YouVersion Logo
Search Icon

DANIELA 2

2
നെബുഖദ്നേസറിന്റെ സ്വപ്നം
1രാജ്യഭാരം ഏറ്റതിന്റെ രണ്ടാംവർഷം നെബുഖദ്നേസർ രാജാവ് ചില സ്വപ്നങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി തീർന്നതുകൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. 2രാജ്യത്തെ മന്ത്രവാദികളെയും ക്ഷുദ്രപ്രയോഗം ചെയ്യുന്നവരെയും ആഭിചാരകരെയും ബാബിലോണ്യരായ വിദ്വാന്മാരെയുമെല്ലാം തന്റെ സ്വപ്നം വിവരിക്കാൻവേണ്ടി വിളിച്ചുകൂട്ടാൻ രാജാവു കല്പിച്ചു. അവർ എല്ലാവരും രാജസന്നിധിയിലെത്തി. 3രാജാവ് അവരോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; അതിന്റെ അർഥം അറിയാൻ എന്റെ മനസ്സു വെമ്പൽകൊള്ളുന്നു.” 4#2:4—7:28 ലെ ഭാഗം മൂലഗ്രന്ഥത്തിൽ അരാമ്യഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു.അപ്പോൾ ബാബിലോണ്യരായ വിദ്വാന്മാർ പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാൾ വാഴട്ടെ! അവിടുന്നു കണ്ട സ്വപ്നം എന്താണെന്ന് അടിയങ്ങളോടു പറഞ്ഞാലും; ഞങ്ങൾ അതിന്റെ അർഥം പറയാം.” 5രാജാവു പ്രതിവചിച്ചു: “നമ്മുടെ വാക്കിനു മാറ്റമില്ല. ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും എന്തെന്നു പറഞ്ഞില്ലെങ്കിൽ നിങ്ങളെ കഷണം കഷണമായി നുറുക്കുകയും നിങ്ങളുടെ ഭവനങ്ങൾ കുപ്പക്കുന്നാക്കുകയും ചെയ്യും. 6സ്വപ്നവും വ്യാഖ്യാനവും പറഞ്ഞാൽ നിങ്ങൾക്ക് സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. അതുകൊണ്ട് സ്വപ്നവും അതിന്റെ അർഥവും എന്താണെന്നു പറയുക.” 7അവർ രാജാവിനോടു വീണ്ടും പറഞ്ഞു: “സ്വപ്നം എന്തെന്നു കല്പിച്ചരുളിയാലും. ഞങ്ങൾ അതിന്റെ അർഥം പറയാം.” 8രാജാവു മറുപടി പറഞ്ഞു: “ഞാൻ വിധി കല്പിച്ചു കഴിഞ്ഞു. എന്റെ വാക്കിനു മാറ്റമില്ലെന്നറിഞ്ഞുകൊണ്ടു കൂടുതൽ സമയം ലഭിക്കാൻവേണ്ടി നിങ്ങൾ ശ്രമിക്കയാണെന്ന് എനിക്കറിയാം. 9സ്വപ്നം എന്തെന്ന് പറയാതിരുന്നാൽ നിങ്ങൾക്ക് എല്ലാവർക്കും ഒരേ ശിക്ഷയായിരിക്കും ലഭിക്കുക; സമയം കുറെ കഴിയുമ്പോൾ ഈ സ്ഥിതിക്ക് മാറ്റം വരും എന്നു കരുതി എന്റെ മുമ്പിൽ പൊളിയും വ്യാജവചനങ്ങളും പറയാൻ നിങ്ങൾ ഒത്തുകൂടിയിരിക്കുന്നു. സ്വപ്നം എന്തെന്നു പറയുക. അപ്പോൾ അതിന്റെ അർഥവും പറയാൻ നിങ്ങൾക്കു കഴിയും.” 10ബാബിലോണ്യരായ വിദ്വാന്മാർ ഇങ്ങനെ ബോധിപ്പിച്ചു: “മഹാരാജാവേ, അങ്ങ് ആവശ്യപ്പെട്ടതു പറയാൻ കഴിവുള്ള ഒരു മനുഷ്യനും ഭൂമിയിൽ കാണുകയില്ല. മഹാനും ബലവാനുമായ ഒരു രാജാവും ഇങ്ങനെ ഒരു കാര്യം ഒരു മാന്ത്രികനോടും ആഭിചാരകനോടും ബാബിലോണിലെ വിദ്വാന്മാരോടും ആവശ്യപ്പെട്ടിട്ടില്ല. 11അങ്ങ് പറയുന്ന കാര്യം പ്രയാസമുള്ളതാണ്. അതു വ്യക്തമാക്കിത്തരാൻ ദേവന്മാർക്കല്ലാതെ മറ്റാർക്കും സാധ്യമല്ല. അവർ മനുഷ്യരുടെ ഇടയിൽ അല്ലല്ലോ വസിക്കുന്നത്.”
12ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി; ബാബിലോണിലെ സകല വിദ്വാന്മാരെയും സംഹരിക്കാൻ ഉത്തരവിട്ടു. 13അങ്ങനെ എല്ലാ വിദ്വാന്മാരെയും വധിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലാൻ അവർ അന്വേഷിച്ചു. 14എന്നാൽ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിസേനാനായകനായ അര്യോക്കിനോടു ദാനിയേൽ ബുദ്ധിയോടും വിവേകത്തോടും സംസാരിച്ചു. 15ദാനിയേൽ അര്യോക്കിനോടു ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ കല്പന പുറപ്പെടുവിക്കാൻ കാരണം എന്ത്?” സംഭവിച്ചതെല്ലാം അര്യോക്ക് ദാനിയേലിനെ അറിയിച്ചു. 16ദാനിയേൽ രാജസന്നിധിയിലെത്തി തനിക്ക് ഒരവസരം നല്‌കണമെന്നും സ്വപ്നത്തിന്റെ അർഥം താൻ പറയാമെന്നും രാജാവിനെ അറിയിച്ചു. 17പിന്നീട് ദാനിയേൽ തന്റെ ഭവനത്തിൽചെന്നു കൂട്ടുകാരായ ഹനന്യായെയും മീശായേലിനെയും അസര്യായെയും വിവരം അറിയിച്ചു. നമ്മളും ബാബിലോണിലെ സകല വിദ്വാന്മാരും സംഹരിക്കപ്പെടാതിരിക്കാൻ 18ഈ സ്വപ്നരഹസ്യം വെളിപ്പെടുത്തിത്തരാൻ സ്വർഗസ്ഥനായ ദൈവത്തിന്റെ കാരുണ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ദാനിയേൽ അവരോടു പറഞ്ഞു. 19അന്നു രാത്രി ഒരു ദർശനത്തിലൂടെ സ്വപ്നത്തിന്റെ രഹസ്യം ദൈവം ദാനിയേലിന് വെളിപ്പെടുത്തിക്കൊടുത്തു. ദാനിയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു; 20“ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; സകല ജ്ഞാനവും ശക്തിയും അവിടുത്തേക്കുള്ളതാണല്ലോ. 21കാലങ്ങളെയും സമയങ്ങളെയും അവിടുന്നു നിയന്ത്രിക്കുന്നു. രാജാക്കന്മാരെ വാഴിക്കുന്നതും നിഷ്കാസനം ചെയ്യുന്നതും അവിടുന്നാണല്ലോ. ജ്ഞാനികൾക്കു ജ്ഞാനവും വിവേകശാലികൾക്ക് വിവേകവും നല്‌കുന്നതും അവിടുന്നാണല്ലോ. 22അഗാധവും നിഗൂഢവുമായ കാര്യങ്ങൾ അവിടുന്നു വെളിപ്പെടുത്തുന്നു; അന്ധകാരത്തിലുള്ളത് അവിടുന്ന് അറിയുന്നു; വെളിച്ചം അവിടുത്തോടൊത്ത് വസിക്കുന്നു. 23എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടുത്തേക്കു ഞാൻ സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു; അവിടുന്ന് എനിക്ക് ജ്ഞാനവും ബലവും നല്‌കിയിരിക്കുന്നുവല്ലോ; ഞങ്ങൾ അപേക്ഷിച്ച കാര്യം അവിടുന്ന് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. രാജാവിനോടു പറയേണ്ട കാര്യം ഞങ്ങൾക്ക് വ്യക്തമാക്കിയിരിക്കുന്നുവല്ലോ.”
സ്വപ്നവും അർഥവും
24ബാബിലോണിലെ വിദ്വാന്മാരെ സംഹരിക്കാൻ രാജാവു നിയോഗിച്ച അര്യോക്കിനെ സമീപിച്ചു ദാനിയേൽ പറഞ്ഞു: “ബാബിലോണിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; സ്വപ്നസാരം ഞാൻ രാജാവിനെ അറിയിക്കാം.”
25അര്യോക്ക് ഉടൻതന്നെ ദാനിയേലിനെ രാജാവിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു ചെന്നു പറഞ്ഞു: “അവിടുത്തെ സ്വപ്നത്തിന്റെ പൊരുൾ അറിയിക്കാൻ കഴിവുള്ള ഒരാളെ യെഹൂദാപ്രവാസികളുടെ ഇടയിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു.” 26അപ്പോൾ രാജാവ് ബേൽത്ത്ശസ്സർ എന്നും പേരുള്ള ദാനിയേലിനോട് ചോദിച്ചു: “നാം കണ്ട സ്വപ്നവും അതിന്റെ അർഥവും നിനക്കു പറയാമോ?” 27ദാനിയേൽ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാർക്കോ ആഭിചാരകന്മാർക്കോ ജ്യോതിശാസ്ത്രജ്ഞർക്കോ മന്ത്രവാദികൾക്കോ അങ്ങയെ അറിയിക്കാൻ കഴിയുന്നതല്ല; 28എന്നാൽ നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്; ഭാവികാലത്ത് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആ ദൈവം നെബുഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. അവിടുന്നു കിടക്കയിൽവച്ചു കണ്ട സ്വപ്നവും ദർശനങ്ങളും എന്തായിരുന്നെന്നു ഞാൻ പറയാം.” 29“മഹാരാജാവേ, ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്നുള്ള ചിന്ത കിടക്കയിൽവച്ച് തിരുമനസ്സിലുണ്ടായി. നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവം സംഭവിക്കാൻ പോകുന്നത് എന്തെന്ന് അങ്ങയെ അറിയിച്ചിരിക്കുന്നു. 30മറ്റാരേക്കാളും അധികമായ ജ്ഞാനം എനിക്കുണ്ടായിട്ടല്ല, ഈ നിഗൂഢരഹസ്യം എനിക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പിന്നെയോ ഇതിന്റെ പൊരുൾ അങ്ങ് അറിയാനും അങ്ങയുടെ ഹൃദയവിചാരം ഗ്രഹിക്കാനുമാണ്.
31രാജാവേ, അങ്ങു കണ്ട ദർശനം ഇതാണ്. ഒരു വലിയ പ്രതിമ, വലുതും ശോഭയേറിയതുമായ ആ പ്രതിമ അവിടുത്തെ മുമ്പിൽ നിന്നു. ഭീതി ജനിപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു അത്. 32അതിന്റെ ശിരസ്സ് തനിത്തങ്കംകൊണ്ടും നെഞ്ചും കരങ്ങളും വെള്ളികൊണ്ടും 33വയറും തുടകളും ഓടുകൊണ്ടും കാലുകൾ ഇരുമ്പുകൊണ്ടും പാദങ്ങൾ ഇരുമ്പും കളിമണ്ണുംകൊണ്ടുമാണ് നിർമിച്ചിരുന്നത്. 34അവിടുന്ന് ആ പ്രതിമയിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആരും തൊടാതെ ഒരു കല്ല് അടർന്നുവീണ് ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും കൊണ്ടു നിർമിച്ച പാദങ്ങൾ ഇടിച്ചു തകർത്തു. 35അപ്പോൾ ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും പൊന്നുമെല്ലാം വേനൽക്കാലത്ത് മെതിക്കളത്തിലെ പതിരുപോലെ തവിടുപൊടിയായി. അവയുടെ പൊടിപോലും എങ്ങും കാണാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമയുടെമേൽ വന്നുവീണ കല്ല് ഒരു മഹാപർവതമായി വളർന്നു ഭൂമിയിൽ എല്ലായിടവും നിറഞ്ഞു.
36ഇതായിരുന്നു രാജാവിന്റെ സ്വപ്നം. ഇതിന്റെ സാരവും ഞാൻ അവിടുത്തോടു പറയാം: 37മഹാരാജാവേ, അങ്ങു രാജാധിരാജനാകുന്നു; സ്വർഗസ്ഥനായ ദൈവം അങ്ങേക്കു രാജ്യവും ശക്തിയും മഹത്ത്വവും ബഹുമാനവും നല്‌കിയിരിക്കുന്നു. 38സർവമനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ദൈവം അങ്ങയെ ഏല്പിച്ചു; അങ്ങയെ എല്ലാറ്റിന്റെയും അധിപതിയാക്കിയിരിക്കുന്നു. അങ്ങാണ് തങ്കനിർമിതമായ ശിരസ്സ്. 39അങ്ങേക്കു ശേഷം ഒരു രാജ്യവുംകൂടി ഉണ്ടാകും. അത് അങ്ങയുടേതിനൊപ്പം വലുതായിരിക്കുകയില്ല. മൂന്നാമത്തെ രാജ്യം ഓടുകൊണ്ടുള്ളതാണ്. അതു ഭൂമി മുഴുവൻ അടക്കി ഭരിക്കും; 40നാലാമത്തെ രാജ്യം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പ്, സകലത്തെയും ഇടിച്ചു തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും ഇടിച്ചു തകർക്കും. 41അങ്ങു ദർശിച്ചതുപോലെ പാദങ്ങളും വിരലുകളും ഇരുമ്പും കളിമണ്ണും കൊണ്ടാണല്ലോ നിർമിച്ചിരിക്കുന്നത്. അത് വിഭജിക്കപ്പെട്ട ഒരു രാജ്യമായിരിക്കും. അതിന് ഇരുമ്പിൻറേതുപോലെ ശക്തിയുണ്ടായിരിക്കും. അത് ഇരുമ്പും കളിമണ്ണും ചേർന്നതാണല്ലോ. 42കാലിന്റെ വിരലുകൾ ഭാഗികമായി ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതായിരുന്നതുപോലെ ആ രാജ്യം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവുമായിരിക്കും. 43ഇരുമ്പും കളിമണ്ണും സമ്മിശ്രിതമായിരിക്കുന്നതായി അങ്ങു കണ്ടതുപോലെ ഈ രാജാക്കന്മാരുടെ കാലത്ത് അവരുടെ കുടുംബങ്ങൾ അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടും. എന്നാൽ ഇരുമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. 44ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് അനശ്വരമായിരിക്കും. അതു വേറൊരു ജനതയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയുമില്ല. ഈ രാജ്യങ്ങളെയെല്ലാം അതു പൂർണമായി നശിപ്പിക്കുകയും അത് എന്നേക്കും നിലനില്‌ക്കുകയും ചെയ്യും. 45ആരും തൊടാതെ ഒരു കല്ല് പർവതത്തിൽനിന്ന് അടർന്നു വീണ് ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വർണവും തകർത്തുകളഞ്ഞതായി അവിടുന്നു കണ്ടല്ലോ. ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ഉന്നതനായ ദൈവം അങ്ങയെ അറിയിക്കുകയാണു അതുമൂലം ചെയ്തിരിക്കുന്നത്. സ്വപ്നവും അതിന്റെ സാരവും ഇതുതന്നെ.
ദാനിയേലിനു പ്രതിഫലം നല്‌കുന്നു
46അപ്പോൾ നെബുഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനിയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിനുവേണ്ടി ഒരു വഴിപാടും ധൂപാർച്ചനയും നടത്തണമെന്നും രാജാവു കല്പിച്ചു. 47പിന്നീടു ദാനിയേലിനോടു പറഞ്ഞു: “താങ്കൾ ഈ രഹസ്യം വെളിപ്പെടുത്താൻ പ്രാപ്തനായതുകൊണ്ടു നിശ്ചയമായും നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധിരാജനും ആകുന്നു. അവിടുന്നു നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. 48രാജാവു ദാനിയേലിന് ഉന്നതബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും നല്‌കി. മാത്രമല്ല അദ്ദേഹത്തെ ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണാധിപനാക്കുകയും ബാബിലോണിലെ വിദ്വാന്മാരുടെ തലവനായി നിയമിക്കുകയും ചെയ്തു. 49ദാനിയേലിന്റെ അപേക്ഷപ്രകാരം ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ രാജാവ് സംസ്ഥാനത്തെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏല്പിച്ചു; ദാനിയേൽരാജാവിന്റെ കൊട്ടാരത്തിൽത്തന്നെ പാർത്തു.

Currently Selected:

DANIELA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy