YouVersion Logo
Search Icon

TIRHKOHTE 23:16-35

TIRHKOHTE 23:16-35 MALCLBSI

ഈ പതിയിരിപ്പിനെപ്പറ്റി പൗലൊസിന്റെ സഹോദരീപുത്രന് അറിവുകിട്ടി. അയാൾ പാളയത്തിൽ ചെന്നു പൗലൊസിനോടു വിവരം പറഞ്ഞു. പൗലൊസ് ഒരു ശതാധിപനെ വിളിച്ച്, “ഇയാൾക്ക് സഹസ്രാധിപനോട് എന്തോ പറയാനുണ്ട്; അതുകൊണ്ട് ഇയാളെ അദ്ദേഹത്തിന്റെ അടുക്കലേക്കു കൊണ്ടുപോകണം” എന്നു പറഞ്ഞു. ശതാധിപൻ അയാളെ കൂട്ടിക്കൊണ്ട് സഹസ്രാധിപന്റെ അടുത്തുചെന്ന്, “ഇയാൾക്ക് അങ്ങയോട് എന്തോ പറയാനുണ്ട് എന്നു തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു പറഞ്ഞു” എന്നറിയിച്ചു. സൈന്യാധിപൻ അയാളെ കൈക്കുപിടിച്ചു മാറ്റി നിറുത്തിക്കൊണ്ട്, “എന്നോട് എന്താണു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. അയാൾ പറഞ്ഞു: “പൗലൊസിനെ കൂടുതൽ സൂക്ഷ്മമായി വിസ്തരിക്കുവാനെന്ന ഭാവത്തിൽ, നാളെ സന്നദ്രിംസംഘത്തിന്റെ മുമ്പാകെ കൊണ്ടുചെല്ലുന്നതിനുവേണ്ടി അങ്ങയോട് അഭ്യർഥിക്കുവാൻ യെഹൂദന്മാർ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അങ്ങ് അതിനു വഴങ്ങരുത്; അവരിൽ നാല്പതിൽപരം ആളുകൾ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവർ കാത്തിരിക്കുകയാണ്. ഈ വിവരം തന്നെ അറിയിച്ചത് ആരോടും പറയരുതെന്ന് ആജ്ഞാപിച്ചശേഷം അദ്ദേഹം അയാളെ വിട്ടയച്ചു. പിന്നീട് സൈന്യാധിപൻ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് “ഇന്നുരാത്രി ഒൻപതു മണിക്കു കൈസര്യയിലേക്കു പോകുന്നതിന് ഇരുനൂറു പടയാളികളെയും അവരോടൊപ്പം എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു കുന്തക്കാരെയും തയ്യാറാക്കുക. പൗലൊസിന്റെ യാത്രയ്‍ക്ക് ആവശ്യമുള്ള കുതിരകളെയും നല്‌കണം; അങ്ങനെ അദ്ദേഹത്തെ ഗവർണർ ഫെലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കണം” എന്ന് ആജ്ഞാപിച്ചു. താഴെപ്പറയുന്ന പ്രകാരം ഒരു കത്തും അദ്ദേഹമെഴുതി: ക്ലൗദ്യോസ് ലുസിയാസ്, അഭിവന്ദ്യനായ ഗവർണർ ഫെലിക്സിന് എഴുതുന്നത്: അങ്ങേക്ക് എന്റെ അഭിവാദനങ്ങൾ! ഈ മനുഷ്യനെ യെഹൂദന്മാർ പിടിച്ചു വധിക്കുവാൻ ഭാവിച്ചപ്പോൾ, ഇയാൾ ഒരു റോമാപൗരനാണെന്നറിഞ്ഞ്, ഞാൻ പട്ടാളക്കാരോടുകൂടി ചെന്ന് ഇയാളെ രക്ഷിച്ചു. അവർ ആരോപിച്ച കുറ്റം എന്താണെന്ന് അറിയുവാനുള്ള ആഗ്രഹത്തോടെ, അവരുടെ സന്നദ്രിംസംഘത്തിന്റെ മുമ്പിൽ ഞാൻ ഇയാളെ കൊണ്ടുചെന്നു. അവരുടെ ധർമശാസ്ത്രം സംബന്ധിച്ച പ്രശ്നങ്ങളുടെ പേരിലാണ് ഇയാളുടെമേൽ കുറ്റം ചുമത്തിയിരുന്നതെന്നും, വധശിക്ഷയ്‍ക്കോ തടവിനോ അർഹമായ കുറ്റമൊന്നും ഇയാൾ ചെയ്തിട്ടില്ലെന്നും എനിക്കു ബോധ്യമായി. ഇയാൾക്കെതിരെ അവർ ഗൂഢാലോചന നടത്തുന്നുവെന്ന് എനിക്ക് അറിവുകിട്ടിയ ക്ഷണത്തിൽത്തന്നെ ഞാൻ ഇയാളെ അങ്ങയുടെ അടുക്കലേക്ക് അയയ്‍ക്കുകയാണ്. ഇയാൾക്ക് എതിരെ പരാതിക്കാർക്കു പറയാനുള്ളത് അങ്ങയുടെ അടുക്കൽ ബോധിപ്പിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യാധിപന്റെ ഉത്തരവനുസരിച്ച്, പടയാളികൾ രാത്രിയിൽത്തന്നെ പൗലൊസിനെ കൂട്ടിക്കൊണ്ട് അന്തിപ്പത്രിസ് വരെയെത്തി. പിറ്റേദിവസം കുതിരപ്പടയാളികളെ മാത്രം അദ്ദേഹത്തിന്റെകൂടെ അയച്ചശേഷം മറ്റുള്ളവർ പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവർ കൈസര്യയിലെത്തി ഗവർണർക്കു കത്തു സമർപ്പിച്ചശേഷം പൗലൊസിനെ അദ്ദേഹത്തിന്റെ മുമ്പിൽ ഹാജരാക്കി. എഴുത്തു വായിച്ചിട്ട് പൗലൊസ് ഏതു സംസ്ഥാനക്കാരനാണെന്നു ഗവർണർ ചോദിച്ചു. കിലിക്യക്കാരൻ എന്നറിഞ്ഞപ്പോൾ “വാദികൾകൂടി വന്നിട്ടു വിസ്തരിക്കാം” എന്നു പറഞ്ഞ് പൗലൊസിനെ ഹേരോദായുടെ ആസ്ഥാനത്തു സൂക്ഷിക്കുവാൻ അദ്ദേഹം ആജ്ഞാപിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy