YouVersion Logo
Search Icon

EXODUS 12

12
പെസഹ
1സർവേശ്വരൻ ഈജിപ്തിൽവച്ച് മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“ഈ മാസം നിങ്ങൾക്ക് വർഷത്തിന്റെ ആദ്യമാസം ആയിരിക്കണം. 3ഇസ്രായേൽജനത്തോടു പറയുക: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻകുട്ടിയെ തന്റെ കുടുംബത്തിനുവേണ്ടി വേർതിരിക്കണം. 4ഒരു ആട്ടിൻകുട്ടിയെ മുഴുവൻ ഭക്ഷിക്കാൻ വേണ്ടവർ ഒരു കുടുംബത്തിൽ ഇല്ലാതിരുന്നാൽ അതിനെ അയൽവീട്ടിലെ അംഗങ്ങളുടെ എണ്ണംകൂടി കണക്കാക്കി പങ്കുവയ്‍ക്കണം. ഭക്ഷിക്കാനുള്ള കഴിവു നോക്കി വേണം ഒരാടിന് എത്ര പേർ എന്നു നിശ്ചയിക്കേണ്ടത്. 5ആട് ഒരു വയസ്സു തികഞ്ഞ കുറ്റമറ്റ ആൺകുട്ടി ആയിരിക്കണം. ചെമ്മരിയാടോ കോലാടോ ആകാം. 6ഈ മാസം പതിന്നാലാം തീയതിവരെ നിങ്ങൾ അതിനെ സൂക്ഷിക്കണം. പതിന്നാലാം ദിവസം വൈകുന്നേരം എല്ലാ ഇസ്രായേല്യരും തങ്ങളുടെ ആട്ടിൻകുട്ടിയെ കൊല്ലണം. 7അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ ഭക്ഷിക്കാൻ കൂടിയിരിക്കുന്ന വീടിന്റെ കട്ടിളക്കാലിലും മുകൾപ്പടിയിലും പുരട്ടണം. 8അന്നു രാത്രി മാംസം ചുട്ട് പുളിപ്പുചേർക്കാത്ത അപ്പവും കയ്പുചീരയും ചേർത്തു ഭക്ഷിക്കണം. 9പച്ചയ്‍ക്കോ വെള്ളത്തിൽ വേവിച്ചോ മാംസം ഭക്ഷിക്കരുത്. മൃഗത്തെ മുഴുവനും തലയും കാലുകളും ഉൾഭാഗങ്ങളും ഉൾപ്പെടെ ചുട്ട് ഭക്ഷിക്കണം. 10അതിൽ അല്പം പോലും അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കരുത്. ബാക്കി വരുന്നതു ദഹിപ്പിച്ചുകളയണം. 11അര മുറുക്കി, ചെരുപ്പു ധരിച്ച്, കൈയിൽ വടിയും പിടിച്ചുകൊണ്ട് തിടുക്കത്തിൽ നിങ്ങൾ അതു ഭക്ഷിക്കണം. അതു സർവേശ്വരന്റെ പെസഹ ആണല്ലോ. 12“അന്നുരാത്രി ഞാൻ ഈജിപ്തിലൂടെ കടന്നുപോകും; അവിടെയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽസന്തതികളെ ഞാൻ സംഹരിക്കും. ഈജിപ്തിലെ എല്ലാ ദേവന്മാരുടെയുംമേൽ ഞാൻ ശിക്ഷാവിധി നടത്തും; ഞാൻ സർവേശ്വരൻ ആകുന്നു. 13നിങ്ങൾ പാർക്കുന്ന വീടുകൾക്ക് രക്തം അടയാളമായിരിക്കും; അതു കാണുമ്പോൾ ഞാൻ നിങ്ങളെ കടന്നുപോകും; ഈജിപ്തുകാരെ ഞാൻ സംഹരിക്കുമ്പോൾ, ഒരു ബാധയും നിങ്ങളെ നശിപ്പിക്കുകയില്ല. 14ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കണം; സർവേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിൻതലമുറകൾ എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം
15“ഏഴു ദിവസത്തേക്കു നിങ്ങൾ പുളിപ്പു ചേർക്കാത്ത അപ്പം ഭക്ഷിക്കണം. ആദ്യദിവസം തന്നെ പുളിമാവ് വീട്ടിൽനിന്നു നീക്കിക്കളയണം. ആരെങ്കിലും ഈ ഏഴു ദിനങ്ങളിൽ എന്നെങ്കിലും പുളിമാവു ചേർത്ത അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം. 16ഒന്നാം ദിവസവും ഏഴാം ദിവസവും നിങ്ങൾ വിശുദ്ധ ആരാധനയ്‍ക്ക് ഒന്നിച്ചുകൂടണം. ആ ദിവസങ്ങളിൽ ഒരു ജോലിയും ചെയ്യരുത്. ഭക്ഷണം പാകംചെയ്യുക മാത്രം ആകാം. 17പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവദിനം നിങ്ങൾ ആചരിക്കണം. ഈ ദിവസമാണല്ലോ ഞാൻ നിങ്ങളെ കൂട്ടംകൂട്ടമായി ഈജിപ്തിൽനിന്നു വിമോചിപ്പിച്ചത്. അതുകൊണ്ടു നിങ്ങളുടെ പിൻതലമുറകൾ ഈ ദിനം ആചരിക്കണമെന്നത് ഒരു ശാശ്വതനിയമമാകുന്നു. 18ഒന്നാം മാസം പതിന്നാലാം ദിവസം സന്ധ്യമുതൽ ഇരുപത്തിയൊന്നാം ദിവസം സന്ധ്യവരെ പുളിപ്പില്ലാത്ത അപ്പം മാത്രമേ നിങ്ങൾ ഭക്ഷിക്കാവൂ. 19ഏഴു ദിവസത്തേക്കു നിങ്ങളുടെ ഭവനങ്ങളിൽ ഒരിടത്തും പുളിമാവു കാണരുത്. ആരെങ്കിലും സ്വദേശിയോ വിദേശിയോ ആകട്ടെ, ഈ ദിവസങ്ങളിൽ പുളിപ്പുള്ള അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം. 20പുളിപ്പുചേർത്ത യാതൊന്നും നിങ്ങൾ ഭക്ഷിക്കരുത്; നിങ്ങൾ വസിക്കുന്നിടത്തെല്ലാം പുളിപ്പു ചേർക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.”
ഒന്നാമത്തെ പെസഹ
21പിന്നീട് മോശ ഇസ്രായേലിലെ പ്രമുഖന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനൊത്തവിധം പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അവയെ കൊല്ലണം. 22അതിന്റെ രക്തം കുറെ ഒരു പാത്രത്തിൽ എടുത്ത് ഈസോപ്പ്ചെടിയുടെ കുറെ ചില്ലകൾ ചേർത്തു കെട്ടിയതു രക്തത്തിൽ മുക്കി കട്ടിളക്കാലുകളിലും മുകൾപ്പടിയിലും പുരട്ടണം. നിങ്ങളിൽ ആരും പുലരുവോളം പുറത്തു പോകരുത്. 23ഈജിപ്തുകാരെ സംഹരിക്കാൻ സർവേശ്വരൻ വരും. കട്ടിളക്കാലുകളിലും മുകൾപ്പടിയിലും രക്തം കാണുമ്പോൾ സർവേശ്വരൻ വാതിൽ ഒഴിഞ്ഞുമാറി കടന്നുപോകും. നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിച്ച് ആരെയും നശിപ്പിക്കാൻ അവിടുന്ന് സംഹാരകനെ അനുവദിക്കുകയില്ല. 24ഈ ആചാരം നിങ്ങളും നിങ്ങളുടെ മക്കളും എല്ലാക്കാലവും അനുഷ്ഠിക്കേണ്ട നിയമമാണ്. 25സർവേശ്വരൻ വാഗ്ദാനം ചെയ്തിരിക്കുന്ന ദേശത്ത് പ്രവേശിച്ചശേഷവും നിങ്ങൾ ഇത് അനുഷ്ഠിക്കണം. 26എന്തിന് ഇത് അനുഷ്ഠിക്കുന്നുവെന്ന് നിങ്ങളുടെ മക്കൾ ചോദിച്ചാൽ, 27‘ഇത് സർവേശ്വരന്റെ പെസഹായാഗം. അവിടുന്ന് ഒഴിഞ്ഞു കടന്നുപോയി; അങ്ങനെ നമ്മുടെ ഭവനങ്ങളെ രക്ഷിച്ചു’ എന്നു പറയണം.” അപ്പോൾ ജനം സാഷ്ടാംഗം വീണു വണങ്ങി. 28മോശയോടും അഹരോനോടും സർവേശ്വരൻ കല്പിച്ചതുപോലെ ചെയ്തു.
ആദ്യജാതന്മാരെ സംഹരിക്കുന്നു
29സിംഹാസനസ്ഥനായ ഫറവോയുടെ ആദ്യജാതനെമുതൽ തടവറയിൽ കിടന്നിരുന്നവന്റെ ആദ്യജാതനെവരെ സർവേശ്വരൻ സംഹരിച്ചു. മൃഗങ്ങളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു. 30രാത്രിയിൽ ഫറവോയും ഉദ്യോഗസ്ഥന്മാരും ഈജിപ്തിലുള്ള സർവജനവും ഉണർന്നു; ദേശത്തെങ്ങും വലിയ വിലാപം ഉണ്ടായി. കാരണം ഒരു മരണമെങ്കിലും സംഭവിക്കാത്ത ഒരു ഭവനവും അവിടെ ഉണ്ടായിരുന്നില്ല. 31രാജാവ് രാത്രിയിൽത്തന്നെ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “എന്റെ ജനത്തിന്റെ ഇടയിൽനിന്നു നിങ്ങളും നിങ്ങളുടെ ജനവും നിങ്ങൾ പറഞ്ഞതുപോലെ സർവേശ്വരനെ ആരാധിക്കാൻ പൊയ്‍ക്കൊള്ളുക. 32നിങ്ങൾ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ കന്നുകാലികളെയും ആട്ടിൻപറ്റങ്ങളെയും കൂടെ കൊണ്ടുപോകാം. പോകുമ്പോൾ എന്നെ അനുഗ്രഹിക്കുകയും വേണം.” 33അവരുടെ ഇടയിൽ കൂട്ടമരണം ഉണ്ടാകുമെന്നു ഭയന്ന് ഇസ്രായേല്യരെ ദേശത്തുനിന്ന് പറഞ്ഞയയ്‍ക്കാൻ ഈജിപ്തുകാർ തിടുക്കം കൂട്ടി. 34അതിനാൽ മാവു പുളിക്കുന്നതിനു മുമ്പുതന്നെ ജനം അതു പാത്രത്തോടെ തുണിയിൽ കെട്ടി ചുമലിലേറ്റി. 35മോശ പറഞ്ഞതുപോലെ തന്നെ, ഇസ്രായേൽജനം ഈജിപ്തുകാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചിരുന്നു. 36ഇസ്രായേല്യർ ചോദിക്കുന്നതെന്തും കൊടുക്കാനുള്ള സന്മനസ്സ് സർവേശ്വരൻ ഈജിപ്തിലെ ജനങ്ങൾക്കു നല്‌കിയിരുന്നു; അങ്ങനെ അവർ ഈജിപ്തുകാരുടെ സമ്പത്തും കൈക്കലാക്കി.
ഇസ്രായേൽജനം ഈജിപ്തു വിടുന്നു
37ഇസ്രായേൽജനം രമെസേസിൽനിന്നു സുക്കോത്തിലേക്കു കാൽനടയായി പുറപ്പെട്ടു; സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ പുരുഷന്മാർ മാത്രം ഏകദേശം ആറു ലക്ഷം പേർ ഉണ്ടായിരുന്നു. 38ഇസ്രായേല്യരല്ലാത്ത ഒട്ടേറെ ആളുകളും ആടുമാടുകൾ അടങ്ങിയ മൃഗസഞ്ചയവും അവരോടൊപ്പം പോയി. 39ഈജിപ്തിൽനിന്നും തിടുക്കത്തിൽ പുറപ്പെടേണ്ടി വന്നതിനാൽ അവർക്കു ഭക്ഷണം തയ്യാറാക്കുന്നതിനോ മാവു പുളിപ്പിക്കുന്നതിനോ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവർ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി.
40ഇസ്രായേൽജനം നാനൂറ്റിമുപ്പതു വർഷം ഈജിപ്തിൽ താമസിച്ചു. 41നാനൂറ്റിമുപ്പതു വർഷം തികഞ്ഞ ദിവസം തന്നെ സർവേശ്വരന്റെ ജനസമൂഹം ഈജിപ്തു വിട്ടു. 42ഈജിപ്തിൽനിന്ന് അവരെ മോചിപ്പിക്കാൻ സർവേശ്വരൻ ജാഗ്രതയോടെ കാത്തിരുന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് ഇസ്രായേൽജനം തലമുറതലമുറയായി ഈ രാത്രി ജാഗ്രതയോടെ കാത്തിരുന്നു സർവേശ്വരന്റെ രാത്രിയായി ആചരിക്കണം.
പെസഹ ആചരിക്കേണ്ട വിധം
43സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹ ആചരിക്കാനുള്ള ചട്ടം ഇതാണ്: വിദേശികൾ ആരും പെസഹ ഭക്ഷിക്കാൻ ഇടയാകരുത്. 44എന്നാൽ നിങ്ങൾ വിലയ്‍ക്കു വാങ്ങിയ അടിമ പരിച്ഛേദിതനെങ്കിൽ പെസഹ ഭക്ഷിച്ചുകൊള്ളട്ടെ. 45പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്. 46ഭവനത്തിനുള്ളിൽ വച്ചുതന്നെ അതു ഭക്ഷിക്കണം. മാംസത്തിൽ അല്പംപോലും പുറത്തു കൊണ്ടുപോകരുത്. അസ്ഥി ഒന്നും ഒടിക്കയുമരുത്. 47ഇസ്രായേൽസമൂഹം മുഴുവനും ഇത് ആചരിക്കണം. 48നിങ്ങളുടെകൂടെ പാർക്കുന്ന പരദേശിക്ക് സർവേശ്വരന്റെ പെസഹ ആചരിക്കണമെന്ന് ആഗ്രഹം ജനിച്ചാൽ അയാളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം സ്വീകരിക്കട്ടെ. പിന്നെ അയാൾക്ക് പെസഹ ആചരിക്കാം. അയാളെ സ്വദേശിയായി കരുതണം. പരിച്ഛേദനം ഏല്‌ക്കാത്ത ഒരുവനും അതു ഭക്ഷിക്കരുത്. 49സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെ. 50സർവേശ്വരൻ മോശയോടും അഹരോനോടും കല്പിച്ചതെല്ലാം ഇസ്രായേൽജനം അനുഷ്ഠിച്ചു. 51ഇസ്രായേൽജനങ്ങളെ അന്നുതന്നെ സർവേശ്വരൻ കൂട്ടംകൂട്ടമായി ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു.

Currently Selected:

EXODUS 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy