YouVersion Logo
Search Icon

EXODUS 19

19
ഇസ്രായേൽജനം സീനായ്മലയിൽ
1ഇസ്രായേൽജനം രെഫീദീമിൽനിന്നു യാത്ര തുടർന്നു; ഈജിപ്തിൽനിന്നു പുറപ്പെട്ട് കൃത്യം മൂന്നു മാസം പൂർത്തിയായപ്പോൾ സീനായ്മരുഭൂമിയിൽ എത്തിച്ചേർന്നു. 2അവിടെ അവർ സീനായ്മലയ്‍ക്ക് അഭിമുഖമായി പാളയമടിച്ചു. 3മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. സർവേശ്വരൻ മലയിൽനിന്ന് മോശയെ വിളിച്ച് യാക്കോബിന്റെ വംശജരായ ഇസ്രായേല്യരോട് ഇപ്രകാരം പറയാൻ കല്പിച്ചു: 4“ഞാൻ ഈജിപ്തുകാരോടു പ്രവർത്തിച്ചതും കഴുകൻ തന്റെ കുഞ്ഞുങ്ങളെ ചിറകിൽ വഹിച്ചുകൊണ്ടു വരുന്നതുപോലെ നിങ്ങളെ എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ. 5നിങ്ങൾ എന്റെ വാക്കുകേട്ട് എന്റെ ഉടമ്പടി പാലിച്ചാൽ സകല ജനതകളിലുംവച്ചു നിങ്ങൾ എനിക്ക് പ്രത്യേക ജനം ആയിരിക്കും; ഭൂമി മുഴുവനും എൻറേതാണെങ്കിലും. 6നിങ്ങൾ എനിക്ക് ഒരു പുരോഹിതവംശവും വിശുദ്ധജനതയും ആയിരിക്കും.” 7മോശ ജനനേതാക്കന്മാരെ വിളിച്ചുകൂട്ടി സർവേശ്വരന്റെ കല്പന അവരെ അറിയിച്ചു. 8“സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്യും” എന്നു ജനം ഏകസ്വരത്തിൽ പ്രതിവചിച്ചു; ജനത്തിന്റെ വാക്ക് മോശ സർവേശ്വരനെ അറിയിച്ചു. 9സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാൻ കാർമേഘത്തിൽ നിന്റെ അടുക്കൽ വരുന്നു; ഞാൻ നിന്നോടു സംസാരിക്കുന്നതു ജനം കേൾക്കട്ടെ. അങ്ങനെ അവർ എന്നും നിന്നെ വിശ്വസിക്കാൻ ഇടയാകും.” പിന്നീട് മോശ ജനത്തിന്റെ വാക്ക് സർവേശ്വരനെ അറിയിച്ചു. 10സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ജനങ്ങളുടെ അടുത്തു ചെന്ന് അവരെ ഇന്നും നാളെയും ശുദ്ധീകരിക്കണം. 11അവർ വസ്ത്രം അലക്കി വെടിപ്പാക്കി മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; അന്നു സീനായ്മലയിൽ ജനം കാൺകെ ഞാൻ ഇറങ്ങി വരും. 12മലയ്‍ക്കു ചുറ്റും അതിർത്തി കല്പിച്ചുകൊണ്ട് അവരോടു പറയണം: നിങ്ങൾ മലയിൽ കയറുകയോ അതിരിനുള്ളിൽ പ്രവേശിക്കുകയോ അരുത്. മലയെ സ്പർശിക്കുന്നവൻ കൊല്ലപ്പെടണം. 13ആരും അവനെ തൊടരുത്; കല്ലെറിഞ്ഞോ അമ്പെയ്തോ അവനെ കൊല്ലണം; അവനെ സ്പർശിക്കുന്നവൻ മനുഷ്യനോ മൃഗമോ ആകട്ടെ ജീവിച്ചിരിക്കരുത്. നീണ്ട കാഹളധ്വനി കേൾക്കുമ്പോൾ ജനം മലയുടെ സമീപം വരട്ടെ.” 14മോശ മലയിൽനിന്ന് ഇറങ്ങിച്ചെന്ന് ജനങ്ങളെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കി വെടിപ്പാക്കി. 15അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുക. അതിനിടയിൽ സ്‍ത്രീസമ്പർക്കം അരുത്.” 16മൂന്നാം ദിവസം പ്രഭാതത്തിൽ വലിയ ഇടിയും മിന്നലും ഉണ്ടായി; വലിയ കാർമേഘം മലമുകളിൽ പ്രത്യക്ഷപ്പെട്ടു; പാളയത്തിലെ ജനം നടുങ്ങത്തക്കവിധം കാഹളം ഉച്ചത്തിൽ മുഴങ്ങി. 17ദൈവത്തെ ദർശിക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് മലയുടെ അടിവശത്തു നിർത്തി. 18സർവേശ്വരൻ അഗ്നിയിലൂടെ ഇറങ്ങി വന്നതിനാൽ സീനായ്മല പുകകൊണ്ടു മൂടി; ചൂളയിൽ നിന്നെന്നപോലെ പുക പൊങ്ങി; മല ശക്തമായി കുലുങ്ങി; 19കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോൾ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി. 20സർവേശ്വരൻ സീനായ്മലമുകളിൽ ഇറങ്ങി; മോശയെ കൊടുമുടിയിലേക്കു വിളിച്ചു. അദ്ദേഹം അവിടേക്കു ചെന്നു. 21സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്‌കുക. അല്ലെങ്കിൽ എന്നെ കാണാൻ ജനം അതിർത്തി ലംഘിച്ച് അനേകർ മരിക്കാൻ ഇടയാകും. 22സർവേശ്വരനെ സമീപിക്കാൻ ശ്രമിക്കുന്ന പുരോഹിതന്മാരും ശിക്ഷിക്കപ്പെടാതിരിക്കണമെങ്കിൽ സ്വയം ശുദ്ധീകരിക്കണം. 23മോശ സർവേശ്വരനോടു പറഞ്ഞു: “സീനായ്മലയ്‍ക്ക് ചുറ്റും അതിരു കല്പിച്ച് അതിനെ വിശുദ്ധീകരിക്കണമെന്ന് അവിടുന്നുതന്നെ ജനങ്ങളോടു കല്പിച്ചതുകൊണ്ട് ജനങ്ങൾക്ക് കയറിവരാൻ സാധ്യമല്ല.” 24സർവേശ്വരൻ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടു വരിക; പുരോഹിതന്മാരും ജനവും അതിർത്തി ലംഘിച്ച് എന്നെ സമീപിക്കരുത്; അതിരുകടന്നാൽ അവർ ശിക്ഷിക്കപ്പെടും. 25മോശ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് സർവേശ്വരന്റെ വാക്ക് അവരെ അറിയിച്ചു.

Currently Selected:

EXODUS 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy