YouVersion Logo
Search Icon

TIRHKOHTE 9:1-21

TIRHKOHTE 9:1-21 MALCLBSI

കർത്താവിന്റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ശൗൽ ഭീഷണി മുഴക്കി. ക്രിസ്തുമാർഗം സ്വീകരിച്ച സ്‍ത്രീകളെയോ പുരുഷന്മാരെയോ കണ്ടാൽ, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകൾ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്റെ പക്കൽനിന്ന് അദ്ദേഹം വാങ്ങി. അങ്ങനെ ശൗൽ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തൽക്ഷണം അദ്ദേഹം നിലംപതിച്ചു; “ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു. “അങ്ങ് ആരാകുന്നു കർത്താവേ?” എന്നു ശൗൽ ചോദിച്ചു. “നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു. ശൗലിനോടുകൂടി യാത്രചെയ്തിരുന്നവർ ആ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല. അവർ സ്തംഭിച്ചുനിന്നുപോയി. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നു; പക്ഷേ, ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് സഹയാത്രികർ അദ്ദേഹത്തെ കൈക്കുപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസം അദ്ദേഹം കണ്ണു കാണാതെയും എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതെയും കഴിച്ചുകൂട്ടി. ദമാസ്കസിൽ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ദർശനത്തിൽ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കർത്താവേ അടിയൻ ഇതാ” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ കർത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേർവീഥി എന്ന തെരുവിൽ യൂദയുടെ വീട്ടിൽ ചെന്ന് തർസൊസുകാരനായ ശൗൽ എന്നയാളിനെ അന്വേഷിക്കുക; അവൻ പ്രാർഥിക്കുന്നു. തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാൾ വന്നു തന്റെ തലയിൽ കൈകൾ വയ്‍ക്കുന്നതായി ഒരു ദർശനത്തിൽ അവൻ കണ്ടിരിക്കുന്നു.” അനന്യാസ് അതിനു മറുപടിയായി, “കർത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങൾക്ക് ആ മനുഷ്യൻ വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്; ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ബന്ധനസ്ഥരാക്കാൻ മഹാപുരോഹിതന്മാരുടെ അധികാരപത്രവുമായിട്ടാണ് അയാൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. കർത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽജനതയുടെയും മുമ്പിൽ എന്റെ നാമം വഹിക്കുന്നതിന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാൾ. എനിക്കുവേണ്ടി എന്തെല്ലാം കഷ്ടതകൾ അയാൾ സഹിക്കേണ്ടതുണ്ട് എന്നു ഞാൻ തന്നെ അയാൾക്കു കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു. അതനുസരിച്ച് അനന്യാസ് ആ വീട്ടിൽ ചെന്നു, ശൗലിന്റെമേൽ കൈകൾ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്റെ പൂർണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയിൽവച്ചു താങ്കൾക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.” ഉടനെ ശൗലിന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ ഏതോ ഒന്നു താഴെ വീണു. തൽക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു; ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു. ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗൽ കുറെനാൾ പാർത്തു. താമസംവിനാ, യേശു ദൈവപുത്രൻ തന്നെ എന്ന് അദ്ദേഹം സുനഗോഗുകളിൽ പ്രഖ്യാപനം ചെയ്തു തുടങ്ങി. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരെല്ലാം അദ്ഭുതപ്പെട്ടു. അവർ ചോദിച്ചു: “ഈ മനുഷ്യനല്ലേ യെരൂശലേമിൽ യേശുവിന്റെ നാമം ഉച്ചരിക്കുന്നവരെയെല്ലാം നശിപ്പിച്ചുകൊണ്ടിരുന്നത്? അങ്ങനെയുള്ളവരെ പിടിച്ചുകെട്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലേ അയാൾ ഇവിടെയും വന്നത്?”

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy