YouVersion Logo
Search Icon

2 TIMOTHEA 2

2
ക്രിസ്തുയേശുവിന്റെ വിശ്വസ്ത പടയാളി
1എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപാവരത്താൽ നീ ശക്തിയുള്ളവനായിരിക്കുക. 2അനേകം സാക്ഷികളുടെ മുമ്പിൽവച്ച് നീ എന്നിൽനിന്നു കേട്ട കാര്യങ്ങൾ മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാൻ പ്രാപ്തിയുള്ള വിശ്വസ്തരായ ആളുകളെ ഭരമേല്പിക്കുക.
3ക്രിസ്തുയേശുവിന്റെ ധർമഭടനെന്ന നിലയിൽ കഷ്ടതയിൽ നിന്റെ പങ്കുവഹിക്കുക. 4സൈനിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പടയാളിയും അന്യകാര്യങ്ങളിൽ ഉൾപ്പെടാറില്ല. എന്തെന്നാൽ തന്നെ പടയാളിയാക്കിയവനെ തൃപ്തിപ്പെടുത്തുക എന്നതാണ് അവന്റെ ലക്ഷ്യം. 5നിയമാനുസൃതം മത്സരിക്കാതെ കായികാഭ്യാസിക്ക് വിജയത്തിന്റെ കിരീടം ലഭിക്കുകയില്ല. 6അധ്വാനിക്കുന്ന കർഷകനാണ് വിളവിന്റെ ആദ്യപങ്കു ലഭിക്കേണ്ടത്. 7ഞാൻ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കർത്താവു നിനക്കു തരും.
8ദാവീദിന്റെ വംശജനും മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. 9ഇതാകുന്നു ഞാൻ പ്രബോധിപ്പിച്ച സുവിശേഷം. ഈ സുവിശേഷത്തിനു വേണ്ടിയത്രേ ഞാൻ കഷ്ടത സഹിക്കുകയും ഒരു കുറ്റവാളി എന്നവണ്ണം ഇപ്പോൾ ചങ്ങല ധരിക്കുകയും ചെയ്യുന്നത്. എന്നാൽ ദൈവവചനത്തിനു ബന്ധനം ഉണ്ടായിട്ടില്ല. 10അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവർക്കു ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ അനശ്വരമായ തേജസ്സോടുകൂടി ലഭ്യമാകുന്നതിന്, അവർക്കുവേണ്ടി ഞാൻ എല്ലാം സഹിക്കുന്നു.
താഴെപ്പറയുന്ന വചനം വിശ്വാസയോഗ്യമാകുന്നു:
11നാം അവിടുത്തോടുകൂടി മരിച്ചിരിക്കുന്നു എങ്കിൽ
നാം അവിടുത്തോടുകൂടി ജീവിക്കുകയും ചെയ്യും.
12നാം സഹിക്കുന്നു എങ്കിൽ
അവിടുത്തോടുകൂടി വാഴുകയും ചെയ്യും.
നാം അവിടുത്തെ നിഷേധിക്കുന്നു എങ്കിൽ
അവിടുന്നു നമ്മെയും നിഷേധിക്കും.
13നാം അവിശ്വസ്തരായിരുന്നാലും
അവിടുന്നു വിശ്വസ്തനായിത്തന്നെയിരിക്കുന്നു;
എന്തുകൊണ്ടെന്നാൽ അവിടുത്തേക്ക്
തന്റെ സ്വഭാവം പരിത്യജിക്കുവാൻ കഴിയുകയില്ലല്ലോ.
യോഗ്യനായ ഭൃത്യൻ
14വാക്കുകളെചൊല്ലിയുള്ള വാഗ്വാദങ്ങൾ ഉപേക്ഷിക്കുവാൻ ദൈവസമക്ഷം ജനത്തെ ഉപദേശിക്കുക. ഇങ്ങനെയുള്ള തർക്കങ്ങൾ കേൾവിക്കാരെ നശിപ്പിക്കുകയേയുള്ളൂ. ഒരു നന്മയും അതുകൊണ്ട് ഉണ്ടാകുകയില്ല. ഇത് അവരെ അനുസ്മരിപ്പിക്കണം. 15സത്യത്തിന്റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാൻ അങ്ങേയറ്റം പരിശ്രമിക്കുക. 16ഭക്തിവിരുദ്ധമായ വ്യർഥഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതൽ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ. 17ശരീരത്തെ നിർജീവമാക്കി ജീർണിപ്പിക്കുന്ന വ്രണംപോലെ അത്തരം സംഭാഷണം മനുഷ്യനെ നശിപ്പിക്കും. ഹുമനയോസും ഫിലേത്തൊസും അങ്ങനെയുള്ളവരാണ്. 18അവർ സത്യത്തിൽനിന്നു വ്യതിചലിച്ച് പുനരുത്ഥാനം നേരത്തെ കഴിഞ്ഞുപോയി എന്ന വാദം ഉന്നയിച്ചുകൊണ്ട് ചിലരുടെ വിശ്വാസത്തെ കീഴ്മേൽ മറിക്കുന്നു. 19എന്നാൽ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കർത്താവ് അറിയുന്നു’ എന്നും ‘കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.
20ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടു നിർമിച്ചവയും ഉണ്ടായിരിക്കും. ചിലത് വിശേഷസന്ദർഭങ്ങളിലും മറ്റുചിലത് സാധാരണ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. 21ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവൻ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങൾക്കായി മാറ്റിവയ്‍ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും. 22അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങൾ വിട്ടകന്ന്, നിർമ്മലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയിൽ ലക്ഷ്യം ഉറപ്പിക്കുക. 23മൂഢവും നിരർഥകവുമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടരുത്; അവ ശണ്ഠയ്‍ക്ക് ഇടയാക്കുമെന്നു നിങ്ങൾക്ക് അറിയാമല്ലോ. കർത്താവിന്റെ ദാസൻ ശണ്ഠ കൂടുന്നവൻ ആയിരിക്കരുത്; 24അവൻ എല്ലാവരോടും ദയാലുവും യോഗ്യനായ പ്രബോധകനും ക്ഷമാശീലനും ആയിരിക്കണം; പ്രതിയോഗികളെ സൗമ്യമായി തിരുത്തുകയും വേണം. 25അവർ അനുതപിച്ച് സത്യം എന്തെന്ന് അറിയുവാൻ ദൈവം ഇടയാക്കിയേക്കാം. 26തന്റെ ഇഷ്ടം ചെയ്യുന്നതിന് പിശാച് അവരെ അടിമപ്പെടുത്തിയെങ്കിലും അവന്റെ കെണിയിൽനിന്ന് അവർ രക്ഷപെട്ടേക്കാം.

Currently Selected:

2 TIMOTHEA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy