YouVersion Logo
Search Icon

DEUTERONOMY 24

24
വിവാഹമോചനവും പുനർവിവാഹവും
1ഒരാൾ വിവാഹം കഴിഞ്ഞു ഭാര്യയുടെ സ്വഭാവദൂഷ്യത്താൽ അവളോട് ഇഷ്ടമില്ലാതായാൽ വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടിൽനിന്നു പറഞ്ഞയയ്‍ക്കണം. 2പിന്നീട് അവൾ മറ്റൊരുവനെ വിവാഹം കഴിച്ചേക്കാം. 3രണ്ടാമത്തെ ഭർത്താവും അവളെ വെറുത്തു വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടിൽനിന്നു പറഞ്ഞയയ്‍ക്കുകയോ അയാൾ മരിക്കുകയോ ചെയ്താൽ 4അശുദ്ധയായിത്തീർന്ന അവളെ ആദ്യം ഉപേക്ഷിച്ച ഭർത്താവ് വീണ്ടും വിവാഹം ചെയ്തുകൂടാ. സർവേശ്വരൻ അതു നിന്ദ്യമായി കരുതുന്നു. ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശം നിങ്ങൾ പാപം ചെയ്ത് മലിനമാക്കരുത്.
വിവിധ നിയമങ്ങൾ
5നവവരനെ യുദ്ധസേവനത്തിന് അയയ്‍ക്കുകയോ മറ്റേതെങ്കിലും പൊതുചുമതല ഏല്പിക്കുകയോ ചെയ്യരുത്; അയാൾ ഒരു വർഷം സ്വഭവനത്തിൽ ഭാര്യയോടൊത്തു സന്തോഷമായി കഴിയട്ടെ. 6ധാന്യം പൊടിക്കുന്ന തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയം വാങ്ങരുത്; അതു ജീവൻ പണയം വാങ്ങുന്നതിനു തുല്യമാണല്ലോ.
7ഇസ്രായേല്യനായ സഹോദരനെ തട്ടിക്കൊണ്ടുപോയി അടിമയാക്കുകയോ വിൽക്കുകയോ ചെയ്യുന്നവനെ വധിക്കണം; അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം.
8കുഷ്ഠം ബാധിച്ചാൽ ലേവ്യനായ പുരോഹിതൻ നല്‌കുന്ന എല്ലാ നിർദ്ദേശങ്ങളും നിഷ്കർഷയോടെ നിങ്ങൾ പാലിക്കണം; ഞാൻ അവർക്കു നല്‌കിയിട്ടുള്ള കല്പനകളെല്ലാം നിങ്ങൾ ശ്രദ്ധാപൂർവം അനുസരിക്കണം. 9ഈജിപ്തിൽനിന്നു നിങ്ങൾ പുറപ്പെട്ടുപോന്നപ്പോൾ വഴിയിൽവച്ച് ദൈവമായ സർവേശ്വരൻ മിര്യാമിനോടു ചെയ്തത് ഓർത്തുകൊള്ളുക. 10നിങ്ങളുടെ അയൽക്കാരനു വായ്പ കൊടുക്കുമ്പോൾ പണയവസ്തു വാങ്ങാൻ അയാളുടെ വീട്ടിനുള്ളിൽ പ്രവേശിക്കരുത്. 11നീ പുറത്തു നില്‌ക്കുക; വായ്പ വാങ്ങിയവൻ പണയം നിന്റെ അടുക്കൽ കൊണ്ടുവരട്ടെ. 12അയാൾ ദരിദ്രനെങ്കിൽ അയാളുടെ പണയം വച്ച വസ്ത്രത്തിൽ കിടന്ന് നീ രാത്രിയിൽ ഉറങ്ങരുത്. 13അയാൾക്കു കിടന്നുറങ്ങുന്നതിന് സൂര്യനസ്തമിക്കുമ്പോൾ പുതപ്പു തിരിച്ചുകൊടുക്കുക; അയാൾ നിന്നോടു നന്ദിയുള്ളവനായിരിക്കും; നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ദൃഷ്‍ടിയിൽ അതു നീതിപൂർവകമായ പ്രവൃത്തി ആയിരിക്കും.
14നിസ്സഹായനും ദരിദ്രനുമായ ഒരു കൂലിവേലക്കാരൻ നിങ്ങളുടെ സഹോദരനോ നിങ്ങളുടെ പട്ടണത്തിൽ പാർക്കുന്ന പരദേശിയോ ആയിരുന്നാലും അയാളെ നിങ്ങൾ വിഷമിപ്പിക്കരുത്. 15സന്ധ്യക്കു മുമ്പായി അന്നത്തെ കൂലി അയാൾക്കു കൊടുക്കണം. ദരിദ്രനായതുകൊണ്ട് അവൻ അതു പ്രതീക്ഷിക്കും. അല്ലാത്തപക്ഷം അയാൾ നിനക്കെതിരായി സർവേശ്വരനോടു നിലവിളിക്കും; നീ കുറ്റക്കാരനായിത്തീരുകയും ചെയ്യും.
16മക്കൾക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാർക്കുവേണ്ടി മക്കളെയോ വധിക്കരുത്; വധശിക്ഷ അവനവൻ ചെയ്യുന്ന പാപത്തിനു മാത്രമുള്ളതായിരിക്കണം. 17പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങരുത്. 18നിങ്ങൾ ഈജിപ്തിൽ അടിമകൾ ആയിരുന്നതും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അവിടെനിന്നു വീണ്ടെടുത്തതും ഓർക്കുക. അതുകൊണ്ടാണ് ഈ കല്പനകൾ എല്ലാം അനുസരിക്കണമെന്നു ഞാൻ ആവശ്യപ്പെടുന്നത്.
19നിങ്ങൾ വിളവെടുക്കുമ്പോൾ വയലിൽ ഒരു കറ്റ മറന്നുപോയാൽ അത് എടുക്കാൻ മടങ്ങിപ്പോകരുത്; പരദേശിയോ, അനാഥനോ, വിധവയോ അത് എടുത്തുകൊള്ളട്ടെ; അങ്ങനെ ചെയ്താൽ നിങ്ങളുടെ സകല പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ സർവേശ്വരൻ അനുഗ്രഹിക്കും.
20ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലിപ്പൊഴിച്ചശേഷം അവശേഷിക്കുന്നവ വീണ്ടും തല്ലിപ്പൊഴിക്കരുത്. അതു പരദേശിയോ, അനാഥനോ, വിധവയോ എടുത്തുകൊള്ളട്ടെ. 21മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ കാലാ പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്‍ക്കും ഉള്ളതായിരിക്കട്ടെ. 22ഈജിപ്തിൽ നിങ്ങൾ അടിമകളായിരുന്നു എന്ന് ഓർക്കണം; അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ നിങ്ങളോടു കല്പിക്കുന്നത്.

Currently Selected:

DEUTERONOMY 24: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy