YouVersion Logo
Search Icon

EXODUS 15

15
മോശയുടെ ഗീതം
1മോശയും ഇസ്രായേൽജനവും സർവേശ്വരനെ പ്രകീർത്തിച്ചുകൊണ്ട് ഈ ഗാനം പാടി:
ഞാൻ സർവേശ്വരനു സ്തുതിപാടും.
അവിടുന്നു മഹത്ത്വപൂർണമായ വിജയം വരിച്ചിരിക്കുന്നു.
അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയിൽ എറിഞ്ഞുകളഞ്ഞു.
2സർവേശ്വരൻ എന്റെ ശക്തിയും എന്റെ ഗാനവും;
അവിടുന്ന് എനിക്ക് രക്ഷയരുളി. അവിടുന്ന് എന്റെ ദൈവം;
ഞാൻ അവിടുത്തെ പ്രകീർത്തിക്കും. അവിടുന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടുത്തെ കീർത്തിക്കും.
3അവിടുന്നു യുദ്ധവീരൻ! സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം.
4ഫറവോയുടെ രഥങ്ങളെയും സൈന്യങ്ങളെയും
അവിടുന്ന് ആഴിയിൽ എറിഞ്ഞു.
അവന്റെ മികച്ച സേനാധിപന്മാർ ചെങ്കടലിൽ മുങ്ങിമരിച്ചു.
5പെരുവെള്ളം അവരെ വിഴുങ്ങി,
കല്ലുപോലെ അവർ അഗാധതയിൽ ആണ്ടു;
6സർവേശ്വരാ, അവിടുത്തെ വലങ്കൈ മഹാശക്തിയാൽ മഹിമപ്പെട്ടിരിക്കുന്നു.
അവിടുത്തെ വലങ്കൈ വൈരികളെ ചിതറിക്കുന്നു.
7അവിടുത്തെ മഹാപ്രഭാവത്താൽ
പ്രതിയോഗികളെ തകർക്കുന്നു.
അവിടുത്തെ ക്രോധാഗ്നി അവരെ
വയ്‍ക്കോലെന്നപോലെ ദഹിപ്പിക്കുന്നു.
8അവിടുത്തെ നിശ്വാസത്താൽ വെള്ളം കുന്നുകൂടി
ജലപ്രവാഹം മതിൽപോലെ നിന്നു, അഗാധതലം ഉറഞ്ഞു കട്ടിയായി.
9എതിരാളി വമ്പു പറഞ്ഞു: “ഞാൻ അവരെ പിന്തുടർന്നു പിടിക്കും; കൊള്ളമുതൽ പങ്കിടും;
എന്റെ അഭിലാഷം ഞാൻ നിറവേറ്റും.
ഞാൻ വാളൂരി അവരെ സംഹരിക്കും.”
10അവിടുന്നു കാറ്റടിപ്പിച്ചു, കടൽ അവരെ മൂടി.
ഈയക്കട്ടിപോലെ അവർ അഗാധതയിൽ താണു.
11സർവേശ്വരാ, ദേവന്മാരിൽ അങ്ങേക്കു തുല്യൻ ആരുള്ളൂ?
അങ്ങ് വിശുദ്ധിയിൽ മഹത്ത്വമാർന്നവൻ, ഭക്ത്യാദരങ്ങൾക്ക് അർഹൻ,
അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ, അങ്ങേക്കു സമനായി ആരുള്ളൂ?
12അവിടുന്നു വലങ്കൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
13“അവിടുന്നു വീണ്ടെടുത്ത ജനത്തെ അവിടുത്തെ സുസ്ഥിരസ്നേഹത്താലും ശക്തിയാലും നയിച്ച്
വിശുദ്ധനിവാസത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.”
14ഇതുകേട്ടു ജനതകൾ നടുങ്ങുന്നു;
ഫെലിസ്ത്യനിവാസികൾ വിറയ്‍ക്കുന്നു;
15എദോംപ്രഭുക്കന്മാർ പരിഭ്രാന്തരാകുന്നു;
മോവാബ്യജനപ്രമാണികൾ നടുങ്ങുന്നു;
കനാൻനിവാസികളുടെ ധൈര്യം ക്ഷയിക്കുന്നു.
16അവിടുത്തെ ഈ ജനം, സർവേശ്വരാ, അവിടുന്നു വീണ്ടെടുത്ത ജനംതന്നെ
കടന്നുപോകുന്നതുവരെ ഭയവും പരിഭ്രാന്തിയും അവരെ ഉലയ്‍ക്കട്ടെ.
അവിടുത്തെ കരബലം കണ്ട് അവർ ശിലപോലെ നിശ്ചലരാകട്ടെ.
17തിരുനിവാസമായി നിർമ്മിച്ച മന്ദിരത്തിലേക്ക്, അവിടുന്നു സ്ഥാപിച്ച വിശുദ്ധമന്ദിരത്തിലേക്കുതന്നെ,
അവരെ ആനയിച്ച് അവിടുത്തെ അവകാശമായ പർവതത്തിൽ അവരെ നട്ടുപിടിപ്പിക്കും.
18സർവേശ്വരൻ എന്നെന്നേക്കും രാജാവായി വാഴും.
മിര്യാമിന്റെ പാട്ട്
19ഫറവോയുടെ കുതിരകളും രഥങ്ങളും കുതിരപ്പടയും കടലിന്റെ നടുവിലെത്തിയപ്പോൾ സർവേശ്വരൻ സമുദ്രജലത്തെ മടക്കിവരുത്തി, അത് അവരെ മൂടി. എന്നാൽ ഇസ്രായേൽജനം കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. 20അപ്പോൾ അഹരോന്റെ സഹോദരിയായ മിര്യാം എന്ന പ്രവാചകി തപ്പ് എടുത്തു; സ്‍ത്രീകളെല്ലാം തപ്പുകൊട്ടി നൃത്തം ചെയ്ത് അവളെ അനുഗമിച്ചു.
21മിര്യാം അവർക്ക് പാടിക്കൊടുത്തു:
“സർവേശ്വരനു സ്തുതിപാടുവിൻ;
അവിടുന്ന് മഹത്ത്വപൂർവം വിജയിച്ചിരിക്കുന്നു;
അശ്വങ്ങളെയും അശ്വാരൂഢരെയും
അവിടുന്ന് ആഴിയിൽ എറിഞ്ഞല്ലോ.”
22മോശ ഇസ്രായേൽജനത്തെ ചെങ്കടലിൽനിന്നു മുമ്പോട്ടു നയിച്ചു; അവർ ശൂർമരുഭൂമിയിലെത്തി; മൂന്നു ദിവസം യാത്രചെയ്തിട്ടും അവർ എങ്ങും വെള്ളം കണ്ടെത്തിയില്ല; 23ഒടുവിൽ ഒരിടത്ത് അവർ വെള്ളം കണ്ടു. അത് കുടിക്കാനാവാത്തവിധം കയ്പുള്ളതായിരുന്നു. ആ സ്ഥലത്തിന് #15:23 മാറാ = കയ്പ് മാറാ എന്ന പേരു ലഭിച്ചു. 24“ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞു ജനം മോശയ്‍ക്കെതിരെ പിറുപിറുത്തു. 25മോശ സർവേശ്വരനോടപേക്ഷിച്ചു; അവിടുന്ന് ഒരു മരം കാണിച്ചുകൊടുത്തു. മോശ അത് ആ വെള്ളത്തിലിട്ടപ്പോൾ അതു മധുരജലമായിത്തീർന്നു. അവിടെവച്ച് സർവേശ്വരൻ ജനത്തിന് നിയമം നല്‌കി; അവിടുന്ന് അവരെ പരീക്ഷിച്ചു. 26അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവർത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താൽ ഈജിപ്തുകാർക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങൾക്ക് സൗഖ്യം നല്‌കുന്ന സർവേശ്വരൻ ആകുന്നു. 27പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവുകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; നീരുറവുകൾക്കരികെ അവർ പാളയമടിച്ചു.

Currently Selected:

EXODUS 15: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy