YouVersion Logo
Search Icon

EFESI 1:3-14

EFESI 1:3-14 MALCLBSI

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നമുക്കു സ്തുതിക്കാം. എന്തെന്നാൽ ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള നമ്മുടെ ജീവിതത്തിൽ സ്വർഗത്തിലെ എല്ലാ ആത്മീയനൽവരങ്ങളും നല്‌കി അവിടുന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. തന്റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ തിരഞ്ഞെടുത്തു. യേശുക്രിസ്തു മുഖേന നമ്മെ അവിടുത്തെ പുത്രന്മാരാക്കണമെന്നു സ്നേഹം നിമിത്തം ദൈവം മുൻകൂട്ടി തീരുമാനിച്ചു; ഇതായിരുന്നു അവിടുത്തെ ലക്ഷ്യവും പ്രീതിയും. അവിടുത്തെ മഹത്തായ കൃപയ്‍ക്കും അവിടുത്തെ പുത്രൻ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം. ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അതായത് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ കൃപ എത്ര വലുത്! ഈ കൃപയാകട്ടെ, അവിടുന്നു സമൃദ്ധമായി നമുക്കു നല്‌കി. ദൈവം തന്റെ സകല വിവേകത്തിലും ഉൾക്കാഴ്ചയിലും താൻ ഉദ്ദേശിച്ചതു ചെയ്തു. ക്രിസ്തു മുഖേന പൂർത്തീകരിക്കുവാൻ നേരത്തെ നിശ്ചയിച്ചിരുന്ന കർമപദ്ധതിയുടെ മർമ്മം നമ്മെ അറിയിക്കുകയും ചെയ്തു. കാലത്തികവിൽ ദൈവം പൂർത്തിയാക്കുന്ന ഈ പദ്ധതി സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കുക എന്നതാകുന്നു. ദൈവത്തിന്റെ പദ്ധതിയും നിശ്ചയവും അനുസരിച്ചത്രേ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. ആദിമുതലുള്ള അവിടുത്തെ നിശ്ചയപ്രകാരം, സ്വന്തം ഇച്ഛയനുസരിച്ചു ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു. അതിനാൽ എല്ലാവർക്കും മുമ്പെ ക്രിസ്തുവിൽ പ്രത്യാശ അർപ്പിച്ചവരായ നമുക്ക് ദൈവത്തിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കാം. നിങ്ങൾക്കു രക്ഷ കൈവരുത്തുന്ന യഥാർഥ സന്ദേശമായ സുവിശേഷം ശ്രവിച്ച്, നിങ്ങളും ദൈവത്തിന്റെ ജനമായിത്തീർന്നു. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിച്ചു; ദൈവം വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ട് നിങ്ങളുടെമേൽ അവിടുത്തേക്കുള്ള ഉടമസ്ഥാവകാശത്തിനു മുദ്രയിടുകയും ചെയ്തു. ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്ക് ലഭിക്കുമെന്നുള്ളതിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. തന്റെ ജനത്തിനു ദൈവം പൂർണമായ സ്വാതന്ത്ര്യം നല്‌കുമെന്ന് അത് ഉറപ്പുവരുത്തുന്നു. അവിടുത്തെ മഹത്ത്വത്തെ നമുക്കു പ്രകീർത്തിക്കാം.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy