YouVersion Logo
Search Icon

EFESI 4

4
ശരീരത്തിന്റെ ഐക്യം
1കർത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തിൽ ജീവിക്കുക. 2എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വർത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം. 3നിങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്‌കുന്ന ഐക്യം നിലനിറുത്തുവാൻ പരമാവധി ശ്രമിക്കുക. 4നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്; 5കർത്താവ് ഒരുവൻ; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്. 6സർവമനുഷ്യവർഗത്തിന്റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതൻ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവർത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു.
7ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിനനുസൃതമായി നമുക്കോരോരുത്തർക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു. 8വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ:
അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോൾ
അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി;
അവിടുന്നു മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കി.
9‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ? 10അതുകൊണ്ട് താഴേക്ക് ഇറങ്ങിയവൻ സകല സ്വർഗങ്ങൾക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു. 11മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു. 12-13ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ നിർമാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്‍ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേർന്നുവരും; ക്രിസ്തുവിന്റെ പൂർണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും. 14കൗശലത്താൽ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന വഞ്ചകരായ മനുഷ്യരുണ്ട്. അവരുടെ ഉപദേശമാകുന്ന കാറ്റിനാലും തിരമാലകളാലും ചിതറിക്കുകയും ഉലയ്‍ക്കുകയും ചെയ്യുവാൻ തക്കവണ്ണം നാം ഇനിമേൽ ശിശുക്കളാകരുത്. 15നേരേമറിച്ച് സ്നേഹപൂർവം സത്യം പ്രഘോഷിച്ചുകൊണ്ട് നമ്മുടെ ശിരസ്സാകുന്ന ക്രിസ്തുവിനോളം എല്ലാവിധത്തിലും നാം വളരണം. 16അവിടുത്തെ നിയന്ത്രണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിയിണക്കപ്പെട്ട്, എല്ലാ സന്ധിബന്ധങ്ങൾകൊണ്ടും ശരീരത്തെ ആകമാനം സംഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഓരോ അവയവവും അതിൻറേതായ പ്രവൃത്തിചെയ്യുമ്പോൾ ശരീരം ആസകലം വളരുകയും സ്നേഹത്തിലൂടെ പടുത്തുയുർത്തപ്പെടുകയും ചെയ്യുന്നു.
ക്രിസ്തുവിലൂടെയുള്ള നൂതനജീവിതം
17കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയട്ടെ: വിജാതീയരെപ്പോലെ നിങ്ങൾ ഇനി വ്യർഥചിന്തകളനുസരിച്ചു ജീവിക്കരുത്. 18അവരുടെ മനസ്സ് അന്ധകാരത്തിലാണ്ടിരിക്കുന്നു. അവർ തികച്ചും അജ്ഞരും വഴങ്ങാത്ത പ്രകൃതമുള്ളവരുമാകയാൽ ദൈവം നല്‌കുന്ന ജീവനിൽ അവർക്കു പങ്കില്ല. 19അവർ ലജ്ജയില്ലാത്തവരായിത്തീർന്നിരിക്കുന്നു; യാതൊരു സംയമവും കൂടാതെ ദുർമാർഗ ജീവിതത്തിനും എല്ലാവിധ അയോഗ്യമായ നടപടികൾക്കും അവർ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു.
20നിങ്ങൾ ക്രിസ്തുവിനെപ്പറ്റി പഠിച്ചത് ഇതല്ലല്ലോ. 21നിശ്ചയമായും നിങ്ങൾ ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടുണ്ട്. അവിടുത്തെ അനുയായികൾ എന്ന നിലയിൽ യേശുവിൽ അന്തർഭവിച്ചിരിക്കുന്ന സത്യം നിങ്ങൾ പഠിച്ചിട്ടുമുണ്ട്. 22പൂർവകാലജീവിതത്തിനു നിങ്ങളെ പ്രേരിപ്പിച്ച പഴയ മനുഷ്യപ്രകൃതി ഉപേക്ഷിക്കുക. വഞ്ചനാത്മകമായ ദുർമോഹങ്ങൾകൊണ്ട് ആ പഴയ മനുഷ്യൻ നശിക്കുന്നു. 23നിങ്ങളുടെ ഹൃദയവും മനസ്സും സമ്പൂർണമായി നവീകരിക്കപ്പെടണം. 24യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്‍ടിക്കപ്പെട്ട പുതിയ മനുഷ്യപ്രകൃതി ധരിച്ചുകൊള്ളുക.
25അതിനാൽ ഇനി നിങ്ങൾ വ്യാജം പറയരുത്! നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം. 26കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യൻ അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്. 27സാത്താന് അവസരം കൊടുക്കരുതല്ലോ. 28മോഷ്‍ടിച്ചിരുന്നവർ ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാൻ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയിൽ ഏർപ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം. 29നിങ്ങളുടെ വായിൽനിന്ന് ദുർഭാഷണം പുറപ്പെടരുത്. കേൾക്കുന്നവർക്കു നന്മയുണ്ടാകത്തക്കവണ്ണം നിങ്ങളുടെ വാക്കുകൾ സന്ദർഭോചിതവും, ശ്രോതാവിന് ആത്മീയമായ പ്രചോദനം പ്രദാനം ചെയ്യുന്നതുമായിരിക്കണം. 30ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; നിങ്ങളുടെ വീണ്ടെടുപ്പിന്റെ ദിവസത്തിലേക്കു ദൈവത്തിന്റെ വകയായി നിങ്ങളെ മുദ്രയിട്ടിരിക്കുന്നത് ആ പരിശുദ്ധാത്മാവിനാലാണല്ലോ; 31എല്ലാ വിദ്വേഷവും ക്രോധവും അമർഷവും ഉപേക്ഷിക്കുക; അട്ടഹാസവും, ദൂഷണവും, എന്നല്ല എല്ലാ പകയും നിങ്ങളിൽനിന്നു വിട്ടുപോകട്ടെ. ദയയോടും മനസ്സലിവോടുംകൂടി അന്യോന്യം പെരുമാറുകയും, ദൈവം നിങ്ങളോടു ക്രിസ്തു മുഖേന ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുകയും ചെയ്യുക.

Currently Selected:

EFESI 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy