YouVersion Logo
Search Icon

AMOSA 4

4
1ബാശാൻ പശുക്കളേ, ശമര്യയിലെ തടിച്ചുകൊഴുത്ത സ്‍ത്രീകളേ, ശ്രദ്ധിക്കുക: നിങ്ങൾ എളിയവരെ പീഡിപ്പിക്കുന്നു; ദരിദ്രരെ ഞെരുക്കുന്നു; നിങ്ങൾക്കു മദ്യം കൊണ്ടുവരാൻ ഭർത്താക്കന്മാരോട് ആജ്ഞാപിക്കുന്നു. 2സർവേശ്വരനായ ദൈവം തന്റെ വിശുദ്ധിയെ സാക്ഷിയാക്കി പറയുന്നു: “നിങ്ങളെ ഒന്നടങ്കം ചൂണ്ടയിൽ കൊളുത്തി വലിച്ചു കൊണ്ടുപോകുന്ന ദിനം വരുന്നു; 3മതിലിലെ വിടവുകളിലൂടെ നിങ്ങളെ ഓരോരുത്തരെയായി പുറത്താക്കി ഹർമ്മോനിലേക്ക് എറിഞ്ഞുകളയും.” ഇതു സർവേശ്വരന്റെ വചനം.
ഇസ്രായേൽ പഠിക്കുന്നില്ല
4“ബെഥേലിലും ഗിൽഗാലിലും ചെന്നു നിങ്ങൾ പാപം പെരുപ്പിക്കുന്നു. പ്രഭാതം തോറും നിങ്ങൾ വഴിപാടുകൾ അർപ്പിക്കുന്നു; മൂന്നുനാൾ കൂടുമ്പോൾ ദശാംശങ്ങൾ കൊണ്ടുവരുന്നു. 5പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുന്നു; സ്വമേധാദാനങ്ങൾ നല്‌കി സ്വയം പ്രശംസിക്കുന്നു.
6ഇതിലൊക്കെ ഭ്രമം കാട്ടുന്ന ഇസ്രായേല്യരേ, നിങ്ങളുടെ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാജ്യമാകെ ഞാൻ ക്ഷാമം വരുത്തിയിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല.” 7ഞാൻ മഴ മുടക്കി നിങ്ങൾക്കു വിളവില്ലാതെയാക്കി; ഒരു പട്ടണത്തിൽ ഞാൻ മഴ അയച്ചപ്പോൾ മറ്റൊന്നിൽ അയച്ചില്ല; ഒരു നിലത്തിനു മഴ ലഭിച്ചിട്ടും മറ്റൊന്നു വരണ്ടുപോയി. 8ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങൾ കുടിനീരിനായി മറ്റൊരു പട്ടണത്തിൽ പോയി; പക്ഷേ, മതിയാവോളം കുടിക്കാൻ ലഭിച്ചില്ല. എന്നിട്ടും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല. 9ഉഷ്ണക്കാറ്റും കീടബാധയും വരുത്തി നിങ്ങളുടെ വിളവുകൾ ഞാൻ നശിപ്പിച്ചു; നിങ്ങളുടെ കൃഷിയും മുന്തിരിത്തോട്ടവും ഞാൻ ഉണക്കിക്കളഞ്ഞു; അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളി തിന്നു തീർത്തു. എങ്കിലും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല.” 10“ഈജിപ്തിലെപ്പോലെ നിങ്ങളുടെ ഇടയിലും ഞാൻ ബാധ അയച്ചു; നിങ്ങളുടെ യുവാക്കളെ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാൻ പിടിച്ചുകൊണ്ടുപോയി. 11സൊദോം-ഗൊമോറയെപ്പോലെ നിങ്ങളിൽ ചിലരെ ഞാൻ നശിപ്പിച്ചു; തീയിൽനിന്നു വലിച്ചെടുത്ത തീക്കൊള്ളിപോലെ ശേഷിച്ചവർപോലും എങ്കലേക്കു തിരിഞ്ഞില്ല.
12അതുകൊണ്ട് ഇസ്രായേൽജനമേ, ഞാൻ ഇങ്ങനെ നിങ്ങളോടു പ്രവർത്തിക്കും. നിങ്ങളുടെ ദൈവത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളുക. 13അവിടുന്നു മലകളെ മെനയുന്നു; കാറ്റുകളെ സൃഷ്‍ടിക്കുന്നു. തിരുഹിതം മനുഷ്യർക്കു വെളിപ്പെടുത്തുന്നു. അവിടുന്നു പ്രഭാതത്തെ ഇരുട്ടാക്കുന്നു. ഭൂമിയുടെ ഉന്നതങ്ങളിൽ ചരിക്കുന്നു. സർവശക്തനായ ദൈവം, സർവേശ്വരൻ എന്നാകുന്നു അവിടുത്തെ നാമം.

Currently Selected:

AMOSA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy