YouVersion Logo
Search Icon

TIRHKOHTE 26

26
1അഗ്രിപ്പാ പൗലൊസിനോടു പറഞ്ഞു: “നിങ്ങൾക്കു പറയാനുള്ളതു പറയാം. അപ്പോൾ പൗലൊസ് കൈനീട്ടിക്കൊണ്ടു പ്രതിവാദിച്ചു:
2-3“അല്ലയോ അഗ്രിപ്പാരാജാവേ, യെഹൂദ ജനതയുടെ ആചാരങ്ങളും അവരുടെ ഇടയിലുള്ള തർക്കങ്ങളും അങ്ങേക്കു സുപരിചിതങ്ങളാണല്ലോ. അതുകൊണ്ട് അവർ എന്റെമേൽ ചുമത്തുന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അങ്ങയുടെ മുമ്പിൽവച്ച് പ്രതിവാദിക്കുവാൻ ഇടവന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. ഞാൻ പറയുന്നത് അങ്ങു ക്ഷമയോടെ കേൾക്കണമെന്ന് അപേക്ഷിക്കുന്നു.
4“ബാല്യംമുതൽ എന്റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ എങ്ങനെയാണു ജീവിച്ചതെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാവുന്നതാണ്. 5യെഹൂദമതാനുഷ്ഠാനങ്ങളിൽ ഏറ്റവും തീക്ഷ്ണതയുള്ള പരീശ കക്ഷിയിൽപ്പെട്ട ഒരുവനാണു ഞാനെന്ന് ആദിമുതല്‌ക്കേ അവർക്കറിയാം. 6മനസ്സുണ്ടെങ്കിൽ അവർ സാക്ഷ്യം വഹിക്കട്ടെ. ഞങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഇന്നു ഞാൻ ഇവിടെ വിസ്തരിക്കപ്പെടുന്നത്. 7ആ വാഗ്ദാനം പ്രാപിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പന്ത്രണ്ടു ഗോത്രങ്ങളും രാവും പകലും ആരാധനാനിരതരായി പ്രത്യാശിക്കുന്നു. ആ പ്രത്യാശയുടെ പേരിലാണ്, മഹാരാജാവേ, എന്നിൽ കുറ്റമാരോപിക്കുന്നത്. 8ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നത് നിങ്ങൾക്ക് അവിശ്വസനീയമായി തോന്നുന്നത് എന്തുകൊണ്ട്?
9“നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്തൊക്കെ ചെയ്യുവാൻ കഴിയുമോ, അതൊക്കെ ചെയ്യേണ്ടതാണെന്നു ഞാൻ ഒരുകാലത്തു കരുതിയിരുന്നു. 10അതുതന്നെയാണ് ഞാൻ യെരൂശലേമിൽ ചെയ്തത്. പുരോഹിതമുഖ്യന്മാരിൽ നിന്ന് അധികാരപത്രം വാങ്ങിക്കൊണ്ട് യേശുവിന്റെ അനുയായികളായ വിശുദ്ധന്മാരിൽ പലരെയും ഞാൻ കാരാഗൃഹത്തിലാക്കി. അവരെ നിഗ്രഹിക്കുന്നതിനെ ഞാൻ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. 11സുനാഗോഗുകളിലെല്ലാം ചെന്ന് ഞാൻ പലപ്പോഴും അവരെ ദണ്ഡിപ്പിക്കുകയും തങ്ങളുടെ വിശ്വാസമുപേക്ഷിച്ച് ദൈവത്തെ ദുഷിക്കുവാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. അവരോടുള്ള കോപാവേശത്താൽ ഇതര നഗരങ്ങളിൽപോലും പോയി ഞാൻ അവരെ പീഡിപ്പിച്ചു.
മാനസാന്തരത്തെപ്പറ്റി
(അപ്പോ. പ്ര. 9:1-19; 22:6-16)
12“അതിനുവേണ്ടിയാണ് പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരപത്രവും ഉത്തരവും വാങ്ങിക്കൊണ്ട് ഞാൻ ദമാസ്കസിലേക്കു പോയത്. 13അല്ലയോ രാജാവേ, മാർഗമധ്യേ, മധ്യാഹ്നസമയത്ത്, സൂര്യപ്രകാശത്തെ അതിശയിക്കുന്ന ഒരു പ്രകാശം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്രചെയ്തവരുടെയും ചുറ്റും മിന്നിത്തിളങ്ങി. 14ഉടനെ ഞങ്ങളെല്ലാവരും നിലംപതിച്ചു: ‘ശൗലേ, ശൗലേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? മുള്ളിന്റെ നേരെ ഉതയ്‍ക്കുന്നതുമൂലം നിനക്കു തന്നെയാണു വേദനിക്കുന്നത്’ എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്ന ഒരു ശബ്ദം ഞാൻ കേൾക്കുകയും ചെയ്തു. 15‘കർത്താവേ, അവിടുന്ന് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. 16ഉടനെ കർത്താവ് അരുൾചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റ് നിവർന്നു നില്‌ക്കുക; നീ #26:16 ‘ഇന്ന് എന്നെ ദർശിച്ചു എന്നതിനും’ - ചില കൈയെഴുത്തു പ്രതികളിൽ ‘ഇന്നു ദർശിച്ചതിനും’ എന്നു മാത്രമേ ഉള്ളൂ.ഇന്ന് എന്നെ ദർശിച്ചു എന്നതിനും, ഇനിയും ഞാൻ നിനക്കു കാണിച്ചു തരുവാൻ പോകുന്ന കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ, എന്റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാൻ നിനക്കു പ്രത്യക്ഷനായത്. 17ഇസ്രായേൽജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. 18അവരുടെ കണ്ണുകൾ തുറന്ന് ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവർ പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തിൽ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്.
19“അതുകൊണ്ട്, അല്ലയോ അഗ്രിപ്പാരാജാവേ, ആ സ്വർഗീയദർശനത്തെ ഞാൻ അനുസരിക്കുക മാത്രമാണു ചെയ്തത്. 20എല്ലാവരും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയണമെന്നും മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യണമെന്നും, ആദ്യം ദമാസ്കസിലും പിന്നീട് യെരൂശലേമിലും അതിനുശേഷം യെഹൂദ്യനാട്ടിലെല്ലായിടത്തും, വിജാതീയരുടെ ഇടയിലും ഞാൻ പ്രസംഗിച്ചു. 21ഇക്കാരണത്താലാണ് യെഹൂദന്മാർ ദേവാലയത്തിൽവച്ച് എന്നെ പിടിച്ചു വധിക്കുവാൻ ഉദ്യമിച്ചത്. 22ഇന്നുവരെ ദൈവത്തിന്റെ സഹായം എനിക്കു ലഭിച്ചു. അതുകൊണ്ടു വലിയവരോടും ചെറിയവരോടും ഒരുപോലെ ഇവിടെ നിന്നുകൊണ്ട് എന്റെ സാക്ഷ്യം പറയുന്നു. 23ക്രിസ്തു കഷ്ടം അനുഭവിക്കണമെന്നും, അവിടുന്നു മരിച്ചവരിൽനിന്ന് ആദ്യമായി പുനരുത്ഥാനം ചെയ്ത് സ്വജാതീയർക്കും വിജാതീയർക്കും രക്ഷയുടെ ഉദയം വിളംബരം ചെയ്യുമെന്നും മോശയും പ്രവാചകന്മാരും പറഞ്ഞിട്ടുണ്ടല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ പറയുന്നില്ല.”
24പൗലൊസ് ഇപ്രകാരം പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ് ഉച്ചത്തിൽ പറഞ്ഞു: “പൗലൊസേ, നിങ്ങൾക്കു ഭ്രാന്താണ്; അമിതവിജ്ഞാനം നിങ്ങളെ ഭ്രാന്തുപിടിപ്പിച്ചിരിക്കുന്നു.”
25എന്നാൽ പൗലൊസ് പ്രതിവചിച്ചു: “ബഹുമാന്യനായ ഫെസ്തോസേ, എനിക്കു ഭ്രാന്തില്ല; ഞാൻ പറയുന്നതു സത്യവും സമചിത്തതയോടു കൂടിയതും ആകുന്നു. 26അങ്ങേക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. അതുകൊണ്ടു ഞാൻ സധൈര്യം അങ്ങയോടു പറയുന്നു: ഈ കാര്യങ്ങളൊന്നും അങ്ങയുടെ ശ്രദ്ധയിൽ പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോധ്യമുണ്ട്. എന്തെന്നാൽ ഇവയൊന്നും വല്ല മുക്കിലോ മൂലയിലോ വച്ചു നടന്ന സംഭവങ്ങളല്ല. 27അല്ലയോ അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നുണ്ടെന്ന് എനിക്കറിയാം.”
28അപ്പോൾ രാജാവ് പൗലൊസിനോടു പറഞ്ഞു: “അല്പസമയംകൊണ്ട് താങ്കൾ എന്നെയും ഒരു ക്രിസ്ത്യാനിയാകുവാൻ പ്രേരിപ്പിക്കുന്നു.”
29പൗലൊസ് പറഞ്ഞു: “അങ്ങു മാത്രമല്ല, ഇന്ന് എന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ചുരുങ്ങിയ സമയംകൊണ്ടായാലും ദീർഘസമയംകൊണ്ടായാലും, ഈ ബന്ധനം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും എന്നെപ്പോലെയാകണമെന്നത്രേ ദൈവത്തോടുള്ള എന്റെ പ്രാർഥന.”
30അപ്പോൾ രാജാവും ഗവർണറും ബെർന്നീക്കയും മറ്റുള്ള എല്ലാവരും എഴുന്നേറ്റു. 31അവർ അല്പം മാറിനിന്ന് അന്യോന്യം പറഞ്ഞു: “വധശിക്ഷയോ തടവോ അർഹിക്കുന്നതൊന്നും ഇയാൾ ചെയ്തിട്ടില്ല.” 32അഗ്രിപ്പാരാജാവു ഫെസ്തൊസിനോടു പറഞ്ഞു: “ഇയാൾ കൈസറുടെ അടുക്കൽ മേൽവിചാരണയ്‍ക്ക് അപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഇയാളെ വിട്ടയയ്‍ക്കാമായിരുന്നു.”

Currently Selected:

TIRHKOHTE 26: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy