YouVersion Logo
Search Icon

EXODUS 3:1-9

EXODUS 3:1-9 MALCLBSI

മോശ തന്റെ ഭാര്യാപിതാവും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആടുകളെ മേയ്‍ക്കുകയായിരുന്നു. ഒരു ദിവസം മരുഭൂമിയുടെ പടിഞ്ഞാറുഭാഗത്തേക്ക് അദ്ദേഹം ആടുകളെ നയിച്ചു. അങ്ങനെ ദൈവത്തിന്റെ പർവതമായ ഹോറേബിൽ എത്തി. അവിടെ മുൾപ്പടർപ്പിന്റെ നടുവിൽ അഗ്നിജ്വാലയുടെ മധ്യേ സർവേശ്വരന്റെ ദൂതൻ മോശയ്‍ക്കു പ്രത്യക്ഷനായി. മുൾപ്പടർപ്പ് എരിയാതെ തീ കത്തുന്നത് മോശ ശ്രദ്ധിച്ചു. “മുൾപ്പടർപ്പ് എരിഞ്ഞുപോകാതെയിരിക്കുന്നത് അദ്ഭുതം തന്നെ, ഞാൻ അതൊന്നു പോയിനോക്കട്ടെ” എന്നു മോശ സ്വയം പറഞ്ഞു. മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോൾ ദൈവം, “മോശേ, മോശേ” എന്നു മുൾപ്പടർപ്പിന്റെ നടുവിൽനിന്നു വിളിച്ചു. “അടിയൻ ഇതാ” എന്നു മോശ പ്രതിവചിച്ചു. അപ്പോൾ ദൈവം കല്പിച്ചു. “ഇങ്ങോട്ട് അടുത്തുവരരുത്; നീ നില്‌ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ കാലിൽനിന്ന് ചെരുപ്പ് ഊരിക്കളയുക. ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.” ദൈവത്തെ നോക്കാൻ ഭയപ്പെട്ട് മോശ മുഖം മൂടി. പിന്നീട് സർവേശ്വരൻ അരുളിച്ചെയ്തു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നന്നായി അറിയുന്നു; മേൽനോട്ടക്കാരുടെ ക്രൂരത നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേൾക്കുന്നു; അവരുടെ ദുരിതം ഞാൻ മനസ്സിലാക്കുന്നു. ഈജിപ്തുകാരിൽനിന്ന് അവരെ മോചിപ്പിച്ച് ഫലഭൂയിഷ്ഠവും ഐശ്വര്യസമ്പൂർണവുമായ വിശാലഭൂമിയിലേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ഞാൻ അവരെ നയിക്കും. ഞാൻ അതിനായി ഇറങ്ങി വന്നിരിക്കുന്നു. കനാന്യരും ഹിത്യരും അമോര്യരും പെരിസ്യരും ഹിവ്യരും യെബൂസ്യരും പാർക്കുന്ന സ്ഥലത്തേക്കു തന്നെ. ഇസ്രായേൽജനത്തിന്റെ നിലവിളി എന്റെ കാതുകളിൽ എത്തിയിരിക്കുന്നു; ഈജിപ്തുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു.

Free Reading Plans and Devotionals related to EXODUS 3:1-9