YouVersion Logo
Search Icon

DEUTERONOMY 5

5
പത്തു കല്പനകൾ
(പുറ. 20:1-17)
1മോശ ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേല്യരേ, ഞാൻ ഇന്നു നല്‌കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധിക്കുക; അവ പഠിച്ചുറപ്പിച്ച് ശ്രദ്ധാപൂർവം പാലിക്കുക. 2സീനായ്മലയിൽവച്ചു നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോട് ഒരു ഉടമ്പടി ചെയ്തു. 3നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവനോടെ ഇരിക്കുന്ന നമ്മോടുതന്നെയാണ് അവിടുന്നു ഉടമ്പടി ചെയ്തത്. 4പർവതത്തിൽവച്ച്, അഗ്നിയുടെ നടുവിൽ നിന്നുകൊണ്ട് സർവേശ്വരൻ നിങ്ങൾക്ക് അഭിമുഖമായി സംസാരിച്ചു. 5അഗ്നിയെ ഭയന്ന് നിങ്ങൾ പർവതത്തിൽ കയറിയില്ല. അതുകൊണ്ട് സർവേശ്വരൻ പറഞ്ഞതു നിങ്ങളെ അറിയിക്കാൻ ഞാൻ സർവേശ്വരനും നിങ്ങൾക്കും മധ്യേ നിന്നു.” അവിടുന്ന് അരുളിച്ചെയ്തു:
6“അടിമവീടായ ഈജിപ്തിൽനിന്നു നിന്നെ വിമോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരനായ ഞാൻ നിന്റെ ദൈവമാകുന്നു.
7“ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്;
8നിനക്കുവേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ അരുത്. 9നീ അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്; ഞാൻ നിന്റെ ദൈവമായ സർവേശ്വരനാകുന്നു; ഞാൻ തീക്ഷ്ണതയുള്ള ദൈവം; എന്നെ വെറുക്കുന്നവരുടെ അകൃത്യത്തിന് അവരുടെ മൂന്നും നാലും തലമുറവരെയുള്ള സന്തതികളെ ഞാൻ ശിക്ഷിക്കും. 10എന്നാൽ എന്നെ സ്നേഹിക്കുകയും എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാൻ കാരുണ്യം കാട്ടും.”
11“നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വൃഥാ ഉപയോഗിക്കരുത്. എന്റെ നാമം വൃഥാ ഉപയോഗിക്കുന്ന ഒരുവനെയും ഞാൻ ശിക്ഷിക്കാതെ വിടുകയില്ല. 12നിന്റെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ ശബത്ത് വിശുദ്ധദിനമായി ആചരിക്കുക. 13ആറു ദിവസം അധ്വാനിച്ച് നിന്റെ ജോലികളെല്ലാം ചെയ്യുക; 14ഏഴാം ദിവസം നിന്റെ ദൈവമായ സർവേശ്വരന്റെ ശബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രീപുത്രന്മാരും ദാസീദാസന്മാരും കാളയും കഴുതയും മറ്റ് എല്ലാ മൃഗങ്ങളും നിന്റെ ദേശത്തു പാർക്കുന്ന പരദേശികളും ഒരു ജോലിയും ചെയ്യരുത്; നിന്റെ ദാസീദാസന്മാരും നിന്നെപ്പോലെതന്നെ വിശ്രമിക്കണം. 15ഈജിപ്തിൽ നീ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ സർവേശ്വരൻ അവിടുത്തെ കരബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിന്നെ അവിടെനിന്നു മോചിപ്പിച്ചു എന്നും ഓർക്കുക. അതുകൊണ്ട് നിന്റെ ദൈവമായ സർവേശ്വരൻ ശബത്ത് ആചരിക്കാൻ നിന്നോടു കല്പിച്ചിരിക്കുന്നു.
16“നിന്റെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും; നിന്റെ ദൈവമായ സർവേശ്വരൻ നിനക്കു നല്‌കുന്ന ദേശത്തു നിനക്കു നന്മ ഉണ്ടാകും.”
17“കൊല ചെയ്യരുത്”
18“വ്യഭിചാരം ചെയ്യരുത്”
19“മോഷ്‍ടിക്കരുത്”
20“അയൽക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്”
21“അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്; അവന്റെ ഭവനത്തെയും നിലത്തെയും ദാസീദാസന്മാരെയും, കാളയെയും, കഴുതയെയും എന്നല്ല നിന്റെ അയൽക്കാരനുള്ള ഒന്നിനെയും നീ മോഹിക്കരുത്.”
22അഗ്നിയുടെയും മേഘത്തിന്റെയും കൂരിരുട്ടിന്റെയും മധ്യത്തിൽ നിന്നുകൊണ്ട് മലയിൽവച്ചു സർവേശ്വരൻ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അത്യുച്ചത്തിൽ ഇപ്രകാരം അരുളിച്ചെയ്തു. ഇതിൽ കൂടുതലൊന്നും പറഞ്ഞില്ല; പിന്നീട് അവിടുന്ന് അവയെല്ലാം രണ്ടു കല്പലകകളിൽ എഴുതി എന്നെ ഏല്പിച്ചു.
ജനം ഭയപ്പെടുന്നു
(പുറ. 20:18-21)
23മല ജ്വലിച്ചുകൊണ്ടിരിക്കെ അന്ധകാരത്തിന്റെ നടുവിൽനിന്നു ശബ്ദം കേട്ട് നിങ്ങളുടെ എല്ലാ ഗോത്രത്തലവന്മാരും നേതാക്കന്മാരും എന്റെ അടുക്കൽ വന്നു. 24അവർ പറഞ്ഞു: “ഇതാ, ഞങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ തേജസ്സും മഹത്ത്വവും ഞങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു; അഗ്നിയുടെ നടുവിൽനിന്ന് അവിടുത്തെ ശബ്ദവും ഞങ്ങൾ കേട്ടു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടെയിരിക്കുന്നു എന്ന് ഇന്ന് ഞങ്ങൾ കണ്ടു. 25ഇനി ഞങ്ങൾ എന്തിനു മരിക്കണം. ഈ ഭയങ്കരമായ അഗ്നി ഞങ്ങളെ ദഹിപ്പിക്കുമല്ലോ. ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും. 26അഗ്നിയുടെ നടുവിൽനിന്ന് ജീവിക്കുന്ന ദൈവം സംസാരിക്കുന്ന ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ മറ്റാരെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ? 27അങ്ങു നമ്മുടെ ദൈവമായ സർവേശ്വരന്റെ അടുത്തു ചെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നതെല്ലാം കേൾക്കുക; നമ്മുടെ ദൈവമായ സർവേശ്വരൻ അങ്ങയോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയണം; ഞങ്ങൾ അവ കേട്ട് അനുസരിച്ചുകൊള്ളാം. 28അപ്പോൾ സർവേശ്വരൻ എന്നോടു പറഞ്ഞു: “ഈ ജനം നിന്നോടു പറഞ്ഞതെല്ലാം ഞാൻ കേട്ടു; അവർ പറഞ്ഞത് ഉചിതംതന്നെ. 29എന്നെ ഭയപ്പെട്ട് എന്റെ കല്പനകളെല്ലാം അനുസരിക്കാൻ അവർക്ക് ഇപ്പോഴത്തെപ്പോലെ എപ്പോഴും മനസ്സുണ്ടായിരുന്നെങ്കിൽ അത് അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരുന്നു. 30കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകാൻ ജനത്തോടു പറയുക. 31നീ ഇവിടെ എന്റെ അടുത്തു നില്‌ക്കുക; എന്റെ സകല നിയമങ്ങളും കല്പനകളും അനുശാസനങ്ങളും ഞാൻ നിന്നെ അറിയിക്കാം. ഞാൻ അവകാശമായി നല്‌കുന്ന ദേശത്ത് അവർ അനുഷ്ഠിക്കാൻ അവയെല്ലാം ജനത്തെ പഠിപ്പിക്കുക. 32നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടു കല്പിച്ചതു ചെയ്യാൻ ജാഗ്രതയുള്ളവരായിരിക്കണം. അവയിൽനിന്നു വ്യതിചലിക്കരുത്. 33നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സായിരിക്കാനും അവിടുന്നു നിങ്ങളോടു കല്പിച്ച മാർഗത്തിൽതന്നെ നടക്കണം.”

Currently Selected:

DEUTERONOMY 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy