YouVersion Logo
Search Icon

ESTHERI 3

3
ഹാമാന്റെ ഗൂഢാലോചന
1ഇവയെല്ലാം കഴിഞ്ഞശേഷം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‌കി; അങ്ങനെ സകല പ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം അയാൾക്കു ലഭിച്ചു. 2കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെല്ലാം ഹാമാനെ കുമ്പിട്ടു വണങ്ങിവന്നു; അങ്ങനെ ചെയ്യണമെന്നു രാജകല്പന ഉണ്ടായിരുന്നു. എന്നാൽ മൊർദ്ദെഖായി അയാളെ കുമ്പിടുകയോ, വണങ്ങുകയോ ചെയ്തില്ല. 3“രാജകല്പന ലംഘിക്കുന്നതെന്ത്?” എന്നു കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാർ മൊർദ്ദെഖായിയോടു ചോദിച്ചു. 4ഇങ്ങനെ പല ദിവസം പറഞ്ഞിട്ടും അവരുടെ വാക്കു കേൾക്കായ്കയാൽ അവർ വിവരം ഹാമാനെ അറിയിച്ചു. മൊർദ്ദെഖായിയുടെ പെരുമാറ്റം ക്ഷമിക്കത്തക്കതാണോ എന്നറിയാനായിരുന്നു അവർ അങ്ങനെ ചെയ്തത്. കാരണം, താൻ ഒരു യെഹൂദനാണെന്നു അയാൾ അവരോടു പറഞ്ഞിരുന്നു. 5മൊർദ്ദെഖായി തന്നെ കുമ്പിട്ടു വണങ്ങുന്നില്ല എന്നറിഞ്ഞപ്പോൾ ഹാമാൻ കുപിതനായി. 6മൊർദ്ദെഖായി ഏതു വർഗത്തിൽപ്പെട്ടവനാണെന്ന് അവർ ഹാമാനോടു പറഞ്ഞിരുന്നു; മൊർദ്ദെഖായിയെ മാത്രം നശിപ്പിച്ചാൽ പോരെന്ന് അയാൾക്കു തോന്നി. അതിനാൽ അഹശ്വേരോശിന്റെ രാജ്യത്തെങ്ങുമുള്ള സകല യെഹൂദന്മാരെയും മൊർദ്ദെഖായിയോടൊപ്പം നശിപ്പിക്കാൻ ഹാമാൻ അവസരം പാർത്തു. 7അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷം ആദ്യമാസമായ നീസാം മാസം മുതൽ പന്ത്രണ്ടാം മാസമായ ആദാർവരെ എല്ലാ ദിവസവും ഹാമാന്റെ മുമ്പിൽവച്ച് പൂര് അതായത് ‘കുറി’ ഇട്ടുനോക്കി. 8പിന്നീട് ഹാമാൻ അഹശ്വേരോശ്‍രാജാവിനോട് പറഞ്ഞു: “അങ്ങയുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഇടയിൽ ഒരു പ്രത്യേക ജനത ചിന്നിച്ചിതറി കിടക്കുന്നു; അവരുടെ നിയമങ്ങൾ മറ്റുള്ള ജനതകളുടേതിൽനിന്നും വ്യത്യസ്തമാണ്; അവർ രാജാവിന്റെ നിയമങ്ങൾ പാലിക്കുന്നില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിന് നന്നല്ല. 9രാജാവിന് സമ്മതമെങ്കിൽ അവരെ നശിപ്പിക്കാൻ കല്പന പുറപ്പെടുവിച്ചാലും. ഈ കല്പന നിറവേറ്റാൻ ഞാൻ പതിനായിരം താലന്ത് വെള്ളി രാജഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ കാര്യവിചാരകന്മാരെ ഏല്പിക്കാം.” 10അപ്പോൾ രാജാവ് തന്റെ മുദ്രമോതിരം ഊരി ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാനെ ഏല്പിച്ചു. 11പിന്നീട് ഹാമാനോടു പറഞ്ഞു: “ആ വെള്ളി നിന്റെ കൈയിൽത്തന്നെ ഇരിക്കട്ടെ. നിന്റെ ഇഷ്ടംപോലെ ആ ജനതയോടു പ്രവർത്തിച്ചുകൊള്ളുക.” 12ഒന്നാം മാസം പതിമൂന്നാം ദിവസം രാജാവിന്റെ കാര്യദർശികളെ വിളിച്ചുകൂട്ടി; ഹാമാൻ ആജ്ഞാപിച്ചതുപോലെ അവർ ഭരണാധിപന്മാർക്കും ഓരോ സംസ്ഥാനത്തെയും ദേശാധിപതികൾക്കും ജനതകളിലെ പ്രഭുക്കന്മാർക്കും ആയി ഒരു വിളംബരം എഴുതി. അതതു സംസ്ഥാനത്തെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും അഹശ്വേരോശ്‍രാജാവിന്റെ നാമത്തിൽ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു. 13പന്ത്രണ്ടാം മാസമായ ആദാർ മാസം പതിമൂന്നാം ദിവസംതന്നെ യുവാക്കളും വൃദ്ധരും കുട്ടികളും സ്‍ത്രീകളുമടക്കം സകല യെഹൂദന്മാരെയും കൊന്നൊടുക്കി വംശനാശം വരുത്തണമെന്നും അവരുടെ വസ്തുവകകൾ കൈവശപ്പെടുത്തണമെന്നും രാജാവിന്റെ സകല സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ വഴി വിളംബരം അയച്ചു. 14എല്ലാ ജനതകളും ആ ദിവസം തയ്യാറായിരിക്കുന്നതിനുവേണ്ടി പരസ്യം ചെയ്യാൻ കൊടുത്തയച്ച വിളംബരത്തിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തും പ്രസിദ്ധപ്പെടുത്തി. 15രാജകല്പനപ്രകാരം സന്ദേശവാഹകർ തിടുക്കത്തിൽ പുറപ്പെട്ടു. തലസ്ഥാനമായ ശൂശനിലും ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിക്കാൻ ഇരുന്നു. എന്നാൽ ശൂശൻ നഗരം അസ്വസ്ഥമായി.

Currently Selected:

ESTHERI 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy