YouVersion Logo
Search Icon

2 KORINTH 3

3
പുതിയ ഉടമ്പടിയുടെ ദാസന്മാർ
1ഞങ്ങൾ പിന്നെയും ആത്മപ്രശംസ ചെയ്യുവാൻ തുടങ്ങുകയാണോ? നിങ്ങളുടെ പേർക്കോ, നിങ്ങളിൽനിന്നോ മറ്റുചിലർക്കെന്നപോലെ, ഞങ്ങൾക്ക് ശുപാർശക്കത്തുകൾ ആവശ്യമുണ്ടോ? 2എല്ലാവരും അറിയേണ്ടതിനും വായിക്കേണ്ടതിനും ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ട സാക്ഷ്യപത്രം നിങ്ങൾതന്നെയാണ്. 3നിങ്ങൾ ക്രിസ്തുവിന്റെ കത്താകുന്നു എന്നുള്ളതു സ്പഷ്ടം. അത് മഷികൊണ്ടല്ല ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനാലാണ് എഴുതപ്പെട്ടത്. കല്പലകകളില്ല, മനുഷ്യഹൃദയങ്ങളിൽത്തന്നെ അത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
4ക്രിസ്തു മുഖേന ഇക്കാര്യത്തിൽ ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട്. 5തനിയെ ഈ പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രാപ്തി ഞങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നില്ല. ഞങ്ങൾക്കുള്ള പ്രാപ്തി ദൈവത്തിൽനിന്നു ലഭിക്കുന്നതാണ്. 6പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാനുള്ള പ്രാപ്തി ദൈവം ഞങ്ങൾക്കു നല്‌കി. ആ ഉടമ്പടി അക്ഷരങ്ങൾകൊണ്ട് എഴുതപ്പെട്ടതല്ല, ആത്മാവിനാലുള്ളതാകുന്നു. എഴുതപ്പെട്ട നിയമം മരണത്തിലേക്കു നയിക്കുന്നു. എന്നാൽ ആത്മാവു ജീവൻ പ്രദാനം ചെയ്യുന്നു.
7കല്പലകകളിൽ അക്ഷരങ്ങളിൽ എഴുതിയ നിയമസംഹിത നല്‌കിയപ്പോൾ ദൈവതേജസ്സ് പ്രത്യക്ഷമായി; തന്മൂലം മോശയ്‍ക്കുണ്ടായ മുഖതേജസ്സ് മങ്ങിപ്പോകുന്നതായിരുന്നെങ്കിലും ഇസ്രായേൽജനത്തിന് അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കുവാൻ കഴിയാതവണ്ണം അത് അത്രയ്‍ക്ക് ഉജ്ജ്വലമായിരുന്നു. മരണത്തിനു നിദാനമായ നിയമസംഹിത ഇത്ര തേജസ്സോടുകൂടി വന്നെങ്കിൽ, 8ആത്മാവിന്റെ പ്രവർത്തനം എത്രയധികം തേജോമയമായിരിക്കും! 9ശിക്ഷാവിധി വരുത്തുന്ന വ്യവസ്ഥ തേജസ്സുള്ളതായിരുന്നെങ്കിൽ രക്ഷയിലേക്കു നയിക്കുന്ന പ്രവർത്തനം എത്രയധികം തേജസ്സുള്ളതായിരിക്കും! 10ഒരിക്കൽ പ്രശോഭിച്ചിരുന്ന തേജസ്സ്, അതിനെ അതിശയിക്കുന്ന മറ്റൊരു തേജസ്സ് വന്നപ്പോൾ നിഷ്പ്രഭമായിപ്പോയി. 11അല്പകാലത്തേക്കു മാത്രം നിലനിന്നത് തേജസ്സുള്ളതായിരുന്നെങ്കിൽ അനന്തമായി നിലനില്‌ക്കുന്നത് എത്രയധികം തേജസ്സുറ്റതായിരിക്കും!
12ഈ പ്രത്യാശയുള്ളതിനാൽ ഞങ്ങൾക്ക് വളരെയധികം ധൈര്യമുണ്ട്. 13തന്റെ മുഖത്തെ തേജസ്സ് മങ്ങിമറയുന്നത് ഇസ്രായേൽജനം കാണാതിരിക്കുന്നതിന് മോശ തന്റെ മുഖം മൂടുപടംകൊണ്ടു മറച്ചു. എന്നാൽ ഞങ്ങളുടെ അവസ്ഥ അതുപോലെയല്ല. 14ഇസ്രായേൽജനത്തിന്റെ മനസ്സ് നിർജീവമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇന്നും പഴയ ഉടമ്പടിയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ടു മറയ്‍ക്കപ്പെടുന്നു. ഒരുവൻ ക്രിസ്തുവിനോടു ചേരുമ്പോൾ മാത്രമേ മൂടുപടം നീങ്ങുന്നുള്ളൂ. 15ഇന്നുപോലും മോശയുടെ നിയമസംഹിത വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് മൂടുപടത്താൽ ആവരണം ചെയ്യപ്പെടുന്നു. 16എന്നാൽ ‘കർത്താവിന്റെ അടുക്കലേക്കു തിരിഞ്ഞപ്പോൾ മൂടുപടം നീക്കി’ എന്നു പറയുന്നതുപോലെ അതു നീക്കുവാൻ കഴിയും. 17‘കർത്താവ്’ എന്ന് ഇവിടെ പറയുന്നത് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്. 18അനാവരണം ചെയ്ത മുഖത്തോടുകൂടി നാമെല്ലാവരും കർത്താവിന്റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നു. ആത്മാവാകുന്ന കർത്താവിൽനിന്നു വരുന്ന തേജസ്സുമൂലം, നാം തേജസ്സിൽ ഉത്തരോത്തരം വളർന്ന് തന്റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്നു.

Currently Selected:

2 KORINTH 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy