YouVersion Logo
Search Icon

TIRHKOHTE മുഖവുര

മുഖവുര
യേശുവിന്റെ അനുയായികൾ ആദ്യകാലത്ത് എങ്ങനെ പരിശുദ്ധാത്മാവിനാൽ വഴി കാണിക്കപ്പെട്ടു എന്നും എങ്ങനെയാണ് അവർ യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും സുവിശേഷം പ്രചരിപ്പിച്ചതെന്നും വിവരിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം (1:8). യെഹൂദന്മാരുടെ ഇടയിൽ സമാരംഭിച്ച ക്രിസ്തുമതപ്രസ്ഥാനം ലോകവ്യാപകമായി വികസിച്ചു എന്നു ഗ്രന്ഥകർത്താവ് ചൂണ്ടിക്കാണിക്കുന്നു.
റോമാസാമ്രാജ്യത്തിനു വിരോധമായി പ്രവർത്തിക്കുന്ന ഒരു വിദ്ധ്വംസക രാഷ്ട്രീയ പ്രസ്ഥാനമല്ല ക്രൈസ്തവസഭയെന്ന് അനുവാചകരെ ബോധ്യപ്പെടുത്തുവാനും യഹൂദമതത്തിന്റെ പൂർത്തീകരണമാണ് ക്രിസ്തുമതം എന്നു സ്ഥാപിക്കുവാനും എഴുത്തുകാരൻ ശ്രമിക്കുന്നു.
ഈ പുസ്തകത്തെ മുഖ്യമായി മൂന്നായി ഭാഗിക്കാം:
(1) ക്രിസ്തുമാർഗപ്രസ്ഥാനം യെരൂശലേമിൽ ജന്മമെടുക്കുന്നു.
(2) പലസ്തീൻ നാടിന്റെ നാനാഭാഗങ്ങളിലേക്കും അതു വ്യാപിക്കുന്നു.
(3) മെഡിറ്ററേനിയൻ ലോകത്തെല്ലായിടത്തും പടർന്നു പന്തലിച്ച ഈ പ്രസ്ഥാനം റോമിൽവരെ എത്തുന്നു.
പെന്തെക്കോസ്തുനാളിൽ യെരൂശലേമിൽവച്ച് വിശ്വാസികളുടെമേൽ ശക്തിയോടെ വന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെയും ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള എല്ലാ സംഭവങ്ങളിലും ആദിമ ക്രൈസ്തവസഭയ്‍ക്കും സഭാനേതാക്കൾക്കും പരിശുദ്ധാത്മാവു നല്‌കിയ വഴികാട്ടലിനെയും രേഖപ്പെടുത്തുന്നതിൽ എഴുത്തുകാരൻ പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുള്ളതായി കാണാം.
ആദിമസഭയുടെ സന്ദേശം എന്തായിരുന്നു എന്ന് ഏതാനും പ്രഭാഷണങ്ങളിലൂടെ ഗ്രന്ഥകാരൻ സംഗ്രഹിച്ചു വ്യക്തമാക്കുന്നു. ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള സംഭവങ്ങളിൽ ആ സന്ദേശത്തിന്റെ ഉജ്ജ്വലശക്തി പ്രകടമാകുന്നുമുണ്ട്.
പ്രതിപാദ്യക്രമം
സാക്ഷികളായിത്തീരുവാനുള്ള ഒരുക്കം 1:1-26
a) യേശുവിന്റെ അന്ത്യകല്പനയും വാഗ്ദാനവും 1:1-14
b) യൂദാസിനു പകരമുള്ള ആൾ 1:15-26
യെരൂശലേമിലുള്ള സാക്ഷ്യം 2:1-8:3
യെഹൂദ്യയിലും ശമര്യയിലുമുള്ള സാക്ഷ്യം 8:4-12:25
പൗലൊസിന്റെ പ്രവർത്തനങ്ങൾ 13:1-28:31
a) ഒന്നാമത്തെ മിഷനറിയാത്ര 13:1-14:28
b) യെരൂശലേമിലെ ഒന്നാമത്തെ കോൺഫറൻസ് 15:1-35
c) രണ്ടാമത്തെ മിഷനറിയാത്ര 15:36-18:22
db) മൂന്നാമത്തെ മിഷനറിയാത്ര 18:23-21:16
e) പൗലൊസ് കൈസര്യയിലും റോമിലും 21:17-28:31

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy