YouVersion Logo
Search Icon

EXODUS 5

5
മോശയും അഹരോനും ഫറവോയുടെ മുമ്പിൽ
1മോശയും അഹരോനും ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം കല്പിക്കുന്നു: മരുഭൂമിയിൽ എനിക്ക് ഒരു ഉത്സവം ആഘോഷിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കുക.” 2ഫറവോ ചോദിച്ചു: “ആരാണീ സർവേശ്വരൻ? അവന്റെ വാക്കുകേട്ട് ഞാൻ ഇസ്രായേൽജനത്തെ വിട്ടയയ്‍ക്കണമോ? സർവേശ്വരനെ ഞാൻ അറിയുകയില്ല. ഇസ്രായേൽജനത്തെ ഞാൻ വിട്ടയയ്‍ക്കുകയുമില്ല.” 3അപ്പോൾ അവർ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസത്തെ വഴി ദൂരം പോയി മരുഭൂമിയിൽ ഞങ്ങളുടെ ദൈവമായ സർവേശ്വരനു യാഗമർപ്പിക്കാൻ ഞങ്ങളെ വിട്ടയയ്‍ക്കണമെന്ന് അപേക്ഷിക്കുന്നു; അല്ലെങ്കിൽ മഹാമാരികൊണ്ടോ വാളുകൊണ്ടോ അവിടുന്നു ഞങ്ങളെ നശിപ്പിക്കും.” 4എന്നാൽ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ! നിങ്ങൾ ജനങ്ങളുടെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? നിങ്ങൾ നിങ്ങളുടെ പണി നോക്കുക.” 5ദേശത്ത് ജനങ്ങൾ പെരുകിയിരിക്കുകയാണ്; നിങ്ങൾ അവരുടെ വേല കൂടി മുടക്കുകയാണോ?” 6അന്നുതന്നെ ഫറവോ ജനങ്ങളുടെമേൽ നിയമിക്കപ്പെട്ടിരിക്കുന്ന മർദകരായ മേൽനോട്ടക്കാരെയും അധികാരികളെയും വിളിച്ചു കല്പിച്ചു: 7ഇഷ്‍ടിക ഉണ്ടാക്കാൻ നിങ്ങൾ ഇനിമേൽ വയ്‍ക്കോൽ കൊടുക്കണ്ട; അവർതന്നെ പോയി അതു ശേഖരിക്കട്ടെ. 8എന്നാൽ ഇഷ്‍ടികയുടെ എണ്ണം കുറയാൻ സമ്മതിക്കരുത്. അവർ മടിയന്മാരാണ്. അതുകൊണ്ടാണു പോയി ദൈവത്തിനു യാഗമർപ്പിക്കട്ടെ എന്നു മുറവിളി കൂട്ടുന്നത്. 9അവരുടെ ജോലിഭാരം കൂട്ടുക. കപടവാക്കുകൾ ശ്രദ്ധിക്കാൻ ഇടകിട്ടാത്തവിധം അവർ ജോലിയിൽ മുഴുകട്ടെ.” 10മർദകരായ മേൽനോട്ടക്കാരും മേലധികാരികളും ചെന്ന് ജനത്തോടു പറഞ്ഞു: “ഫറവോ കല്പിക്കുന്നു, നിങ്ങൾക്ക് ഇനിമേൽ വയ്‍ക്കോൽ തരികയില്ല. 11നിങ്ങൾതന്നെ പോയി അതു ശേഖരിക്കണം; എന്നാൽ ജോലിയിൽ അല്പംപോലും കുറവു വരരുത്.” 12അതുകൊണ്ട് ജനം വയ്‍ക്കോൽ ശേഖരിക്കാൻ ഈജിപ്തിൽ എങ്ങും ചുറ്റിനടന്നു. 13“വയ്‍ക്കോൽ നല്‌കിയിരുന്നപ്പോൾ നിർമ്മിച്ചത്ര ഇഷ്‍ടിക ഇപ്പോഴും ദിനംപ്രതി ഉണ്ടാക്കുക” എന്നു പറഞ്ഞ് മേൽനോട്ടക്കാർ അവരെ നിർബന്ധിച്ചു. 14ഫറവോയുടെ ഉദ്യോഗസ്ഥന്മാർ ജോലിയുടെ മേൽനോട്ടത്തിന് ഏർപ്പെടുത്തിയിരുന്ന ഇസ്രായേല്യരെ മർദിച്ചു. “നിങ്ങൾ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്‍ടിക ഇന്നലെയും ഇന്നും നിർമ്മിക്കാതിരുന്നതെന്ത്” എന്ന് അവർ ചോദിച്ചു. 15ഇസ്രായേല്യമേൽനോട്ടക്കാർ രാജസന്നിധിയിൽ ചെന്ന് സങ്കടമുണർത്തിച്ചു: “അങ്ങയുടെ ദാസന്മാരായ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നതെന്ത്? 16അടിയങ്ങൾക്ക് വയ്‍ക്കോൽ തരുന്നില്ല; എന്നിട്ടും ഇഷ്‍ടിക ഉണ്ടാക്കുക എന്ന് അവർ പറയുന്നു; അവർ ഞങ്ങളെ അടിക്കുന്നു; കുറ്റം അവിടുത്തെ ആളുകളുടേതാണ്;” ഫറവോ മറുപടി പറഞ്ഞു: 17“നിങ്ങൾ മടിയന്മാരാണ്; അതുകൊണ്ടാണല്ലോ സർവേശ്വരനു യാഗം കഴിക്കാൻ പോകണമെന്നു നിങ്ങൾ പറയുന്നത്. 18പോയി ജോലി ചെയ്യുക; വയ്‍ക്കോൽ തരികയില്ല; ഇഷ്‍ടിക കണക്കനുസരിച്ച് തരികയും വേണം.” 19“ഓരോ ദിവസവും നിർമ്മിക്കുന്ന ഇഷ്‍ടികയുടെ എണ്ണം ഒരു കാരണവശാലും കുറയരുത്” എന്നു പറഞ്ഞപ്പോൾ ഇസ്രായേല്യമേൽനോട്ടക്കാർ ധർമസങ്കടത്തിലായി.
20രാജസന്നിധിയിൽനിന്നു മടങ്ങുമ്പോൾ തങ്ങളെ കാത്തുനില്‌ക്കുന്ന മോശയെയും അഹരോനെയും അവർ കണ്ടു; 21അവർ മോശയോടും അഹരോനോടും പറഞ്ഞു: “ഫറവോയുടെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ നിങ്ങൾ ഞങ്ങളെ നിന്ദിതരാക്കിയല്ലോ; ഞങ്ങളെ കൊല്ലുന്നതിന് ഒരു വാളും അവരുടെ കൈയിൽ കൊടുത്തിരിക്കുന്നു; നിങ്ങൾ ചെയ്തത് ദൈവം കണ്ടിരിക്കുന്നു. അവിടുന്നു നിങ്ങളെ ന്യായം വിധിക്കട്ടെ.”
മോശ പരാതിപ്പെടുന്നു
22മോശ വീണ്ടും സർവേശ്വരന്റെ സന്നിധിയിൽ ചെന്നു പറഞ്ഞു: “സർവേശ്വരാ, അവിടുന്ന് എന്തിന് ഈ ജനത്തെ ദ്രോഹിക്കുന്നു? എന്നെ എന്തിന് ഇങ്ങോട്ടയച്ചു? 23അങ്ങയുടെ നാമത്തിൽ ഫറവോയോടു സംസാരിക്കാൻ ഞാൻ വന്നതുമുതൽ അയാൾ ഇവരോടു ക്രൂരമായി പെരുമാറുന്നു. അവിടുന്ന് ഈ ജനത്തെ വിമോചിപ്പിക്കുന്നുമില്ല.”

Currently Selected:

EXODUS 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy