YouVersion Logo
Search Icon

DEUTERONOMY 20

20
യുദ്ധനിയമങ്ങൾ
1നിങ്ങൾ യുദ്ധത്തിനു പോകുമ്പോൾ ശത്രുക്കൾക്കു നിങ്ങളെക്കാൾ കൂടുതൽ കുതിരകളും രഥങ്ങളും സൈന്യവും ഉണ്ടെന്നു കണ്ടാൽ ഭയപ്പെടരുത്. ഈജിപ്തിൽനിന്നു നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടൊത്ത് ഉണ്ടല്ലോ. 2യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതൻ മുമ്പോട്ടു വന്ന് ജനത്തോടു പറയണം: 3“ഇസ്രായേല്യരേ ശ്രദ്ധിക്കുക, നിങ്ങളുടെ ശത്രുക്കൾക്കെതിരായി നിങ്ങൾ യുദ്ധം ചെയ്യാൻ പോകുന്നു; നിങ്ങൾ അധൈര്യപ്പെടരുത്; ഭയപ്പെടരുത്. ശത്രുക്കളെ കണ്ട് സംഭീതരാകരുത്; സംഭ്രമിക്കയുമരുത്. 4കാരണം നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെകൂടെ വന്നു നിങ്ങൾക്കുവേണ്ടി ശത്രുക്കൾക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരും.” 5പിന്നീട് ജനനേതാക്കൾ അവരോടു പറയണം: “പുതിയതായി വീടു നിർമ്മിച്ചിട്ട് ഗൃഹപ്രവേശം നടത്താത്ത ആരെങ്കിലും നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അയാൾ തന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോകട്ടെ. അയാൾ യുദ്ധത്തിൽ മരിക്കുകയും മറ്റൊരാൾ ഗൃഹപ്രവേശം നടത്തുകയും ചെയ്യാൻ ഇടവരാതിരിക്കട്ടെ. 6മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും ഫലം അനുഭവിക്കാൻ ഇടകിട്ടാതിരിക്കുകയും ചെയ്ത ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അയാളും തന്റെ ഭവനത്തിലേക്ക് മടങ്ങിപ്പൊയ്‍ക്കൊള്ളട്ടെ. അയാൾ യുദ്ധത്തിൽ മരിക്കുകയും അയാൾ നട്ടുണ്ടാക്കിയ മുന്തിരിത്തോട്ടത്തിന്റെ ഫലം മറ്റൊരാൾ അനുഭവിക്കുകയും ചെയ്യാൻ ഇടവരാതിരിക്കട്ടെ. 7വിവാഹനിശ്ചയം ചെയ്തശേഷം വിവാഹം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവനും മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരാൾ ആ സ്‍ത്രീയെ വിവാഹം കഴിക്കുകയും ചെയ്യാൻ ഇടവരുമല്ലോ.” 8ജനനേതാക്കൾ തുടർന്നു പറയണം: ഭയവും അധൈര്യവും ഉള്ള ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടെങ്കിൽ അയാൾക്കും ഭവനത്തിലേക്ക് മടങ്ങിപ്പോകാം. അങ്ങനെ അയാളുടെ സഹോദരന്മാരും അയാളെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കട്ടെ. 9ജനനേതാക്കൾ സംസാരിച്ചുകഴിയുമ്പോൾ ജനത്തെ നയിക്കാൻ സൈന്യാധിപന്മാരെ നിയമിക്കണം.
10നിങ്ങൾ ഒരു പട്ടണം ആക്രമിക്കാൻ പോകുമ്പോൾ ആദ്യം സമാധാനസന്ധിക്ക് അവസരം നല്‌കണം; 11അവർ അതിനു വഴങ്ങി പട്ടണകവാടങ്ങൾ തുറന്നുതന്നാൽ ആ പട്ടണത്തിലെ ജനമെല്ലാം അടിമകളായി നിങ്ങളെ സേവിക്കട്ടെ. 12എന്നാൽ അവിടെയുള്ള ജനം സമാധാനനിർദ്ദേശങ്ങൾക്കു വഴിപ്പെടാതെ യുദ്ധത്തിനു മുതിർന്നാൽ നിങ്ങൾ ആ പട്ടണത്തെ വളയണം. 13നിങ്ങളുടെ ദൈവമായ സർവേശ്വരൻ ആ പട്ടണം നിങ്ങളെ ഏല്പിക്കുമ്പോൾ അതിലുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം. 14എന്നാൽ അവിടെയുള്ള സ്‍ത്രീകളെയും കുട്ടികളെയും വളർത്തുമൃഗങ്ങളെയും ആ പട്ടണത്തിലുള്ള വസ്തുവകകളോടൊപ്പം നിങ്ങൾക്കു കൊള്ളമുതലായി എടുക്കാം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അധീനമാക്കിത്തരുന്ന നിങ്ങളുടെ ശത്രുക്കളുടെ കൊള്ളമുതലെല്ലാം നിങ്ങൾക്ക് അനുഭവിക്കാം. 15ഈ ദേശക്കാരുടേതല്ലാത്ത അകലെയുള്ള എല്ലാ പട്ടണങ്ങളോടും നിങ്ങൾക്ക് ഇങ്ങനെതന്നെ ചെയ്യാം. 16എന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തെ പട്ടണങ്ങൾ അധീനമാക്കുമ്പോൾ അവിടെയുള്ളവരെ നിശ്ശേഷം നശിപ്പിക്കണം. 17അവിടുന്നു നിങ്ങളോടു കല്പിച്ചതുപോലെ ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെയെല്ലാം ഉന്മൂലനം ചെയ്യണം. 18അവർ തങ്ങളുടെ ദേവന്മാരുടെ മുമ്പിൽ ചെയ്യുന്ന മ്ലേച്ഛമായ ആചാരങ്ങൾ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ നിങ്ങൾ പാപം ചെയ്യാതിരിക്കാനുമാണ് ഇപ്രകാരം നിർദ്ദേശിച്ചത്.
19ഒരു പട്ടണം പിടിച്ചടക്കുന്നതിനു ദീർഘകാലം അതിനെ ഉപരോധിക്കേണ്ടിവന്നാലും അതിലെ ഫലവൃക്ഷങ്ങൾ വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിങ്ങൾക്ക് ഭക്ഷിക്കാമല്ലോ. വൃക്ഷങ്ങളെ ഉപരോധിക്കാൻ അവ മനുഷ്യരല്ലല്ലോ. 20ഭക്ഷ്യോപയോഗ്യമല്ലാത്ത വൃക്ഷങ്ങൾ വെട്ടി ഉപരോധസാമഗ്രികൾ നിർമ്മിക്കാം. അവകൊണ്ട് ആ പട്ടണം പതിക്കുന്നതുവരെ യുദ്ധം ചെയ്യാം.

Currently Selected:

DEUTERONOMY 20: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy