YouVersion Logo
Search Icon

2 SAMUELA 2

2
ദാവീദ് യെഹൂദ്യയുടെ രാജാവ്
1ദാവീദ് സർവേശ്വരനോടു ചോദിച്ചു: “യെഹൂദ്യപട്ടണങ്ങളിൽ ഏതെങ്കിലും ഒന്നിലേക്കു ഞാൻ പോകണമോ?” “പോകുക” എന്ന് അവിടുന്നു പറഞ്ഞു. “ഏതു പട്ടണത്തിലേക്കാണ് പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചതിനു “ഹെബ്രോനിലേക്ക്” എന്നു അവിടുന്ന് ഉത്തരമരുളി. 2ദാവീദ് അവിടേക്കു പോയി. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും കൂടെ ഉണ്ടായിരുന്നു; ജെസ്രീൽക്കാരി അഹീനോവാമും കർമ്മേൽക്കാരനായിരുന്ന നാബാലിന്റെ വിധവ അബീഗയിലും. 3ദാവീദ് തന്റെ അനുയായികളെയും കുടുംബസമേതം കൂട്ടിക്കൊണ്ടുപോയി. അവർ ഹെബ്രോന്റെ ചുറ്റുമുള്ള പട്ടണങ്ങളിൽ പാർത്തു. 4യെഹൂദ്യയിലുള്ള ജനം അവിടെ വന്നു ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു.
5“യാബേശ്-ഗിലെയാദിലെ ജനങ്ങളാണ് ശൗലിനെ സംസ്കരിച്ചത്” എന്ന് അവർ ദാവീദിനോടു പറഞ്ഞപ്പോൾ അദ്ദേഹം ഈ സന്ദേശവുമായി ദൂതന്മാരെ അവിടേക്കയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതിലൂടെ നിങ്ങൾ അദ്ദേഹത്തോടു കരുണകാണിച്ചു. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ; 6അവിടുന്നു നിങ്ങളോടു കരുണയും വിശ്വസ്തതയും ഉള്ളവനായിരിക്കട്ടെ; നിങ്ങൾ ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് ഞാൻ നിങ്ങൾക്കു നന്മ ചെയ്യും. 7നിങ്ങൾ കരുത്തുള്ളവരും ധീരരും ആയിരിക്കുക; നിങ്ങളുടെ യജമാനനായ ശൗലിന്റെ മരണംമൂലം യെഹൂദ്യയിലെ ജനം അവരുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”
ഈശ്-ബോശെത്ത് ഇസ്രായേലിന്റെ രാജാവ്
8ശൗലിന്റെ സൈന്യാധിപനും നേരിന്റെ പുത്രനുമായ അബ്നേർ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി. 9അബ്നേർ അവനെ ഗിലെയാദ്, അശൂരി, ജെസ്രീൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ ഇസ്രായേല്യർക്കും രാജാവായി അഭിഷേകം ചെയ്തു. 10അപ്പോൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനു നാല്പതു വയസ്സായിരുന്നു. അയാൾ രണ്ടു വർഷം രാജ്യഭരണം നടത്തി. യെഹൂദ്യയിലെ ജനം ദാവീദിനോടു ചേർന്നുനിന്നു. 11അദ്ദേഹം ഹെബ്രോനിൽ പാർത്തുകൊണ്ട് യെഹൂദാഗോത്രത്തെ ഏഴര വർഷം ഭരിച്ചു.
ഇസ്രായേല്യരും യെഹൂദ്യരും തമ്മിൽ യുദ്ധം
12നേരിന്റെ പുത്രനായ അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും മഹനയീമിൽ നിന്നു ഗിബെയോനിലേക്കു പോയി. 13സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കൽ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും കുളത്തിന്റെ ഒരു വശത്തും യോവാബും ദാവീദിന്റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു; 14അപ്പോൾ അബ്നേർ യോവാബിനോടു പറഞ്ഞു: “രണ്ടു ഭാഗത്തുമുള്ള ഏതാനും യുവാക്കൾ തമ്മിൽ പയറ്റി നോക്കട്ടെ.” 15യോവാബ് അതിനു സമ്മതിച്ചു. ഈശ്-ബോശെത്തിനെ പ്രതിനിധാനം ചെയ്ത് ബെന്യാമീൻഗോത്രത്തിൽപ്പെട്ട പന്ത്രണ്ടു പേർ ദാവീദിന്റെ പന്ത്രണ്ടു ഭൃത്യന്മാരോട് ഏറ്റുമുട്ടി. 16ഓരോരുത്തനും എതിരാളിയുടെ തലയ്‍ക്കു പിടിച്ച് അവന്റെ പള്ളയ്‍ക്ക് വാൾ കുത്തിയിറക്കി. അങ്ങനെ അവരെല്ലാവരും ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിനു #2:16 ഹെല്‌ക്കത്ത്-ഹസ്സൂരിം = മൂർച്ചയേറിയ വാളുകളുടെ നിലം.ഹെല്‌ക്കത്ത്-ഹസ്സൂരിം എന്നു പേരുണ്ടായി. 17അന്ന് അത്യുഗ്രമായ യുദ്ധം നടന്നു. അബ്നേരും ഇസ്രായേല്യരും ദാവീദിന്റെ ഭൃത്യന്മാരോടു തോറ്റോടി. 18സെരൂയായുടെ പുത്രന്മാരായ യോവാബ്, അബീശായി, അസാഹേൽ എന്നീ മൂന്നു പേർ അവിടെ ഉണ്ടായിരുന്നു. അസാഹേൽ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു. 19അവൻ ഇടംവലം തിരിയാതെ അബ്നേരിനെ പിന്തുടർന്നു; 20അബ്നേർ പുറകോട്ടു നോക്കി “നീ അസാഹേലാണോ” എന്നു ചോദിച്ചു. “അതേ ഞാൻതന്നെ അസാഹേൽ” എന്ന് അവൻ പറഞ്ഞു. 21അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു യോദ്ധാക്കളിൽ ഒരുവനെ പിടിച്ച് അവനുള്ളത് എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എങ്കിലും അസാഹേൽ അയാളെത്തന്നെ പിന്തുടർന്നു. 22അബ്നേർ അവനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു മതിയാക്കുക; ഞാൻ എന്തിനു നിന്നെ കൊല്ലണം? ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?” 23ഇതു പറഞ്ഞിട്ടും അവൻ അബ്നേരിനെ പിന്തുടരുകതന്നെ ചെയ്തു. അതുകൊണ്ട് അബ്നേർ തന്റെ കുന്തം പിറകോട്ടാഞ്ഞ് അസാഹേലിന്റെ വയറിനു കുത്തി. അതു വയറു തുളച്ചു പിൻഭാഗത്തു വന്നു; അവൻ അവിടെത്തന്നെ മരിച്ചുവീണു. ഇതു കണ്ട് അവിടെ എത്തിയ എല്ലാവരും സ്തംഭിച്ചു നിന്നുപോയി. 24യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു. സന്ധ്യ ആയപ്പോൾ അവർ ഗിബെയാമരുഭൂമിയിലേക്കുള്ള വഴിയരികിൽ ഗീഹിന്റെ കിഴക്കുള്ള അമ്മാക്കുന്നിൽ എത്തി; 25ബെന്യാമീൻഗോത്രക്കാർ കുന്നിന്റെ മുകളിൽ അബ്നേരിന്റെ അടുക്കൽ നിലയുറപ്പിച്ചു. 26അബ്നേർ യോവാബിനെ വിളിച്ചു പറഞ്ഞു: “നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? ഒടുവിൽ അത് കയ്പേറിയതായിത്തീരും എന്നു നിനക്കു അറിഞ്ഞുകൂടേ? ‘സഹോദരന്മാരെ പിന്തുടരുന്നതു മതി’ എന്നു നിന്റെ ജനത്തോടു കല്പിക്കാൻ ഇനിയും വൈകണമോ?” 27യോവാബു പറഞ്ഞു: “നീ ഇതു പറയാതിരുന്നെങ്കിൽ അടുത്ത പ്രഭാതംവരെ എന്റെ ആളുകൾ നിങ്ങളെ പിന്തുടരുമായിരുന്നു എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു.” 28പിന്നീട് യോവാബ് കാഹളം ഊതി; ജനം ഇസ്രായേല്യരെ പിന്തുടരുന്നതു മതിയാക്കി. അങ്ങനെ യുദ്ധം അവസാനിച്ചു. 29അബ്നേരും അയാളുടെ ആളുകളും അന്നു രാത്രി മുഴുവൻ അരാബായിലൂടെ നടന്നു; അവർ യോർദ്ദാൻ നദി കടന്ന് അടുത്ത ദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി. 30അബ്നേരിനെ പിന്തുടരുന്നതു യോവാബ് മതിയാക്കി തിരിച്ചുപോന്നു. അയാൾ തന്റെ ആളുകളെയെല്ലാം ഒരുമിച്ചു കൂട്ടിയപ്പോൾ അസാഹേലിനെ കൂടാതെ പത്തൊമ്പതു പേർ കുറവുണ്ടായിരുന്നു. 31എന്നാൽ ദാവീദിന്റെ ഭൃത്യന്മാർ ബെന്യാമീൻ ഗോത്രക്കാരിൽ അബ്നേരിന്റെ കൂടെ ഉണ്ടായിരുന്ന മുന്നൂറ്റി അറുപതു പേരെ വധിച്ചിരുന്നു. 32അസാഹേലിന്റെ മൃതശരീരം അവർ ബേത്‍ലഹേമിൽ അവന്റെ പിതാവിന്റെ കല്ലറയിൽ സംസ്കരിച്ചു; അവർ രാത്രി മുഴുവൻ യാത്ര ചെയ്തു പ്രഭാതമായപ്പോൾ ഹെബ്രോനിൽ മടങ്ങിയെത്തി.

Currently Selected:

2 SAMUELA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy