YouVersion Logo
Search Icon

2 LALTE 2

2
ഏലിയാ സ്വർഗത്തിലേക്ക്
1സർവേശ്വരൻ ഒരു ചുഴലിക്കാറ്റിലൂടെ ഏലിയായെ സ്വർഗത്തിലേക്ക് എടുക്കാൻ സമയമായി. ഏലിയായും എലീശയും ഗില്ഗാലിൽനിന്നു യാത്ര ചെയ്യുകയായിരുന്നു. 2ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; ബേഥേലിലേക്കു പോകാൻ സർവേശ്വരൻ എന്നോടു കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ബേഥേലിലേക്കു പോയി. 3ബേഥേലിലുണ്ടായിരുന്ന പ്രവാചകഗണത്തിൽപ്പെട്ടവർ എലീശായോടു ചോദിച്ചു: “സർവേശ്വരൻ ഇന്നുതന്നെ അങ്ങയുടെ അടുക്കൽനിന്ന് അങ്ങയുടെ യജമാനനെ എടുക്കാൻ പോകുന്ന വിവരം അങ്ങേക്കറിയാമോ?” അദ്ദേഹം പറഞ്ഞു: “എനിക്കറിയാം, നിങ്ങൾ നിശ്ശബ്ദരായിരിക്കൂ.” 4ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യെരീഹോവിലേക്കു പോകാൻ സർവേശ്വരൻ എന്നോടു കല്പിച്ചിരിക്കുന്നു. “അപ്പോൾ എലീശ പറഞ്ഞു: “സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു. അങ്ങയെ വിട്ടു ഞാൻ പോകുകയില്ല.” അങ്ങനെ അവർ യെരീഹോവിലെത്തി. 5അവിടെ ഉണ്ടായിരുന്ന പ്രവാചകഗണത്തിൽപ്പെട്ടവർ എലീശയോടു ചോദിച്ചു: “സർവേശ്വരൻ ഇന്നുതന്നെ അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുക്കാൻ പോകുന്ന വിവരം അങ്ങേക്കറിയാമോ.” എലീശ പ്രതിവചിച്ചു: “എനിക്കറിയാം, നിങ്ങൾ നിശ്ശബ്ദരായിരിക്കുവിൻ.” 6ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സർവേശ്വരൻ എന്നോട് യോർദ്ദാനിലേക്കു പോകാൻ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ഇരുവരും യാത്ര തുടർന്നു. 7അവർ യോർദ്ദാൻനദിയുടെ അരികിൽ എത്തിയപ്പോൾ പ്രവാചകഗണത്തിൽപ്പെട്ട അമ്പതുപേർ വന്ന് അല്പം അകലെ മാറിനിന്നു. 8ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തിൽ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; അവർ ഉണങ്ങിയ നിലത്തുകൂടി കടന്നു മറുകര എത്തി. 9അവിടെ എത്തിയപ്പോൾ ഏലിയാ എലീശയോടു ചോദിച്ചു: “ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ എന്താണ് നിനക്ക് ചെയ്തുതരേണ്ടത്.” എലീശ പറഞ്ഞു: “അങ്ങയുടെ ചൈതന്യത്തിന്റെ ഇരട്ടി അവകാശം എനിക്കു ലഭിക്കട്ടെ.” 10ഏലിയാ പറഞ്ഞു: “നീ ചോദിച്ചതു ദുഷ്കരമായ കാര്യമാണ്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നത് നീ കാണുകയാണെങ്കിൽ അതു നിനക്കു ലഭിക്കും; കാണുന്നില്ലെങ്കിൽ അതു ലഭിക്കുകയില്ല.” 11അവർ സംസാരിച്ചുകൊണ്ട് വീണ്ടും നടന്നു. തത്സമയം ഒരു അഗ്നിത്തേരും അഗ്നിക്കുതിരകളും അവരെ തമ്മിൽ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. 12എലീശ അതുകണ്ടു. “എന്റെ പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ തേരുകളും തേരാളികളുമേ” എന്നു നിലവിളിച്ചു പറഞ്ഞു. പിന്നെ അദ്ദേഹം ഏലിയായെ കണ്ടില്ല. എലീശ തന്റെ വസ്ത്രം രണ്ടായി കീറി. 13ഏലിയായിൽനിന്നു താഴെ വീണ മേലങ്കി എലീശാ എടുത്തുകൊണ്ട് യോർദ്ദാൻനദിയുടെ തീരത്തു വന്നു. 14ഏലിയായുടെ ദൈവമായ സർവേശ്വരൻ എവിടെ എന്നു പറഞ്ഞ് ആ മേലങ്കികൊണ്ട് അദ്ദേഹം വെള്ളത്തിൽ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; എലീശ നദി കടക്കുകയും ചെയ്തു. 15യെരീഹോവിൽനിന്നുള്ള അമ്പതു പ്രവാചകന്മാരും അദ്ദേഹത്തെ കണ്ടപ്പോൾ ഏലിയായുടെ ചൈതന്യം അദ്ദേഹത്തിൽ കുടികൊള്ളുന്നു” എന്നു പറഞ്ഞു. അവർ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. 16അവർ പറഞ്ഞു: “ബലശാലികളായ അമ്പതു പേർ ഞങ്ങളുടെ കൂടെ ഉണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകാൻ അവരെ അനുവദിക്കണമേ. സർവേശ്വരന്റെ ആത്മാവ് അദ്ദേഹത്തെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്ഷിച്ചിരിക്കും.” അപ്പോൾ എലീശ പറഞ്ഞു: “ആരെയും അയയ്‍ക്കേണ്ടാ.” 17അദ്ദേഹം അനുവാദം നല്‌കുന്നതുവരെ അവർ നിർബന്ധിച്ചു. അങ്ങനെ അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നു ദിവസം അന്വേഷിച്ചു നടന്നെങ്കിലും ഏലിയായെ കണ്ടെത്തിയില്ല. 18അവർ മടങ്ങിവന്നു യെരീഹോവിൽ പാർത്തിരുന്ന എലീശയെ കണ്ടു. “നിങ്ങൾ പോകേണ്ട എന്നു ഞാൻ പറഞ്ഞതല്ലേ?” എലീശ ചോദിച്ചു.
എലീശയുടെ അദ്ഭുതപ്രവൃത്തികൾ
19യെരീഹോനിവാസികളിൽ ചിലർ എലീശയുടെ അടുക്കൽ വന്നു പറഞ്ഞു: “അങ്ങു കാണുന്നതുപോലെ മനോഹരമായ ഈ നഗരം പാർക്കാൻ പറ്റിയതാണ്. എന്നാൽ ഇവിടത്തെ വെള്ളം മലിനവും ദേശം ഫലശൂന്യവുമാണ്.” 20“ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ കുറെ ഉപ്പിടുക” എലീശ പറഞ്ഞു. അവർ അങ്ങനെ ചെയ്തു. 21എലീശ നീരുറവിന്റെ അടുക്കൽ ചെന്ന് ഉപ്പ് അതിൽ വിതറിക്കൊണ്ടു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ ഈ ജലം ശുദ്ധീകരിച്ചിരിക്കുന്നു; ഇനിയും ഇത് ആരുടെയും മരണത്തിനോ ഗർഭനാശത്തിനോ ഇടയാക്കുകയില്ല.” 22എലീശ പറഞ്ഞതുപോലെ ആ ജലം ഇപ്പോഴും ശുദ്ധമാണ്.
23എലീശ അവിടെനിന്നു ബേഥേലിലേക്കു പോയി. വഴിയിൽവച്ചു പട്ടണത്തിൽനിന്നു വന്ന ചില ബാലന്മാർ: “കഷണ്ടിത്തലയാ കയറിപ്പോകൂ, കയറിപ്പോകൂ” എന്നു വിളിച്ചു കൂവി അദ്ദേഹത്തെ പരിഹസിച്ചു. 24എലീശ തിരിഞ്ഞ് അവരെ നോക്കി. അദ്ദേഹം സർവേശ്വരന്റെ നാമത്തിൽ അവരെ ശപിച്ചു. പെട്ടെന്ന് കാട്ടിൽനിന്ന് രണ്ട് പെൺകരടികൾ ഇറങ്ങിവന്ന് നാല്പത്തിരണ്ടു ബാലന്മാരെ കടിച്ചുകീറിക്കളഞ്ഞു. 25എലീശ അവിടെനിന്നു മടങ്ങി കർമ്മേൽപർവതത്തിലേക്കും പിന്നീട് ശമര്യയിലേക്കും പോയി.

Currently Selected:

2 LALTE 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy