YouVersion Logo
Search Icon

EFESI 4:4-16

EFESI 4:4-16 MALCLBSI

നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്; കർത്താവ് ഒരുവൻ; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്. സർവമനുഷ്യവർഗത്തിന്റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതൻ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവർത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിനനുസൃതമായി നമുക്കോരോരുത്തർക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ: അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോൾ അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി; അവിടുന്നു മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കി. ‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ? അതുകൊണ്ട് താഴേക്ക് ഇറങ്ങിയവൻ സകല സ്വർഗങ്ങൾക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു. മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ നിർമാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്‍ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേർന്നുവരും; ക്രിസ്തുവിന്റെ പൂർണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും. കൗശലത്താൽ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന വഞ്ചകരായ മനുഷ്യരുണ്ട്. അവരുടെ ഉപദേശമാകുന്ന കാറ്റിനാലും തിരമാലകളാലും ചിതറിക്കുകയും ഉലയ്‍ക്കുകയും ചെയ്യുവാൻ തക്കവണ്ണം നാം ഇനിമേൽ ശിശുക്കളാകരുത്. നേരേമറിച്ച് സ്നേഹപൂർവം സത്യം പ്രഘോഷിച്ചുകൊണ്ട് നമ്മുടെ ശിരസ്സാകുന്ന ക്രിസ്തുവിനോളം എല്ലാവിധത്തിലും നാം വളരണം. അവിടുത്തെ നിയന്ത്രണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിയിണക്കപ്പെട്ട്, എല്ലാ സന്ധിബന്ധങ്ങൾകൊണ്ടും ശരീരത്തെ ആകമാനം സംഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഓരോ അവയവവും അതിൻറേതായ പ്രവൃത്തിചെയ്യുമ്പോൾ ശരീരം ആസകലം വളരുകയും സ്നേഹത്തിലൂടെ പടുത്തുയുർത്തപ്പെടുകയും ചെയ്യുന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy