YouVersion Logo
Search Icon

TIRHKOHTE 4:1-22

TIRHKOHTE 4:1-22 MALCLBSI

പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു. അപ്പോസ്തോലന്മാർ പ്രബോധിപ്പിക്കുകയും മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ട് പുനരുത്ഥാനത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തതിനാൽ അവർക്ക് അമർഷമുണ്ടായി. അവർ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാൽ പിറ്റേന്നാൾവരെ തടങ്കലിൽ വയ്‍ക്കുകയും ചെയ്തു. എന്നാൽ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകൾ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി. പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമിൽ ഒരുമിച്ചുകൂടി. മഹാപുരോഹിതനായ ഹന്നാസും കയ്യഫാസും യോഹന്നാനും അലക്സാണ്ടറും മഹാപുരോഹിതകുടുംബത്തിൽപ്പെട്ട എല്ലാവരും അവിടെ കൂടിയിരുന്നു. അവർ അപ്പോസ്തോലന്മാരെ മധ്യത്തിൽ നിറുത്തിക്കൊണ്ടു ചോദിച്ചു: “എന്തധികാരംകൊണ്ട് അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു ചെയ്തത്?” അപ്പോൾ പത്രോസ് പരിശുദ്ധാത്മപൂർണനായി ഇപ്രകാരം പറഞ്ഞു: “ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാൾ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, നിങ്ങൾ ക്രൂശിക്കുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുവിന്റെ നാമത്തിൽത്തന്നെയാണ് ഈ മനുഷ്യൻ പൂർണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങൾ എല്ലാവരും അറിഞ്ഞുകൊള്ളുക. ‘വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.’ ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാൻ ആകാശത്തിന്റെ കീഴിൽ മറ്റൊരു നാമവും മനുഷ്യർക്കു നല്‌കപ്പെട്ടിട്ടില്ല.” പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോൾ, അവിടെ കൂടിയിരുന്നവർ ആശ്ചര്യപ്പെടുകയും അവർ യേശുവിന്റെ സഹചാരികൾ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു. എന്നാൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ അപ്പോസ്തോലന്മാരുടെകൂടെ നില്‌ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തു പറയുവാൻ കഴിഞ്ഞില്ല. അപ്പോസ്തോലന്മാർ പുറത്തിറങ്ങി നില്‌ക്കാൻ സന്നദ്രിംസംഘം ആജ്ഞാപിച്ചു. പിന്നീട് അവർ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാൻ നമുക്കു സാധ്യവുമല്ല. എന്നാൽ ജനങ്ങളുടെ ഇടയിൽ ഈ വാർത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവർ മേലിൽ ആരോടും ഒരിക്കലും ഈ നാമത്തിൽ സംസാരിക്കരുതെന്നു താക്കീതു നല്‌കാം.” അനന്തരം അവർ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കർശനമായി ആജ്ഞാപിച്ചു. എന്നാൽ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ശരിയാണോ? നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.” എന്നാൽ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാൽ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാൻ ഒരു പഴുതും കണ്ടില്ല. അതിനാൽ അവർക്കു വീണ്ടും ശക്തമായ താക്കീതു നല്‌കി വിട്ടയച്ചു. അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേൽ പ്രായമുണ്ടായിരുന്നു.

Free Reading Plans and Devotionals related to TIRHKOHTE 4:1-22