YouVersion Logo
Search Icon

KOLOSA 3:5-16

KOLOSA 3:5-16 MALCLBSI

നിങ്ങളിൽ വ്യാപരിക്കുന്ന അസാന്മാർഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങൾ നിഗ്രഹിക്കണം. എന്തെന്നാൽ അനുസരണമില്ലാത്തവരുടെമേൽ ഇവമൂലം ദൈവത്തിന്റെ ശിക്ഷ വന്നുചേരുന്നു. ഒരു കാലത്ത് നിങ്ങൾ അവയ്‍ക്കു വിധേയരായിരുന്നു. അന്ന് അവ നിങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാൽ ഇന്ന് കോപം, അമർഷം, ദോഷം എന്നിവയെല്ലാം നിങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. അധിക്ഷേപവാക്കുകളോ, അശ്ലീലഭാഷണമോ നിങ്ങളുടെ അധരങ്ങളിൽനിന്നു പുറപ്പെടരുത്. നിങ്ങൾ അന്യോന്യം അസത്യം പറയരുത്. നിങ്ങളുടെ പഴയ മനുഷ്യനെ അവന്റെ പഴയ സ്വഭാവത്തോടുകൂടി നിഷ്കാസനം ചെയ്തിരിക്കുകയാണല്ലോ. ഇപ്പോൾ പുതിയ പ്രകൃതി നിങ്ങൾ ധരിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തെ പൂർണമായി നിങ്ങൾ അറിയുന്നതിനുവേണ്ടി ആ പ്രകൃതിയെ തന്റെ പ്രതിച്ഛായയിൽ അവിടുന്ന് അനുസ്യൂതം നവീകരിച്ചുകൊണ്ടിരിക്കുന്നു. അതിൽ യെഹൂദനെന്നോ, വിജാതീയനെന്നോ, പരിച്ഛേദനകർമത്തിനു വിധേയനോ അല്ലാത്തവനോ എന്നോ, ഭേദമില്ല; കിരാതൻ, അപരിഷ്കൃതൻ, ദാസൻ, സ്വതന്ത്രൻ എന്നീ ഭേദങ്ങളുമില്ല; ക്രിസ്തുവാണ് എല്ലാവരിലും എല്ലാം ആയിരിക്കുന്നത്. നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങൾ ധരിക്കണം. നിങ്ങൾ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരസ്പരം ക്ഷമിക്കുകയും വേണം. കർത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്. സർവോപരി, സമ്പൂർണമായ ഐക്യത്തിൽ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക. ക്രിസ്തുവിന്റെ സന്ദേശം അതിന്റെ സർവസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീർത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തിൽനിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy