YouVersion Logo
Search Icon

2 LALTE 6

6
കോടാലി കണ്ടെടുക്കുന്നു
1എലീശയുടെ കൂടെയുണ്ടായിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങളുടെ പാർപ്പിടം വളരെ ചെറുതാണല്ലോ. 2യോർദ്ദാൻ കരയിൽ ചെന്ന് മരം വെട്ടിക്കൊണ്ടുവന്നു പാർപ്പിടം ഉണ്ടാക്കാൻ ഞങ്ങളെ അനുവദിച്ചാലും.” “പൊയ്‍ക്കൊൾക” എലീശ മറുപടി നല്‌കി. 3“സദയം ഞങ്ങളുടെ കൂടെ വന്നാലും,” അവരിൽ ഒരാൾ പ്രവാചകനോടു പറഞ്ഞു. “ഞാൻ വരാം” എലീശ പറഞ്ഞു. 4അങ്ങനെ അദ്ദേഹം അവരുടെകൂടെ പോയി. അവർ യോർദ്ദാനിലെത്തി മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ, 5അവരിൽ ഒരാളുടെ കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ യജമാനനേ, ഞാൻ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു. 6“അത് എവിടെയാണ് വീണത്” പ്രവാചകൻ ചോദിച്ചു. അവൻ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോൾ പ്രവാചകൻ ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു. 7“അതെടുത്തുകൊള്ളുക” എന്ന് എലീശ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.
സിറിയൻ സൈന്യം പലായനം ചെയ്യുന്നു
8സിറിയാരാജാവ് ഒരിക്കൽ ഇസ്രായേലിനോടു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ പാളയം അടിക്കേണ്ട സ്ഥലം ഏതായിരിക്കണമെന്നു സേവകന്മാരോട് ആലോചിച്ചു നിശ്ചയിച്ചു. 9തത്സമയം എലീശ ഇസ്രായേൽരാജാവിന്റെ അടുക്കൽ ആളയച്ച്: “ആ സ്ഥലത്തുകൂടി പോകരുത്; സിറിയാക്കാർ ആ സ്ഥലം ആക്രമിക്കാൻ വരുന്നുണ്ട്” എന്ന് അറിയിച്ചു. 10ഇസ്രായേൽരാജാവ് പ്രവാചകൻ പറഞ്ഞ സ്ഥലത്തേക്ക് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്രാവശ്യം പ്രവാചകൻ മുന്നറിയിപ്പ് നല്‌കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്. 11അതുനിമിത്തം സിറിയാരാജാവ് വളരെ അസ്വസ്ഥനായി. അയാൾ സേവകന്മാരെ വിളിച്ച് “നമ്മുടെ ഇടയിൽ ഇസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരാണ്? അയാളെ കാണിച്ചുതരിക” എന്നു പറഞ്ഞു. 12രാജഭൃത്യന്മാരിൽ ഒരാൾ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങനെയല്ല; അങ്ങു കിടപ്പറയിൽവച്ചു സംസാരിക്കുന്ന കാര്യങ്ങൾ പോലും ഇസ്രായേൽരാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീശ ആണ്.” 13“അവൻ എവിടെയാണ്; എനിക്കവനെ പിടികൂടണം” രാജാവു പറഞ്ഞു. എലീശ ദോഥാനിലുണ്ടെന്നു രാജാവിനു അറിവുകിട്ടി. 14അപ്പോൾ കുതിരകളും രഥങ്ങളും അടങ്ങുന്ന ഒരു വലിയ സൈന്യത്തെ രാജാവ് അവിടേക്ക് അയച്ചു; അവർ രാത്രിയിൽ പട്ടണം വളഞ്ഞു. 15പ്രവാചകന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോൾ രഥങ്ങളോടും കുതിരകളോടുംകൂടിയ ഒരു വലിയ സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു. “അയ്യോ എന്റെ യജമാനനേ, നാം എന്തു ചെയ്യും” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു. 16പ്രവാചകൻ പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാൾ കൂടുതൽ ആളുകൾ നമ്മോടുകൂടെയുണ്ട്.” 17പിന്നീട് എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവന്റെ കണ്ണുകൾ തുറന്നാലും; ഇവൻ കാണട്ടെ.” അവിടുന്ന് അവന്റെ കണ്ണു തുറന്നു; എലീശയ്‍ക്കു ചുറ്റും ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. 18സിറിയാക്കാർ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ അന്ധമാക്കണമേ.” എലീശയുടെ പ്രാർഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി. 19എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല; പട്ടണവും ഇതല്ല; എന്നെ അനുഗമിക്കുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളിന്റെ അടുക്കലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം.” അങ്ങനെ പ്രവാചകൻ അവരെ ശമര്യയിലേക്കു നയിച്ചു. 20അവർ ശമര്യയിൽ പ്രവേശിച്ചപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ തുറക്കണമേ.” അവിടുന്ന് അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ ശമര്യയുടെ മധ്യത്തിലാണെന്നു അവർ മനസ്സിലാക്കി. 21ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ എലീശയോട് ചോദിച്ചു: “പ്രഭോ, ഞാൻ ഇവരെ കൊന്നുകളയട്ടയോ?” 22പ്രവാചകൻ പറഞ്ഞു: “കൊല്ലരുത്, നിങ്ങൾ വാളും വില്ലുംകൊണ്ട് കീഴടക്കിയവരെ നിങ്ങൾ കൊല്ലുമോ? അവർക്കു ഭക്ഷണപാനീയങ്ങൾ കൊടുക്കുക; അവർ ഭക്ഷിച്ചശേഷം തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോകട്ടെ.” 23ഇസ്രായേൽരാജാവ് അവർക്ക് ഒരു വലിയ വിരുന്നൊരുക്കി; ഭക്ഷണപാനീയങ്ങൾ നല്‌കിയശേഷം അദ്ദേഹം അവരെ വിട്ടയച്ചു. അവർ തങ്ങളുടെ രാജാവിന്റെ അടുക്കലേക്കു പോയി. പിന്നീട് സിറിയൻ പട്ടാളം ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല.
ശമര്യയെ ആക്രമിക്കുന്നു
24കുറെക്കാലം കഴിഞ്ഞ് സിറിയാരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ മുഴുവൻ കൂട്ടിക്കൊണ്ട് ശമര്യപട്ടണത്തെ ഉപരോധിച്ചു. 25അപ്പോൾ ശമര്യയിൽ കഠിനക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്‍ക്ക് എൺപതു വെള്ളിക്കാശും കാൽകബ് കാട്ടുള്ളിക്ക് അഞ്ചു വെള്ളിക്കാശും വിലയായി. 26ഒരു ദിവസം ഇസ്രായേൽരാജാവ് കോട്ടയുടെ മുകളിലൂടെ നടക്കുകയായിരുന്നു. അപ്പോൾ ഒരു സ്‍ത്രീ നിലവിളിച്ചു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, സഹായിച്ചാലും.” 27രാജാവ് മറുപടി നല്‌കി: “ദൈവം നിന്നെ സഹായിക്കുന്നില്ലെങ്കിൽ എനിക്ക് എങ്ങനെ കഴിയും? എന്റെ പക്കൽ ധാന്യമോ, മുന്തിരിയോ ഇല്ലല്ലോ.” 28“നിന്റെ പ്രശ്നം എന്ത്” രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “ഈ സ്‍ത്രീ എന്നോട് ‘നിന്റെ മകനെ കൊണ്ടുവരിക; ഇന്നു നമുക്ക് അവനെയും നാളെ എന്റെ മകനെയും ഭക്ഷിക്കാം’ എന്നു പറഞ്ഞു. 29അതനുസരിച്ച് എന്റെ മകനെ പാകം ചെയ്ത് ഭക്ഷിച്ചു. അടുത്ത ദിവസം അവളോട് ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്ക് അവനെ ഭക്ഷിക്കാം’ എന്നു പറഞ്ഞപ്പോൾ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു.” 30ആ സ്‍ത്രീ പറഞ്ഞതു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി. അപ്പോൾ അദ്ദേഹം കോട്ടമേൽ നടക്കുകയായിരുന്നു; രാജാവ് പുറംകുപ്പായത്തിനടിയിൽ ചാക്കുതുണി ധരിച്ചിരുന്നതു ജനം കണ്ടു. 31രാജാവു പറഞ്ഞു: “ശാഫാത്തിന്റെ പുത്രൻ എലീശയെ ഇന്നു ശിരച്ഛേദം ചെയ്യുന്നില്ലെങ്കിൽ സർവേശ്വരൻ എന്നെ ശിക്ഷിക്കട്ടെ.” 32എലീശ തന്റെ വീട്ടിൽ ജനപ്രമാണികളോടു കൂടി ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ അവിടേക്കു പറഞ്ഞയച്ചു. അയാൾ വന്നെത്തുന്നതിനു മുമ്പ് പ്രവാചകൻ പറഞ്ഞു: “എന്റെ തല കൊയ്യാൻ ഒരു കൊലയാളി ആളയച്ചിരിക്കുന്നതു നിങ്ങൾക്കറിയാമോ? അവൻ വരുമ്പോൾ വാതിൽ അടച്ച് അവനെ തടഞ്ഞു നിർത്തണം. അവന്റെ യജമാനന്റെ കാലൊച്ചയല്ലേ പിമ്പിൽ കേൾക്കുന്നത്?”’ 33ഇതു പറഞ്ഞുതീരുന്നതിനുമുമ്പേ രാജാവ് അവിടെ എത്തി; രാജാവു പറഞ്ഞു: “ഈ അനർഥം വരുത്തിയത് സർവേശ്വരനാണ്; അവിടുത്തെ സഹായത്തിനുവേണ്ടി ഞാൻ ഇനിയും കാത്തിരിക്കണമോ?”

Currently Selected:

2 LALTE 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy