻ കല്പിച്ചത് ഈ മോശയോടും അഹരോനോടും ആയിരുന്നു. 27ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു വിട്ടയയ്‍ക്കാൻ ഫറവോയോടു സംസാരിച്ചതും ഇവരാണ്. 28ഈജിപ്തിൽവച്ചു സർവേശ്വരൻ മോശയോടു സംസാരിച്ച ദിവസം അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: 29“ഞാൻ സർവേശ്വരൻ ആകുന്നു; ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തു രാജാവായ ഫറവോയോടു പറയണം.” 30മോശ സർവേശ്വരനോടു പറഞ്ഞു: “എനിക്ക് വാക്സാമർഥ്യമില്ല; പിന്നെ ഫറവോ എങ്ങനെ എന്നെ ശ്രദ്ധിക്കും?”

Currently Selected:

EXODUS 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy