2 SAMUELA 6:1-9
2 SAMUELA 6:1-9 MALCLBSI
ദാവീദു വീണ്ടും ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പേരെ വിളിച്ചുകൂട്ടി. അദ്ദേഹം അവരോടൊത്ത് കെരൂബുകളുടെ മധ്യേ വസിക്കുന്ന സർവശക്തനായ ദൈവത്തിന്റെ നാമമുള്ള പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു. അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ മലനാട്ടിലുള്ള അബീനാദാബിന്റെ ഭവനത്തിൽനിന്നു കൊണ്ടുവന്നു. അബീനാദാബിന്റെ പുത്രന്മാരായ ഉസ്സായും അഹ്യോയുമായിരുന്നു ആ വണ്ടി തെളിച്ചത്. അഹ്യോ പെട്ടകത്തിന്റെ മുമ്പേ നടന്നു. ദാവീദും കൂടെയുള്ള ഇസ്രായേൽജനവും കിന്നരം, വീണ, ചെണ്ട, കിലുക്കം, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ആഹ്ലാദപൂർവം ഉറക്കെ പാടി നൃത്തം ചെയ്തു. അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള കാലിടറി വീണതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം താങ്ങിപ്പിടിച്ചു. ഉടൻ സർവേശ്വരന്റെ കോപം ഉസ്സായുടെ നേരെ ജ്വലിച്ചു. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം അവിടെവച്ച് അയാളെ കൊന്നുകളഞ്ഞു. അയാൾ ദൈവത്തിന്റെ പെട്ടകത്തിനരികെ മരിച്ചുവീണു. അതുകൊണ്ട് ആ സ്ഥലത്തിന് പേരെസ്സ്-ഉസ്സാ എന്നു പേരുണ്ടായി. സർവേശ്വരൻ ഇങ്ങനെ ഉസ്സായെ ശിക്ഷിച്ചതുകൊണ്ട് ദാവീദു കുപിതനായി. അന്നു ദാവീദ് സർവേശ്വരനെ ഭയപ്പെട്ടു. അവിടുത്തെ പെട്ടകം യെരൂശലേമിൽ തന്റെ അടുക്കൽ കൊണ്ടുവന്നാൽ എന്തു സംഭവിക്കും എന്ന് അദ്ദേഹം ചിന്തിച്ചു.