YouVersion Logo
Search Icon

2 KORINTH 10

10
പൗലൊസ് പ്രേഷിത പ്രവർത്തനത്തെപ്പറ്റി
1നിങ്ങളോട് അഭിമുഖമായിരിക്കുമ്പോൾ സൗമ്യനായും അകലെ ഇരിക്കുമ്പോൾ കർക്കശനായും ഗണിക്കപ്പെടുന്ന പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്റെ സൗമ്യതയിലും സഹിഷ്ണുതയിലും ഇതു നിങ്ങളോട് അഭ്യർഥിക്കുന്നു; 2ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ കർക്കശമായി പെരുമാറാൻ എന്നെ നിർബന്ധിതനാക്കരുതെന്നാണ് എന്റെ അഭ്യർഥന. ഞങ്ങൾ ഭൗതികമായ ലക്ഷ്യങ്ങളെ മുൻനിറുത്തി പ്രവർത്തിക്കുന്നു എന്നു പറയുന്നവരോട് കർക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല. 3ഞങ്ങൾ ലോകത്തിൽ ജീവിക്കുന്നു എന്നതു വാസ്തവം തന്നെ; എങ്കിലും ലൗകികമായ പോരാട്ടമല്ല ഞങ്ങൾ നടത്തുന്നത്. 4ഞങ്ങളുടെ പോരാട്ടത്തിനുപയോഗിക്കുന്ന ആയുധങ്ങളും ലൗകികമല്ല. ബലവത്തായ കോട്ടകളെ ഇടിച്ചുനിരത്തുന്ന അതിശക്തമായ ദിവ്യായുധങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അസത്യജടിലമായ വാദമുഖങ്ങളെ ഞങ്ങൾ തകർക്കും. 5ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങൾ തകർക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങൾ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും. 6അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂർണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്‌കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്.
7നിങ്ങളുടെ കൺമുമ്പിലുള്ളത് ശ്രദ്ധിക്കുക. താൻ ക്രിസ്തുവിനുള്ളവനാണെന്നു വിചാരിക്കുന്ന ആരെങ്കിലും അവിടെയുണ്ടോ? അവൻ ആയിരിക്കുന്നതുപോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് അവൻ ഓർത്തുകൊള്ളട്ടെ. 8നിങ്ങളെ ഇടിച്ചു കളയുവാനല്ല, പടുത്തുയർത്തുവാനുള്ള അധികാരമാണ് കർത്താവ് ഞങ്ങൾക്ക് നല്‌കിയിരിക്കുന്നത്. ആ അധികാരത്തിൽ ഞാൻ അല്പം അഭിമാനിച്ചാൽപോലും ലജ്ജിതനാകുകയില്ല. 9കത്തുകൾകൊണ്ട് ഞാൻ നിങ്ങളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നു വിചാരിക്കരുത്. 10‘പൗലൊസിന്റെ വാക്കുകൾ പരുഷവും ശക്തവും ആകുന്നു. എന്നാൽ നേരിൽ കാണുമ്പോൾ അദ്ദേഹം ബലഹീനനും അദ്ദേഹത്തിന്റെ വാക്കുകൾ സാരമില്ലാത്തതുമാണ്’ എന്നു ചിലർ പറഞ്ഞേക്കാം. 11എന്നാൽ ഞങ്ങൾ അകലെ ആയിരിക്കുമ്പോൾ ഞങ്ങളുടെ കത്തുകളിൽ എന്തെഴുതുന്നുവോ അതും, നിങ്ങളോടുകൂടി ആയിരിക്കുമ്പോൾ ഞങ്ങൾ ചെയ്യുന്നതും തമ്മിൽ ഒരു ഭേദവുമുണ്ടായിരിക്കുകയില്ലെന്ന് അങ്ങനെയുള്ളവർ മനസ്സിലാക്കിക്കൊള്ളട്ടെ.
12ഉന്നതന്മാരെന്നു സ്വയം കരുതുന്നവരുടെ ഗണത്തിൽ ഞങ്ങളെ ഉൾപ്പെടുത്തുവാനോ, അവരോടു ഞങ്ങളെ തുലനം ചെയ്യുവാനോ തീർച്ചയായും ഞങ്ങൾ തുനിയുന്നില്ല. എത്ര മൂഢന്മാരാണവർ! തങ്ങളെത്തന്നെ അളക്കുവാനുള്ള മാനദണ്ഡങ്ങൾ അവർ ഉണ്ടാക്കുന്നു; തങ്ങളുടെ തോതുവച്ച് അവർ തങ്ങളെത്തന്നെ വിധിക്കുകയും ചെയ്യുന്നു. 13ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ആത്മപ്രശംസ അതിരുവിട്ടു പോകുകയില്ല; ഞങ്ങൾക്കുവേണ്ടി ദൈവം നിശ്ചയിച്ച പരിധിയിൽ അത് ഒതുങ്ങിനില്‌ക്കുന്നു. നിങ്ങളുടെ ഇടയിലെ പ്രവർത്തനവും ആ പരിധിയിൽ ഉൾപ്പെടുന്നതാണ്. 14അതുകൊണ്ട് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ ഞങ്ങൾ അതിരു കടന്നു പോകുകയില്ലായിരുന്നു.
15ദൈവം ഞങ്ങൾക്കുവേണ്ടി നിശ്ചയിച്ച പരിധിക്കു പുറത്ത് മറ്റുള്ളവർ ചെയ്തിട്ടുള്ള പ്രവർത്തനം സംബന്ധിച്ച് ഞങ്ങൾ സ്വയം പ്രശംസിക്കുന്നില്ല. മറിച്ച്, നിങ്ങളുടെ വിശ്വാസം വർധിക്കുമെന്നും നിങ്ങളുടെ ഇടയിൽ കൂടുതൽ പ്രവർത്തിക്കുവാൻ കഴിയുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.
16മറ്റൊരുവന്റെ മേഖലയിൽ ഞങ്ങൾ പ്രവേശിച്ച് അവിടെ നടന്നിട്ടുള്ള പ്രവർത്തനത്തെപ്പറ്റി പ്രശംസിക്കാതെ, നിങ്ങളുടെ ദേശത്തിന് അപ്പുറത്തുള്ള ദേശങ്ങളിലേക്കു പോയി ഞങ്ങൾക്കു സുവിശേഷം പ്രസംഗിക്കാമല്ലോ.
17എന്നാൽ ‘ആർക്കെങ്കിലും പ്രശംസിക്കണമെന്നുണ്ടെങ്കിൽ കർത്താവു ചെയ്തിരിക്കുന്നതിനെപ്പറ്റി പ്രശംസിക്കട്ടെ’ എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്. 18സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് ആരെ പ്രശംസിക്കുന്നുവോ അവൻ മാത്രമാണ് സ്വീകാര്യനാകുക.

Currently Selected:

2 KORINTH 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy