THUHRILTU 9:4-12
THUHRILTU 9:4-12 MALCLBSI
പിന്നെ അവർ മൃതരോടു ചേരുന്നു. ജീവിക്കുന്നവരുടെ ഗണത്തിൽപ്പെട്ടവർക്ക് എന്നിട്ടും പ്രത്യാശയ്‍ക്കു വകയുണ്ട്; ജീവനുള്ള നായ് ചത്ത സിംഹത്തെക്കാൾ ഭേദമാണല്ലോ. ജീവിച്ചിരിക്കുന്നവർക്കു തങ്ങൾ മരിക്കുമെന്ന് അറിയാം. എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്ക് ഇനി കിട്ടാൻ ഒന്നുമില്ല. അവർ വിസ്മൃതരായിക്കഴിഞ്ഞു. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും എന്നേ തിരോഭവിച്ചു; സൂര്യനു കീഴെ ഒന്നിലും അവർക്ക് ഇനിമേൽ ഓഹരിയില്ല. ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക. നിന്റെ വസ്ത്രങ്ങൾ എപ്പോഴും ശുഭ്രമായിരിക്കട്ടെ; നിന്റെ തല എണ്ണമയമില്ലാതെ വരണ്ടിരിക്കരുത്. സൂര്യനു കീഴെ ദൈവം നിനക്കു നല്‌കിയിരിക്കുന്ന മിഥ്യയായ ജീവിതം മുഴുവൻ നിന്റെ പ്രിയപ്പെട്ട ഭാര്യയോടൊത്തു രമിച്ചുകൊൾക; അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴെ നീ ചെയ്ത പ്രയത്നത്തിന്റെയും ഓഹരിയാണല്ലോ. കർത്തവ്യങ്ങളെല്ലാം മുഴുവൻ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തിൽ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ. സൂര്യനു കീഴെ ഇതും ഞാൻ കണ്ടു. ഓട്ടത്തിൽ ജയം വേഗമേറിയവനല്ല; യുദ്ധത്തിൽ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്റെ കാലം നിശ്ചയമില്ലല്ലോ. വലയിൽപ്പെടുന്ന മത്സ്യത്തെപ്പോലെയും കെണിയിൽ കുടുങ്ങുന്ന പക്ഷിയെപ്പോലെയും ദുഷ്കാലം മനുഷ്യനെ നിനച്ചിരിക്കാത്ത നേരത്ത് പിടികൂടുന്നു.





