YouVersion Logo
Search Icon

AMOSA 1

1
1തെക്കോവയിലെ ആട്ടിടയരിൽ ഒരുവനായ ആമോസിന് ഇസ്രായേലിനെക്കുറിച്ചു ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്: ഉസ്സീയാ യെഹൂദ്യയിലും യോവാശിന്റെ പുത്രനായ യെരോബയാം ഇസ്രായേലിലും വാണിരുന്ന കാലത്തുണ്ടായ ഭൂകമ്പത്തിനു രണ്ടു വർഷം മുമ്പായിരുന്നു ഈ അരുളപ്പാടു ലഭിച്ചത്.
2ആമോസ് പറഞ്ഞു: “സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമിൽനിന്നു മുഴങ്ങും; മേച്ചിൽസ്ഥലങ്ങൾ ഉണങ്ങും. കർമ്മേലിന്റെ കൊടുമുടി വാടിക്കരിയും.”
ഇസ്രായേലിന്റെ അയൽക്കാർക്കുള്ള ന്യായവിധി
സിറിയാ
3സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ദമാസ്കസ്നിവാസികളുടെ നിരന്തരപാപങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. ഗിലെയാദ്നിവാസികളെ അവർ ഇരുമ്പു മെതിയന്ത്രം കൊണ്ടെന്നപോലെ പീഡിപ്പിച്ചുവല്ലോ. 4ഹസായേൽവംശത്തെ ഞാൻ നശിപ്പിക്കും. അതുകൊണ്ട് ബെൻ-ഹദദിന്റെ കോട്ടകളെ ഞാൻ ചുട്ടെരിക്കും.” 5“ദമാസ്കസിന്റെ നഗരവാതിലുകൾ ഞാൻ തകർക്കും; ആവെൻതാഴ്‌വരയിലുള്ളവരെ നശിപ്പിക്കും. ഏദൻഗൃഹത്തിൽ ചെങ്കോലാണ്ടവനെ ഞാൻ ഛേദിച്ചുകളയും, സിറിയാക്കാർ പ്രവാസികളായി കീറിലേക്കു പോകും. ഇതു സർവേശ്വരന്റെ വചനം.
ഫെലിസ്ത്യ
6സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഗസ നിവാസികളുടെ നിരന്തരപാപങ്ങളുടെ പേരിൽ ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. 7അവർ ഒരു ജനതയെ മുഴുവൻ എദോമിന് അടിമപ്പെടുത്തിയതുമൂലം ഗസയിൽ ഞാൻ തീ വർഷിച്ച് അതിന്റെ കോട്ടകൾ ചുട്ടെരിക്കും. 8അസ്തോദ്നിവാസികളെ ഞാൻ നശിപ്പിക്കും. അസ്കലോൻരാജാവിനെ ഉന്മൂലനം ചെയ്യും. എക്രോനെതിരെ ഞാൻ കൈ ഉയർത്തും; ഫെലിസ്ത്യരിൽ ശേഷിച്ചവർ നശിച്ചുപോകും.” ഇതു സർവേശ്വരന്റെ വചനം.
സോർ
9സർവേശ്വരൻ അരുളിച്ചെയ്യുന്നു: “#1:9 സോർ = ഇപ്പോൾ ടൈർ എന്നറിയപ്പെടുന്നു.സോർ നിവാസികളുടെ നിരന്തരപാപങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. സാഹോദര്യത്തിന്റെ ഉടമ്പടി വിസ്മരിച്ച് ഒരു ജനതയെ മുഴുവൻ എദോമിന് അടിമപ്പെടുത്തിയ 10സോരിന്റെ മതിലുകളെ ഞാൻ ഭസ്മീകരിക്കും. ഇതു സർവേശ്വരന്റെ വചനം.”
എദോം
11സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എദോമ്യരുടെ നിരവധി പാപങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ സഹോദരന്മാരെ നിഷ്കരുണം വാളോങ്ങി പിന്തുടർന്നു; അവരുടെ കോപം കെട്ടടങ്ങാതെ ജ്വലിച്ചുകൊണ്ടേയിരുന്നു. 12അതുകൊണ്ടു തേമാനിന്മേൽ ഞാൻ അഗ്നി വർഷിക്കും; ബൊസ്രയിലെ കോട്ടകൾ ഭസ്മീകരിക്കും.”
അമ്മോൻ
13സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ നിരന്തരപാപങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. രാജ്യം വിസ്തൃതമാക്കാൻ യുദ്ധം ചെയ്തപ്പോൾ അവർ ഗിലെയാദിലെ ഗർഭിണികളെപ്പോലും പിളർന്നുകളഞ്ഞു. 14അതുകൊണ്ട് രബ്ബാനഗരത്തിന്റെ കോട്ടകൾക്കു ഞാൻ തീ കൊളുത്തും; യുദ്ധകോലാഹലത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഉഗ്രതയോടെ അവ കത്തിയെരിയും. 15അവരുടെ രാജാവ് തന്റെ പ്രഭുക്കന്മാരോടൊത്ത് പ്രവാസത്തിലേക്കു പോകുന്നു. ഇതു സർവേശ്വരന്റെ വചനം.”

Currently Selected:

AMOSA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy