YouVersion Logo
Search Icon

EXODUS 34

34
വീണ്ടും കല്പലകകൾ നല്‌കുന്നു
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ ചെത്തിയുണ്ടാക്കുക; നീ ഉടച്ചു കളഞ്ഞവയിൽ ഉണ്ടായിരുന്ന വാക്കുകൾതന്നെ ഞാൻ അവയിൽ എഴുതും. 2രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്റെ സന്നിധിയിൽ വരണം. 3നിന്റെ കൂടെ ആരും മലയിൽ കയറി വരരുത്. മലയിൽ ഒരിടത്തും ഒരു മനുഷ്യനെയും കാണരുത്. മലയുടെ അടിവാരത്തിൽ ആട്ടിൻപറ്റങ്ങളോ കന്നുകാലിക്കൂട്ടമോ മേയുകയും അരുത്.” 4ആദ്യത്തേതുപോലെ രണ്ടു കല്പലകകൾ മോശ ചെത്തിയുണ്ടാക്കി; അവിടുന്നു കല്പിച്ചിരുന്നതുപോലെ അതിരാവിലെ എഴുന്നേറ്റ് അവയുമെടുത്തു മലയിൽ കയറിച്ചെന്നു. 5അവിടുന്നു മേഘത്തിൽ മോശയുടെ അടുക്കൽ ഇറങ്ങിവന്നു ‘സർവേശ്വരൻ’ എന്ന അവിടുത്തെ നാമം പ്രഘോഷിച്ചു. 6അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു മോശയുടെ മുമ്പിൽ കൂടി കടന്നുപോയി: “സർവേശ്വരൻ കരുണയും കൃപയുമുള്ള ദൈവം; അവിടുന്നു ക്ഷമാശീലൻ. അചഞ്ചലസ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിച്ചുകൊണ്ട് 7ബഹുസഹസ്രം ജനത്തോട് അചഞ്ചലസ്നേഹം കാട്ടുന്നവൻ; എന്നാൽ കുറ്റവാളികളെ വെറുതെ വിടാത്തവൻ; പിതാക്കന്മാരുടെ കുറ്റത്തിനു മക്കളോടും മക്കളുടെ മക്കളോടും മൂന്നും നാലും തലമുറവരെ കണക്കു ചോദിക്കുന്നവൻ.” 8മോശ ഉടനെ നിലംപറ്റെ താണു സർവേശ്വരനെ വന്ദിച്ചു. പിന്നീട് ഇപ്രകാരം പറഞ്ഞു: 9“സർവേശ്വരാ, ഇപ്പോൾ അവിടുന്ന് എന്നോടു പ്രീതി കാട്ടുമെങ്കിൽ ഞങ്ങളുടെ കൂടെ പോരണമേ; ഞങ്ങൾ എത്ര ദുശ്ശാഠ്യമുള്ള ജനതയാണെങ്കിലും ഞങ്ങളുടെ അധർമവും പാപവും ക്ഷമിച്ച് അങ്ങയുടെ സ്വന്തജനമായി ഞങ്ങളെ കൈക്കൊള്ളണമേ.”
ഉടമ്പടി പുതുക്കുന്നു
10സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാൻ ഒരു ഉടമ്പടി ചെയ്യുന്നു. ഭൂമിയിലെങ്ങും ഒരു ജനതയുടെ ഇടയിലും ഉണ്ടായിട്ടില്ലാത്ത അദ്ഭുതങ്ങൾ നിന്റെ ജനത്തിന്റെ മുമ്പിൽ ഞാൻ പ്രവർത്തിക്കും; ചുറ്റുമുള്ള എല്ലാ ജനങ്ങളും സർവേശ്വരന്റെ പ്രവൃത്തികൾ കാണും; ഭയാനകമായ പ്രവൃത്തിയാണു ഞാൻ ചെയ്യാൻ പോകുന്നത്. 11ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതു നിങ്ങൾ അനുസരിക്കണം. അമോര്യർ, കനാന്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിങ്ങളുടെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളയും. 12നിങ്ങൾ ചെന്നെത്തുന്ന സ്ഥലത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്. അല്ലെങ്കിൽ അതു നിങ്ങൾക്ക് ഒരു കെണിയായിത്തീരും. 13നിങ്ങൾ അവരുടെ യാഗപീഠങ്ങൾ ഇടിച്ചു നിരത്തുകയും അവരുടെ സ്തംഭങ്ങൾ തകർക്കുകയും അശേരാപ്രതിഷ്ഠകൾ നശിപ്പിച്ചുകളയുകയും വേണം. 14നിങ്ങൾ മറ്റൊരു ദേവനെയും ആരാധിക്കരുത്. തീക്ഷ്ണതയുള്ള സർവേശ്വരൻ എന്നാകുന്നു എന്റെ നാമം; തീക്ഷ്ണതയുള്ള ദൈവം തന്നെ. 15നിങ്ങൾ ചെല്ലുന്ന ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്; അങ്ങനെ ചെയ്താൽ അവർ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവർക്കു യാഗങ്ങൾ അർപ്പിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ ക്ഷണിക്കും; അവരുടെ ദേവന്മാർക്ക് അർപ്പിച്ച ഭക്ഷണസാധനങ്ങൾ തിന്നാൻ നിങ്ങൾ പ്രേരിതരാകും. 16നിങ്ങളുടെ പുത്രന്മാർ അവരുടെ പുത്രിമാരെ ഭാര്യമാരായി സ്വീകരിക്കും; അവർ തങ്ങളുടെ ദേവന്മാരെ ആരാധിക്കുമ്പോൾ നിങ്ങളുടെ പുത്രന്മാരും വിജാതീയദേവന്മാരെ ആരാധിക്കാൻ തുടങ്ങും. 17“നിങ്ങൾക്കുവേണ്ടി ദേവന്മാരെ വാർത്തുണ്ടാക്കരുത്.” 18പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കണം; ആബീബ് മാസത്തിൽ ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള ഏഴു ദിവസങ്ങളിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ആബീബ്മാസത്തിലായിരുന്നുവല്ലോ നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടത്. 19“നിങ്ങളുടെ ആദ്യജാതന്മാരെല്ലാം എനിക്കുള്ളതാണ്; നിങ്ങൾ വളർത്തുന്ന ആടുമാടുകളുടെ കടിഞ്ഞൂൽ ആൺകുട്ടികളും എനിക്കുള്ളതാകുന്നു. 20എന്നാൽ ആട്ടിൻകുട്ടിയെ പകരം അർപ്പിച്ചു കഴുതക്കുട്ടിയെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കിൽ അതിനെ കഴുത്തു ഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രിമാരിൽ ആദ്യജാതരെയും വീണ്ടെടുക്കണം. വെറുംകൈയായി ആരും എന്റെ സന്നിധിയിൽ വരരുത്. 21നിങ്ങൾ ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശ്രമിക്കണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും നിങ്ങൾ വിശ്രമിക്കണം. 22“നിങ്ങൾ കോതമ്പിന്റെ ആദ്യവിളവെടുക്കുമ്പോൾ വാരോത്സവവും ആണ്ടവസാനം കായ്കനികൾ ശേഖരിക്കുമ്പോൾ വിളവെടുപ്പുത്സവവും ആചരിക്കണം. 23നിങ്ങളിൽ പുരുഷന്മാരെല്ലാം ആണ്ടിൽ മൂന്നു തവണ സർവേശ്വരന്റെ മുമ്പിൽ സന്നിഹിതരാകണം; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ; സന്നിധിയിൽതന്നെ. 24ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു വിജാതീയരെ നീക്കിക്കളയും; നിങ്ങളുടെ ദേശം വിസ്തൃതമാക്കും. ആണ്ടിൽ മൂന്നുതവണ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിലേക്കു പോകുമ്പോൾ നിങ്ങളുടെ ഭൂമി കൈവശപ്പെടുത്താൻ ഒരുവനും ആഗ്രഹിക്കുകയില്ല. 25പുളിപ്പുചേർത്ത അപ്പത്തോടൊപ്പം യാഗമൃഗത്തിന്റെ രക്തം എനിക്ക് അർപ്പിക്കരുത്; പെസഹാ പെരുന്നാളിനു കൊല്ലുന്ന മൃഗത്തിന്റെ മാംസം അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കുകയുമരുത്.
26നിങ്ങളുടെ നിലത്തിലെ ആദ്യവിളവിൽ ഏറ്റവും മികച്ചതു നിങ്ങൾ സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവരണം; നിങ്ങൾ ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
27സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈ വചനങ്ങളെല്ലാം എഴുതിയെടുക്കുക; ഞാൻ നിന്നോടും ഇസ്രായേൽജനത്തോടും ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകളാണിവ. 28ഭക്ഷണമോ പാനീയമോ കൂടാതെ നാല്പതു പകലും നാല്പതു രാവും മോശ സർവേശ്വരന്റെ കൂടെ പാർത്തു; ഉടമ്പടിയിലെ വചനങ്ങളായ പത്തു കല്പനകൾ മോശ കല്പലകകളിൽ എഴുതി. 29മോശ സീനായ്മലയിൽനിന്നു സാക്ഷ്യത്തിന്റെ ഫലകങ്ങളുമായി ഇറങ്ങി; ദൈവവുമായി സംസാരിച്ചതിനാൽ തന്റെ മുഖം തേജോമയമായ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. 30മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടപ്പോൾ അഹരോനും ഇസ്രായേൽജനവും അദ്ദേഹത്തിന്റെ അടുത്തു ചെല്ലാൻ ഭയപ്പെട്ടു; 31മോശ അഹരോനെയും ജനനേതാക്കളെയും അടുത്തു വിളിച്ചു; അവരുമായി സംസാരിച്ചു. 32ഇസ്രായേൽജനം അടുത്തു ചെന്നു; സീനായ്മലയിൽ വച്ചു സർവേശ്വരൻ തന്നോട് അരുളിച്ചെയ്തതെല്ലാം മോശ അവർക്കു കല്പനകളായി നല്‌കി. 33അവരോടു സംസാരിച്ചു തീർന്നപ്പോൾ മോശ മൂടുപടംകൊണ്ടു മുഖം മറച്ചു; 34അദ്ദേഹം സർവേശ്വരനോടു സംസാരിക്കാൻ തിരുസന്നിധിയിൽ ചെല്ലുമ്പോഴെല്ലാം പുറത്തു വരുന്നതുവരെ മൂടുപടം ധരിക്കുമായിരുന്നില്ല. അദ്ദേഹം പുറത്തുവന്നു ദൈവത്തിന്റെ കല്പനകളെപ്പറ്റി ഇസ്രായേൽജനത്തോടു പറയുമായിരുന്നു. 35അപ്പോഴെല്ലാം അവർ മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടു; സർവേശ്വരനോടു സംസാരിക്കാൻ വീണ്ടും അകത്തു പ്രവേശിക്കുന്നതുവരെ മോശ മൂടുപടംകൊണ്ടു മുഖം മറച്ചിരുന്നു.

Currently Selected:

EXODUS 34: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy