YouVersion Logo
Search Icon

2 CHRONICLE 28

28
ആഹാസ്
(2 രാജാ. 16:1-4)
1വാഴ്ച ആരംഭിച്ചപ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു; അദ്ദേഹം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു; എന്നാൽ പൂർവപിതാവായ ദാവീദിനെപ്പോലെ സർവേശ്വരനു ഹിതകരമായവിധം അദ്ദേഹം പ്രവർത്തിച്ചില്ല. 2ഇസ്രായേൽരാജാക്കന്മാരെപ്പോലെ അദ്ദേഹം ജീവിച്ചു; ബാൽവിഗ്രഹങ്ങൾ വാർത്തുണ്ടാക്കി. 3ബെൻ-ഹിന്നോം താഴ്‌വരയിൽ അദ്ദേഹം ധൂപം അർപ്പിച്ചു; ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിയിൽ ഹോമിച്ചു. 4അദ്ദേഹം പൂജാഗിരികളിലും കുന്നുകളിലും സകല പച്ചമരങ്ങളുടെ തണലിലും ബലിയും ധൂപവും അർപ്പിച്ചു.
യെഹൂദായുമായി യുദ്ധം
(2 രാജാ. 16:5)
5ആഹാസിനെ ദൈവമായ സർവേശ്വരൻ സിറിയാരാജാവിന്റെ കൈയിൽ ഏല്പിച്ചു. സിറിയാരാജാവ് അദ്ദേഹത്തെ തോല്പിച്ച് ജനങ്ങളിൽ അനേകം പേരെ തടവുകാരാക്കി ദമാസ്കസിലേക്കു കൊണ്ടുപോയി. പിന്നീടു സർവേശ്വരൻ ആഹാസിനെ ഇസ്രായേലിന്റെ കൈയിൽ ഏല്പിച്ചു. അവരും ഒരു വലിയ കൂട്ടക്കൊല നടത്തി അദ്ദേഹത്തെ പരാജയപ്പെടുത്തി. 6ഇസ്രായേൽരാജാവും രെമല്യായുടെ പുത്രനുമായ പേക്കഹ് യെഹൂദ്യയിൽ ഒരുലക്ഷത്തിരുപതിനായിരം ധീരയോദ്ധാക്കളെ ഒറ്റ ദിവസം സംഹരിച്ചു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചുവല്ലോ. 7എഫ്രയീമ്യനും ധീരനുമായ സിക്രി, രാജകുമാരനായ മയശേയായെയും കൊട്ടാരത്തിലെ സേനാനായകനായ അസ്രീക്കാമിനെയും രാജാവു കഴിഞ്ഞുള്ള അടുത്ത അധികാരിയായ എല്‌ക്കാനയെയും വധിച്ചു. 8ഇസ്രായേല്യർ അവരുടെ ചാർച്ചക്കാരായ യെഹൂദ്യരിൽ സ്‍ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ രണ്ടുലക്ഷം പേരെ ബന്ധനസ്ഥരാക്കി; അവരോടൊപ്പം വളരെയധികം കൊള്ളമുതലും അവർ ശമര്യയിലേക്കു കൊണ്ടുപോയി.
ഒദേദ് പ്രവാചകൻ
9സർവേശ്വരന്റെ പ്രവാചകനായി ഒദേദ് എന്നൊരാൾ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ശമര്യയിലേക്കു വന്ന സൈന്യത്തിനു നേരേ ചെന്നു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ യെഹൂദായോടു കോപിച്ചിരുന്നതുകൊണ്ട് അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു. നിങ്ങൾ അവരെ അതിക്രൂരമായി സംഹരിച്ച വിവരം ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. 10ഇപ്പോൾ നിങ്ങൾ യെരൂശലേമിലും യെഹൂദ്യയിലുമുള്ള സ്‍ത്രീപുരുഷന്മാരെ അടിമകളാക്കാൻ ഒരുങ്ങുന്നു. നിങ്ങളുടെ ദൈവമായ സർവേശ്വരനോടു നിങ്ങളും പാപം ചെയ്തിട്ടില്ലേ? 11അതുകൊണ്ട് ഞാൻ പറയുന്നതു ശ്രദ്ധിക്കുക. നിങ്ങൾ ബന്ധനസ്ഥരാക്കിക്കൊണ്ടുവന്ന നിങ്ങളുടെ ചാർച്ചക്കാരെ വിട്ടയയ്‍ക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ അവിടുത്തെ ഉഗ്രകോപം നിങ്ങളുടെമേൽ പതിക്കും.”
12എഫ്രയീമ്യനേതാക്കന്മാരായ യോഹാനാന്റെ പുത്രൻ അസര്യാ, മെശില്ലേമോത്തിന്റെ പുത്രൻ ബേരെഖ്യാ, ശല്ലൂമിന്റെ പുത്രൻ യെഹിസ്കീയാ, ഹദ്ലായിയുടെ പുത്രൻ അമാസ എന്നീ നാലു പേർ യുദ്ധം കഴിഞ്ഞ് മടങ്ങിവന്നവരോടു പറഞ്ഞു: 13“യുദ്ധത്തടവുകാരെ നിങ്ങൾ ഇവിടെ കൊണ്ടുവരരുത്; അങ്ങനെ ചെയ്താൽ നമ്മുടെ ഇപ്പോഴുള്ള പാപങ്ങൾക്കും അകൃത്യങ്ങൾക്കും പുറമേ സർവേശ്വരന് എതിരെയുള്ള നമ്മുടെ അകൃത്യം വർധിക്കും. നമ്മുടെ കുറ്റം ഇപ്പോൾ തന്നെ വളരെ വലുതാണ്; ഇസ്രായേലിനെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കും.” 14പടയാളികൾ അപ്പോൾ തന്നെ പ്രഭുക്കന്മാരുടെയും ജനസമൂഹം മുഴുവന്റെയും മുമ്പിൽ തടവുകാരോടൊപ്പം കൊള്ളമുതലും ഉപേക്ഷിച്ചുപോയി. 15പ്രത്യേകം നിയോഗിക്കപ്പെട്ടിരുന്ന ആളുകൾ മുമ്പോട്ടു വന്നു തടവുകാരെ ഏറ്റെടുത്തു. അവരിൽ നഗ്നരായവരെ കൊള്ളമുതലിൽ നിന്നെടുത്ത വസ്ത്രങ്ങളും ചെരുപ്പും ധരിപ്പിച്ച് അവർക്ക് ഭക്ഷണപാനീയങ്ങളും നല്‌കി; മുറിവുകളിൽ എണ്ണ പുരട്ടി; അവശരായവരെ കഴുതപ്പുറത്തു കയറ്റി, അങ്ങനെ അവരെയെല്ലാം ഈന്തപ്പനകളുടെ നഗരമായ യെരീഹോവിൽ അവരുടെ ചാർച്ചക്കാരുടെ അടുക്കൽ കൊണ്ടുചെന്നാക്കിയ ശേഷം അവർ ശമര്യയിലേക്കു മടങ്ങി.
അസ്സീറിയായുടെ സഹായം തേടുന്നു
(2 രാജാ. 16:7-9)
16-17എദോമ്യർ വീണ്ടും വന്നു യെഹൂദ്യരെ തോല്പിക്കുകയും അനേകം ആളുകളെ തടവുകാരായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തപ്പോൾ ആഹാസ്‍രാജാവ് അസ്സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു. 18താഴ്‌വരയിലും യെഹൂദ്യയുടെ തെക്കുമുള്ള പട്ടണങ്ങൾ ഫെലിസ്ത്യർ ആക്രമിച്ചു; അവർ ബേത്ത്-ശേമെശ്, അയ്യാലോൻ, ഗെദേരൊത്ത് എന്നീ പട്ടണങ്ങളും സോഖോ, തിമ്നാ, ഗിംസോ എന്നീ പട്ടണങ്ങളും അവയോടു ചേർന്ന ഗ്രാമങ്ങളും കൈവശപ്പെടുത്തി അവിടെ പാർത്തു. 19ആഹാസ്‍രാജാവ് ദുർവൃത്തനായി ജീവിക്കുകയും സർവേശ്വരനോട് അവിശ്വസ്തനായി വർത്തിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം നിമിത്തം യെഹൂദ്യയുടെമേൽ അവിടുന്നു അനർഥം വരുത്തി. 20അസ്സീറിയാരാജാവായ തിഗ്ലത്ത്-പിൽനേസെർ അദ്ദേഹത്തെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുകയാണ് ചെയ്തത്. 21ആഹാസ് സർവേശ്വരന്റെ ആലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉണ്ടായിരുന്ന ധനം കവർന്നെടുത്ത് അസ്സീറിയാരാജാവിനു കപ്പം കൊടുത്തിട്ടും അദ്ദേഹത്തിനു പ്രയോജനം ഉണ്ടായില്ല.
ആഹാസിന്റെ പാപങ്ങൾ
22കൊടിയ ദുരിതം ഉണ്ടായപ്പോൾ ആഹാസ് സർവേശ്വരനോടു കൂടുതൽ അവിശ്വസ്തത കാട്ടി. 23“സിറിയാരാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചു; അവർ എന്നെയും സഹായിക്കാൻവേണ്ടി ഞാൻ ബലിയർപ്പിക്കും” എന്നു പറഞ്ഞു തന്നെ പരാജയപ്പെടുത്തിയ ദമാസ്ക്കസിലെ ദേവന്മാർക്ക് ആഹാസ് ബലിയർപ്പിച്ചു. ഇത് ആഹാസിന്റെയും ഇസ്രായേൽ മുഴുവന്റെയും നാശത്തിനു കാരണമായി. 24അദ്ദേഹം ദേവാലയത്തിലെ പാത്രങ്ങളെല്ലാം തല്ലിയുടച്ചു. സർവേശ്വരമന്ദിരത്തിന്റെ വാതിൽ അദ്ദേഹം അടച്ചിട്ടു. യെരൂശലേമിന്റെ ഓരോ മുക്കിനും മൂലയിലും ബലിപീഠങ്ങളുണ്ടാക്കി. 25അന്യദേവന്മാർക്കു ധൂപം അർപ്പിക്കുന്നതിനു യെഹൂദ്യയിലെ സകല പട്ടണങ്ങളിലും പൂജാഗിരികൾ നിർമ്മിച്ചു; അങ്ങനെ തന്റെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു. 26അദ്ദേഹത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും ജീവിതരീതികളും ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 27ആഹാസ് മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. അദ്ദേഹത്തെ യെരൂശലേമിൽ സംസ്കരിച്ചു. എന്നാൽ ഇസ്രായേൽരാജാക്കന്മാരുടെ കല്ലറയിൽ ആയിരുന്നില്ല. അദ്ദേഹത്തിന്റെ പുത്രൻ #28:27 ഹിസ്കീയാ = യെഹിസ്കീയാ എന്ന പേരിലും അറിയപ്പെട്ടിരുന്നു.ഹിസ്കീയാ പകരം രാജാവായി.

Currently Selected:

2 CHRONICLE 28: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy