YouVersion Logo
Search Icon

ESTHERI 1

1
രാജാവിന്റെ വിരുന്ന്
1-2ശൂശൻരാജധാനിയിലെ സിംഹാസനത്തിൽ ഇരുന്ന് ഇന്ത്യമുതൽ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങൾ അഹശ്വേരോശ്‍രാജാവ് ഭരിച്ചിരുന്നു. 3അദ്ദേഹത്തിന്റെ വാഴ്ചയുടെ മൂന്നാം വർഷം തന്റെ സകല പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കുംവേണ്ടി ഒരു വിരുന്നു കഴിച്ചു. പേർഷ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാരും ദേശാധിപതികളും അതിൽ പങ്കെടുത്തു. 4അങ്ങനെ നൂറ്റിയെൺപതു ദിവസം തന്റെ രാജകീയ മഹത്ത്വവും പ്രതാപവും സമൃദ്ധിയുമെല്ലാം അദ്ദേഹം പ്രദർശിപ്പിച്ചു. 5അതിനുശേഷം വലുപ്പചെറുപ്പഭേദംകൂടാതെ, തലസ്ഥാനമായ ശൂശനിലുള്ള സകല ജനങ്ങൾക്കും കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തിൽവച്ച് ഏഴു ദിവസം നീണ്ടുനിന്ന വിരുന്നു നടത്തി. 6അവിടെ മാർബിൾ സ്തംഭങ്ങളിലുള്ള വെള്ളി വളയങ്ങളിൽ ചുവന്നു നേർത്ത ലിനൻനൂലുകൾ പിടിപ്പിച്ചു, പരുത്തിത്തുണികൊണ്ടുള്ള വെള്ളയും നീലയുമായ യവനികകൾ തൂക്കിയിട്ടിരുന്നു. ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള കല്ലുകൾ പാകിയ തളത്തിൽ സ്വർണവും വെള്ളിയുംകൊണ്ടു നിർമ്മിച്ച മഞ്ചങ്ങളും ഉണ്ടായിരുന്നു. 7സ്വർണപ്പാത്രങ്ങളിലാണ് അവർക്കു പാനീയങ്ങൾ പകർന്നിരുന്നത്. രാജോചിതമായവിധം സമൃദ്ധമായി വീഞ്ഞ് വിളമ്പി. 8മദ്യപാനത്തിനു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല; ആരെയും അതിനു നിർബന്ധിച്ചിരുന്നുമില്ല. ‘എല്ലാവരും യഥേഷ്ടം കുടിച്ചുകൊള്ളട്ടെ’ എന്നു രാജാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരോടു കല്പിച്ചിരുന്നു. 9അഹശ്വേരോശ്‍രാജാവിന്റെ കൊട്ടാരത്തിലെ സ്‍ത്രീകൾക്കു വസ്ഥിരാജ്ഞിയും വിരുന്നു നല്‌കി. 10ഏഴാം ദിവസം വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ് രാജസേവകരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ധാ, അബഗ്ധാ, സേഥർ, കർക്കസ് എന്നീ ഏഴു ഷണ്ഡന്മാരോട് കല്പിച്ചു: 11ജനത്തെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാൻ അവരെ രാജകീയകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരിക.” രാജ്ഞി കാഴ്ചയിൽ സുമുഖി ആയിരുന്നു. 12എന്നാൽ രാജകല്പന അനുസരിച്ചു രാജസന്നിധിയിൽ ചെല്ലാൻ രാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു. 13-14നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിന്റെ പതിവായിരുന്നു. രാജാവ് അവരോട് അന്വേഷിച്ചു. രാജാവിനോട് അടുത്തു കഴിയുന്നവരും തന്റെ രാജ്യത്തെ പ്രമുഖരും പേർഷ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുമായ കെർശനാ, ശേഥാർ, അദ്മാഥ, തർശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നീ ഏഴു പേരോടു രാജാവ് ചോദിച്ചു: 15“നിയമമനുസരിച്ച് വസ്ഥിരാജ്ഞിയോട് എന്തു ചെയ്യണം? അഹശ്വേരോശ്‍രാജാവ് ഷണ്ഡന്മാർ മുഖേന അറിയിച്ച കല്പന അവർ അനുസരിച്ചില്ലല്ലോ.” 16രാജാവിനോടും പ്രഭുക്കന്മാരോടുമായി മെമൂഖാൻ പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, എല്ലാ പ്രഭുക്കന്മാരോടും രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സകല ജനത്തോടും തെറ്റു ചെയ്തിരിക്കുന്നു. 17രാജ്ഞിയുടെ ഈ പെരുമാറ്റം സ്‍ത്രീകളെല്ലാം അറിയും. “തന്റെ മുമ്പിൽ വരാൻ അഹശ്വേരോശ്‍രാജാവ് കല്പിച്ചിട്ടും വസ്ഥിരാജ്ഞി ചെന്നില്ലല്ലോ’ എന്നു പറഞ്ഞ് അവർ ഭർത്താക്കന്മാരെ നിന്ദിക്കും. 18രാജ്ഞിയുടെ പെരുമാറ്റത്തെക്കുറിച്ചു കേട്ട പേർഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാരും ഭർത്താക്കന്മാരോട് അങ്ങനെതന്നെ പറയും; അങ്ങനെ അനാദരവും അമർഷവും ദേശത്തെല്ലാം ഉണ്ടാകും. 19രാജാവിനു സമ്മതമെങ്കിൽ വസ്ഥിരാജ്ഞി മേലിൽ അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ വരരുത് എന്നു കല്പന പുറപ്പെടുവിക്കണം; അതിനു മാറ്റം വരാതിരിക്കാൻ പേർഷ്യരുടെയും മേദ്യരുടെയും നിയമപുസ്തകത്തിൽ അത് എഴുതിച്ചേർക്കണം. രാജ്ഞിസ്ഥാനം അവരെക്കാൾ ഉത്തമയായ മറ്റൊരുവൾക്കു കൊടുക്കുകയും വേണം. 20വിസ്തൃതമായ രാജ്യമെങ്ങും കല്പന പ്രസിദ്ധമാകുമ്പോൾ വലിയവരും ചെറിയവരുമായ സകല സ്‍ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.” 21ഇതു രാജാവിനും പ്രഭുക്കന്മാർക്കും ഹിതകരമായി; രാജാവ് മെമൂഖാന്റെ നിർദ്ദേശംപോലെ പ്രവർത്തിച്ചു. 22ഓരോ പുരുഷനും തന്റെ വീട്ടിൽ അധിപനായിരിക്കണമെന്നും സ്വന്തഭാഷ സംസാരിക്കണമെന്നും ആജ്ഞാപിച്ചുകൊണ്ട് രാജാവ് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തുകൾ അയച്ചു. ഓരോ സംസ്ഥാനത്തേക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്‍ക്കും അവരുടെ ഭാഷയിലും ആയിരുന്നു കത്തുകൾ അയച്ചത്.

Currently Selected:

ESTHERI 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy