YouVersion Logo
Search Icon

DANIELA 6

6
ദാനിയേൽ സിംഹക്കുഴിയിൽ
1ഭരണനിർവഹണത്തിനു രാജ്യത്തുടനീളം നൂറ്റിരുപതു പ്രധാന ദേശാധിപതിമാരെ 2മൂന്നു മുഖ്യാധിപന്മാരുടെ കീഴിലായി നിയമിക്കാൻ ദാര്യാവേശ് രാജാവു തീരുമാനിച്ചു. ആ മൂന്നു പേരിൽ ഒരുവനായിരുന്നു ദാനിയേൽ. രാജ്യത്തെ മുതലെടുപ്പിൽ രാജാവിനു നഷ്ടം നേരിടാതിരിക്കാൻ പ്രധാന ദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. 3ദാനിയേൽ വിശിഷ്ട ചൈതന്യം ഉള്ളവനായിരുന്നതിനാൽ ഇതര ഭരണത്തലവന്മാരിലും സകല പ്രധാനദേശാധിപതികളിലും പ്രശസ്തനായി ശോഭിച്ചു. രാജാവു ദാനിയേലിനെ തന്റെ രാജ്യം മുഴുവന്റെയും അധികാരിയാക്കാൻ നിശ്ചയിച്ചു. 4അപ്പോൾ മറ്റു മുഖ്യാധിപന്മാരും പ്രധാന ദേശാധിപതികളും ദാനിയേലിനെതിരെ ആരോപിക്കാൻ രാജ്യഭരണകാര്യങ്ങളിൽ എന്തെങ്കിലും കുറ്റം കണ്ടെത്തുന്നതിനു പരിശ്രമിച്ചു. എന്നാൽ അതിനവർക്കു കഴിഞ്ഞില്ല. അദ്ദേഹം അത്ര വിശ്വസ്തനായിരുന്നതുകൊണ്ട് യാതൊരു തെറ്റും കുറ്റവും അവർ കണ്ടെത്തിയില്ല. 5അപ്പോൾ അവർ തമ്മിൽ പറഞ്ഞു: “ദാനിയേലിന്റെ ദൈവവിശ്വാസത്തോടു ബന്ധപ്പെട്ട കാര്യത്തിലല്ലാതെ മറ്റൊരു കുറ്റവും അയാളിൽ നാം കണ്ടെത്തുകയില്ല.”
6ഒടുവിൽ അവർ പറഞ്ഞൊത്തുകൊണ്ടു രാജസന്നിധിയിലെത്തിപ്പറഞ്ഞു: “ദാര്യാവേശ് രാജാവ് നീണാൾ വാഴട്ടെ. 7എല്ലാ ഭരണാധിപന്മാരും പ്രധാന ദേശാധിപതികളും സ്ഥാനപതികളും മന്ത്രിമാരും കൂടി ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, മുപ്പതു ദിവസത്തേക്ക് ആരും അങ്ങയോടല്ലാതെ മറ്റൊരു ദേവനോടോ, മറ്റൊരു മനുഷ്യനോടോ പ്രാർഥിച്ചുകൂടാ. അങ്ങനെ ചെയ്താൽ അവനെ സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു രാജകല്പന പുറപ്പെടുവിക്കുകയും ഖണ്ഡിതമായ നിരോധനം ഏർപ്പെടുത്തുകയും വേണം. 8അതിനാൽ മഹാരാജാവേ, അങ്ങ് ഈ നിരോധനാജ്ഞയ്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള തിരുവെഴുത്തിനു തുല്യം ചാർത്തിയാലും. അങ്ങനെ മേദ്യരുടെയും പേർഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമമനുസരിച്ച് അത് അലംഘ്യമായിരിക്കട്ടെ. 9അങ്ങനെ ദാര്യാവേശ് രാജാവ് നിരോധനാജ്ഞയും രാജകല്പനയും ഒപ്പുവച്ചു.
10രാജകല്പനയ്‍ക്കു തുല്യം ചാർത്തി എന്നറിഞ്ഞപ്പോൾ ദാനിയേൽ തന്റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയിൽ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങൾ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേൽ മൂന്നു പ്രാവശ്യം ദൈവസന്നിധിയിൽ മുട്ടുകുത്തി സ്തോത്രം അർപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്തു. 11ദാനിയേലിനെതിരെ ആലോചന നടത്തിയവർ അദ്ദേഹം തന്റെ ദൈവത്തോടു പ്രാർഥിക്കുന്നതും യാചിക്കുന്നതും കണ്ടു. 12അവർ ഉടനെ രാജസന്നിധിയിൽ എത്തി ഉണർത്തിച്ചു: “മുപ്പതു ദിവസത്തിനിടയ്‍ക്ക് അങ്ങയോടല്ലാതെ ഒരു ദേവനോടും മനുഷ്യനോടും പ്രാർഥിച്ചുകൂടാ എന്നും ആരെങ്കിലും ഈ കല്പന ലംഘിച്ചാൽ അവനെ സിംഹക്കുഴിയിൽ എറിഞ്ഞുകളയുമെന്നുമുള്ള നിരോധനാജ്ഞ അവിടുന്നു ഒപ്പുവച്ചിരുന്നല്ലോ! ‘മേദ്യരുടെയും പേർഷ്യക്കാരുടെയും അലംഘനീയമായ നിയമപ്രകാരം അതിനു മാറ്റമില്ല’ എന്നു രാജാവ് പറഞ്ഞു. 13അപ്പോൾ അവർ രാജസന്നിധിയിൽ ഉണർത്തിച്ചു: “മഹാരാജാവേ, യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനിയേൽ അവിടുത്തെയോ അങ്ങു പുറപ്പെടുവിച്ച നിരോധനാജ്ഞയെയോ ഗണ്യമാക്കാതെ ദിവസം മൂന്നുപ്രാവശ്യം അയാളുടെ ദൈവത്തോടു പ്രാർഥിക്കുന്നു.”
14ഇതുകേട്ടപ്പോൾ രാജാവ് അത്യധികം വിഷമിച്ചു. ദാനിയേലിനെ വല്ല വിധവും രക്ഷിക്കണമെന്നു മനസ്സിലുറച്ചു. സൂര്യൻ അസ്തമിക്കുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. 15ദാനിയേലിനെതിരെ ആലോചന നടത്തിയവർ വീണ്ടും രാജാവിന്റെ അടുക്കൽ വന്നു പറഞ്ഞു: “രാജാവേ, മേദ്യരുടെയും പേർഷ്യക്കാരുടെയും നിയമമനുസരിച്ച് രാജാവ് പുറപ്പെടുവിച്ച നിരോധനാജ്ഞയും കല്പനയും അലംഘനീയമാണെന്ന് അങ്ങേക്കറിയാമല്ലോ.”
16അപ്പോൾ രാജകല്പനയനുസരിച്ച് ദാനിയേലിനെ കൊണ്ടുചെന്നു സിംഹക്കുഴിയിൽ ഇട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ” എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു. 17ഒരു കല്ല് കൊണ്ടുവന്നു ഗുഹാമുഖം അടച്ചു. ദാനിയേലിനെ സംബന്ധിച്ച വിധിക്കു മാറ്റം വരാതിരിക്കാൻ രാജാവ് തന്റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങൾകൊണ്ട് ആ കല്ലിനു മുദ്രവയ്‍ക്കുകയും ചെയ്തു. 18പിന്നീടു രാജാവു കൊട്ടാരത്തിലേക്കു മടങ്ങി രാത്രി മുഴുവൻ ഉപവസിച്ചു. എല്ലാവിധ വിനോദങ്ങളും ഉപേക്ഷിച്ചു; നിദ്ര അദ്ദേഹത്തിൽനിന്നു വഴുതിമാറി.
19രാജാവ് അതിരാവിലെ എഴുന്നേറ്റു തിടുക്കത്തിൽ സിംഹക്കുഴിക്കരികിൽ ചെന്നു ദുഃഖപരവശമായ ശബ്ദത്തിൽ വിളിച്ചു ചോദിച്ചു: 20“ജീവിക്കുന്ന ദൈവത്തിന്റെ ഭൃത്യനായ ദാനിയേലേ, നീ ഇടവിടാതെ സേവിക്കുന്ന നിന്റെ ദൈവത്തിനു സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ കഴിഞ്ഞോ?” 21അപ്പോൾ ദാനിയേൽ: “അല്ലയോ രാജാവേ, അങ്ങു നീണാൾ വാഴട്ടെ. 22എന്റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്റെ മുമ്പിൽ ഞാൻ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.” 23അപ്പോൾ രാജാവ് അത്യധികം സന്തോഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയിൽനിന്നു പുറത്തുകൊണ്ടുവരാൻ കല്പിച്ചു. അങ്ങനെ ദാനിയേലിനെ കുഴിക്കു പുറത്തു കൊണ്ടുവന്നു. ദാനിയേൽ തന്റെ ദൈവത്തിൽ ശരണപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറൽപോലും ഏറ്റതായി കണ്ടില്ല. 24ദാനിയേലിന്റെമേൽ കുറ്റം ആരോപിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും സിംഹക്കുഴിയിലിടാൻ രാജാവ് കല്പിച്ചു. രാജകല്പനപ്രകാരം അവരെ കൊണ്ടുവന്നു സിംഹക്കുഴിയിൽ എറിഞ്ഞു. അവർ അടിയിൽ എത്തുന്നതിനു മുമ്പ് സിംഹങ്ങൾ അവരെ ആക്രമിച്ചു; അവരുടെ അസ്ഥികൾ തകർത്തു.
25ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള സകല ജനതകൾക്കും രാജ്യങ്ങൾക്കും ഭാഷക്കാർക്കും ഇപ്രകാരം എഴുതി: “നിങ്ങൾക്കു മംഗളം ഭവിക്കട്ടെ! 26എന്റെ ആധിപത്യത്തിലുൾപ്പെട്ട ഏവരും ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പിൽ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീർപ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു. 27അവിടുത്തെ രാജത്വം അനശ്വരവും അവിടുത്തെ ആധിപത്യം അനന്തവുമാണ്. അവിടുന്നു രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; ആകാശത്തും ഭൂമിയിലും അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. അവിടുന്നു ദാനിയേലിനെ സിംഹങ്ങളുടെ പിടിയിൽനിന്നു രക്ഷിച്ചിരിക്കുന്നു.”
28ദാര്യാവേശിന്റെയും പേർഷ്യൻരാജാവായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേൽ ഐശ്വര്യസമ്പന്നനായി കഴിഞ്ഞു.

Currently Selected:

DANIELA 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy