YouVersion Logo
Search Icon

AMOSA 5:10-24

AMOSA 5:10-24 MALCLBSI

നഗരകവാടത്തിൽവച്ചു ന്യായത്തിന്റെ പേരിൽ ശാസിക്കുന്നവനെ നിങ്ങൾ ദ്വേഷിക്കുന്നു. പരമാർഥം പറയുന്നവനെ നിന്ദിക്കുന്നു. ദരിദ്രരെ നിങ്ങൾ പീഡിപ്പിക്കുന്നു; അവരുടെ ധാന്യം കവർച്ച ചെയ്യുന്നു. അതിനാൽ നിങ്ങളുടെ രമ്യഹർമ്യങ്ങളിൽ പാർക്കാൻ നിങ്ങൾക്കിടവരികയില്ല. നിങ്ങൾ നട്ടുണ്ടാക്കിയ മനോഹരമായ മുന്തിരിത്തോട്ടങ്ങളിലെ വീഞ്ഞു കുടിക്കാൻ നിങ്ങൾക്കിടയാവുകയില്ല. കാരണം, നിങ്ങളുടെ അകൃത്യങ്ങൾ എത്ര അധികമെന്നും നിങ്ങളുടെ പാപത്തിന്റെ വൈപുല്യം എന്തെന്നും എനിക്കറിയാം. നീതിനിഷ്ഠരെ നിങ്ങൾ പീഡിപ്പിക്കുന്നു; കൈക്കൂലി വാങ്ങി എളിയവർക്കു നീതി നിഷേധിക്കുന്നു. ബുദ്ധിമാനോ, കാലഗതിയോർത്തു വായടയ്‍ക്കുന്നു. നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു തിന്മവിട്ട് നന്മ തേടുക; അപ്പോൾ നിങ്ങൾ അവകാശപ്പെടുന്നതുപോലെ സർവശക്തനായ ദൈവം നിങ്ങളോടൊത്തു വസിക്കും. തിന്മ വെറുക്കുക; നന്മ ഇഷ്ടപ്പെടുക; ന്യായകവാടത്തിൽ നീതി നടപ്പാക്കുക. അപ്പോൾ സർവേശ്വരൻ, സർവശക്തനായ ദൈവം ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവരോടു കരുണ കാട്ടിയേക്കും. സർവേശ്വരൻ, സർവശക്തനായ ദൈവം അരുളിച്ചെയ്യുന്നു: “വഴിക്കവലകളിൽ വിലാപം ഉണ്ടാകും; തെരുവുകളിൽ മുറവിളി ഉയരും. അവർ വയലിൽനിന്നു പണിക്കാരെ വിലപിക്കാൻ വിളിക്കും. വിലാപം തൊഴിലാക്കിയവരെ അതിനായി നിയോഗിക്കും. ഞാൻ നിങ്ങളെ ശിക്ഷിക്കാൻ വരുമ്പോൾ മുന്തിരിത്തോട്ടങ്ങളിലെല്ലാം കൂട്ടനിലവിളി ഉണ്ടാകും. സർവേശ്വരന്റെ ദിവസത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങൾക്കു ഹാ! ദുരിതം. അന്നു നിങ്ങൾക്കു പ്രകാശമല്ല, കൊടിയ അന്ധകാരമായിരിക്കും ലഭിക്കുക. സിംഹത്തെ ഭയന്നോടുന്നവൻ കരടിയുടെ മുമ്പിൽ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോൾ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങൾക്ക് അപായം നേരിടും. സർവേശ്വരന്റെ ദിവസം വെളിച്ചമല്ല ഇരുളായിരിക്കും. കൊടിയ അന്ധകാരം തന്നെ. നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വെറുക്കുന്നു; നിങ്ങളുടെ മഹാസഭായോഗങ്ങളിൽ എനിക്കു പ്രീതിയില്ല. നിങ്ങളുടെ ഹോമയാഗങ്ങളിലും ധാന്യയാഗങ്ങളിലും ഞാൻ പ്രസാദിക്കുകയില്ല. സമാധാനയാഗമായി നിങ്ങൾ അർപ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാൻ തിരിഞ്ഞു നോക്കുകപോലുമില്ല. നിങ്ങളുടെ പാട്ടുകൾ നിർത്തൂ! നിങ്ങളുടെ വീണാനാദം എനിക്കു കേൾക്കേണ്ടാ. ധർമം വെള്ളംപോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെ പ്രവഹിക്കട്ടെ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy