YouVersion Logo
Search Icon

2 LALTE 24

24
1യെഹോയാക്കീമിന്റെ വാഴ്ചക്കാലത്ത് ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹൂദ്യ ആക്രമിച്ചു. മൂന്നു വർഷക്കാലം യെഹോയാക്കീം അയാൾക്കു കീഴടങ്ങിയിരുന്നു; എന്നാൽ പിന്നീട് അദ്ദേഹം അയാൾക്കെതിരെ മത്സരിച്ചു. 2അപ്പോൾ സർവേശ്വരൻ തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ബാബിലോണ്യർ, സിറിയാക്കാർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ സൈന്യങ്ങളെ യെഹൂദായ്‍ക്കെതിരെ അയച്ചു. 3മനശ്ശെ ചെയ്ത പാപങ്ങൾ നിമിത്തം യെഹൂദ്യരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയും എന്ന സർവേശ്വരന്റെ കല്പനപ്രകാരമാണ് അങ്ങനെ സംഭവിച്ചത്. 4മനശ്ശെ നിർദ്ദോഷികളുടെ രക്തം ചൊരിയിച്ചു. അവരുടെ രക്തംകൊണ്ടു യെരൂശലേമിനെ നിറച്ചു. അതു മനശ്ശെയോടു ക്ഷമിക്കാൻ സർവേശ്വരനു മനസ്സുവന്നില്ല. 5യെഹോയാക്കീമിന്റെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 6യെഹോയാക്കീം മരിച്ചു; പിതാക്കന്മാരോടു ചേർന്നു. പുത്രൻ യെഹോയാഖീൻ തുടർന്നു രാജാവായി. 7ഈജിപ്തിന്റെ വടക്കേ അതിർത്തിമുതൽ യൂഫ്രട്ടീസ്നദിവരെ ഈജിപ്തിനുണ്ടായിരുന്ന സ്ഥലങ്ങളെല്ലാം ബാബിലോൺരാജാവു പിടിച്ചെടുത്തതുകൊണ്ട് ഈജിപ്തുരാജാവ് ആക്രമണത്തിനായി തന്റെ രാജ്യത്തിനു പുറത്ത് പിന്നീടൊരിക്കലും പോയില്ല.
യെഹോയാഖീൻ
(2 ദിന. 36:9, 10)
8ഭരണമാരംഭിച്ചപ്പോൾ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അയാൾ യെരൂശലേമിൽ മൂന്നു മാസം ഭരിച്ചു. യെരൂശലേംകാരനായ എൽനാഥാന്റെ പുത്രി നെഹുഷ്ഠ ആയിരുന്നു അയാളുടെ മാതാവ്. 9അയാൾ തന്റെ പിതാവിനെപ്പോലെ ദൈവത്തിനു ഹിതകരമല്ലാത്തവിധം ജീവിച്ചു. 10അയാളുടെ ഭരണകാലത്ത് ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെ സൈന്യം വന്ന് യെരൂശലേമിനെ ഉപരോധിച്ചു. 11തന്റെ സൈന്യം നഗരം വളഞ്ഞിരിക്കുമ്പോൾതന്നെ നെബുഖദ്നേസരും യെരൂശലേമിലെത്തി. 12യെഹൂദാരാജാവായ യെഹോയാഖീനും അയാളുടെ മാതാവ്, ഭൃത്യന്മാർ, പ്രഭുക്കന്മാർ, കൊട്ടാരം ഉദ്യോഗസ്ഥർ എന്നിവരും ബാബിലോണ്യർക്കു കീഴടങ്ങി. നെബുഖദ്നേസരിന്റെ വാഴ്ചയുടെ എട്ടാം വർഷം യെഹോയാഖീൻ തടവിലാക്കപ്പെട്ടു. 13ദേവാലയത്തിലും കൊട്ടാരത്തിലുമുണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം ബാബിലോൺരാജാവ് എടുത്തുകൊണ്ടുപോയി. സർവേശ്വരൻ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേൽരാജാവായ ശലോമോൻ ദേവാലയത്തിനുവേണ്ടി സ്വർണംകൊണ്ടു നിർമ്മിച്ചിരുന്ന ഉപകരണങ്ങളെല്ലാം നെബുഖദ്നേസർ വെട്ടി നുറുക്കി. 14സർവേശ്വരൻ മുൻകൂട്ടി അരുളിച്ചെയ്തതുപോലെയാണ് ഇതു സംഭവിച്ചത്. അയാൾ യെരൂശലേമിലെ ജനങ്ങളെയും സകല പ്രഭുക്കന്മാരെയും യുദ്ധവീരന്മാരെയും ബന്ധനസ്ഥരാക്കി കൊണ്ടുപോയി. അവർ ഏകദേശം പതിനായിരം പേരുണ്ടായിരുന്നു. അവരെക്കൂടാതെ, ശില്പികൾ, ലോഹപ്പണിക്കാർ എന്നിവരുൾപ്പെടെയുള്ള സകല കരകൗശലപ്പണിക്കാരെയും പിടിച്ചുകൊണ്ടുപോയി. ഏറ്റവും ദരിദ്രരായ ജനങ്ങൾ മാത്രം യെഹൂദ്യയിൽ ശേഷിച്ചു. 15യെഹോയാഖീനെയും അയാളുടെ മാതാവ്, ഭാര്യമാർ, ഉദ്യോഗസ്ഥന്മാർ, ദേശത്തിലെ യുദ്ധവീരന്മാർ എന്നിവരെയും നെബുഖദ്നേസർ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയി. 16അവരിൽ ബലശാലികളായ ഏഴായിരം പേരും മരപ്പണിക്കാരും ലോഹപ്പണിക്കാരുമായി ആയിരം പേരും ഉണ്ടായിരുന്നു; അവരെല്ലാം അരോഗദൃഢഗാത്രരും യുദ്ധം ചെയ്യാൻ കഴിവുള്ളവരുമായിരുന്നു. 17ബാബിലോൺരാജാവ് യെഹോയാഖീനു പകരം അയാളുടെ പിതൃസഹോദരനായ മത്ഥന്യായെ രാജാവാക്കി; അയാളുടെ പേര് സിദെക്കീയാ എന്നു മാറ്റുകയും ചെയ്തു.
സിദെക്കീയാ
(2 ദിന. 36:11, 12; യിരെ. 52:1-3)
18ഭരണം ആരംഭിച്ചപ്പോൾ സിദെക്കീയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു; അയാൾ പതിനൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു. ലിബ്നാക്കാരൻ യിരെമ്യായുടെ പുത്രിയായ ഹമൂതൽ ആയിരുന്നു അയാളുടെ മാതാവ്. 19യെഹോയാക്കീമിനെപ്പോലെ അയാളും സർവേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. 20സർവേശ്വരന്റെ കോപം യെരൂശലേം യെഹൂദാ നിവാസികൾക്കെതിരെ ജ്വലിക്കുകയും അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കീയാ ബാബിലോൺ രാജാവിനോടു മത്സരിച്ചു.

Currently Selected:

2 LALTE 24: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy