YouVersion Logo
Search Icon

2 CHRONICLE 18

18
ആഹാബ്
(1 രാജാ. 22:1-28)
1യെഹോശാഫാത്തിനു വളരെ സമ്പത്തും പ്രശസ്തിയുമുണ്ടായി. അദ്ദേഹം ആഹാബു കുടുംബവുമായി വിവാഹബന്ധത്തിലേർപ്പെട്ടു. ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹം ശമര്യയിൽ ചെന്ന് ആഹാബിനെ സന്ദർശിച്ചു. 2ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവരെ സൽക്കരിച്ചു. ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാൻ തന്നോടു ചേരുന്നതിന് ആഹാബ് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
3“എന്റെ കൂടെ ഗിലെയാദിലെ രാമോത്തിലേക്കു വരുമോ” എന്ന് ഇസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ താങ്കളെപ്പോലെയും എന്റെ ജനം താങ്കളുടെ ജനത്തെപ്പോലെയും ആണ്. യുദ്ധത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പം വരാം. 4എന്നാൽ ആദ്യം സർവേശ്വരന്റെ അരുളപ്പാട് ആരായാം.” 5അപ്പോൾ ഇസ്രായേൽരാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി. അവർ നാനൂറുപേർ ആയിരുന്നു. അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്തിനോടു യുദ്ധം ചെയ്യാൻ ഞങ്ങൾ പോകണമോ?” അവർ പറഞ്ഞു: “പോകുക, ദൈവം അത് രാജാവിന്റെ കൈയിൽ ഏല്പിക്കും.” 6“നാം അരുളപ്പാട് ചോദിക്കാൻ ഇനി ഇവിടെ സർവേശ്വരന്റെ പ്രവാചകനായി ആരുമില്ലേ?” യെഹോശാഫാത്ത് ചോദിച്ചു. 7ഇസ്രായേൽരാജാവ് പറഞ്ഞു: “സർവേശ്വരന്റെ അരുളപ്പാടു ചോദിക്കാൻ ഇനി ഒരാൾകൂടിയുണ്ട്. ഇമ്ലായുടെ പുത്രനായ മീഖായാ. എന്നാൽ അവൻ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മ ഒന്നും പ്രവചിക്കുകയില്ല; അതുകൊണ്ട് എനിക്ക് അയാളോടു വെറുപ്പാണ്.” യെഹോശാഫാത്ത് പറഞ്ഞു: “അങ്ങ് അങ്ങനെ പറയരുതേ.” 8ആഹാബ്‍രാജാവ് ഭൃത്യനെ വിളിച്ച് “ഇമ്ലായുടെ മകൻ മീഖായായെ വേഗംകൂട്ടിക്കൊണ്ടുവരിക” എന്നു കല്പിച്ചു. 9ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിക്കളത്തിൽ തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. 10അവരിൽ കെനയനായുടെ പുത്രൻ സിദെക്കീയാ ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി. അയാൾ പറഞ്ഞു: “ഇവകൊണ്ട് അങ്ങു സിറിയാക്കാരെയെല്ലാം കുത്തി നശിപ്പിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 11പ്രവാചകന്മാരെല്ലാം അങ്ങനെതന്നെ പ്രവചിച്ചു പറഞ്ഞു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെട്ട് വിജയം കൈവരിക്കുക. അവിടുന്ന് അത് രാജാവിന്റെ കൈകളിൽ ഏല്പിക്കും.” 12മീഖായായെ വിളിക്കാൻ പോയ രാജഭൃത്യൻ അയാളോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തിൽ രാജാവിന് അനുകൂലമായി പ്രവചിച്ചിരിക്കുകയാണ്. അങ്ങും അവരെപ്പോലെ പ്രവചിക്കണം. അങ്ങയുടെ വാക്കും അവരുടെ വാക്കുപോലെ ആയിരിക്കട്ടെ.” 13എന്നാൽ മീഖായാ പറഞ്ഞു: “സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്തു പറയുന്നു. എന്റെ ദൈവം അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പ്രവചിക്കൂ.” 14അദ്ദേഹം വന്നപ്പോൾ രാജാവു ചോദിച്ചു: “മീഖായാ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാൻ പോകണമോ വേണ്ടയോ?” മീഖായാ പറഞ്ഞു: “പോയി വിജയം കൈവരിക്കുക. സർവേശ്വരൻ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും.” 15ആഹാബ് പ്രതിവചിച്ചു: “സർവേശ്വരന്റെ നാമത്തിൽ സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാൻ പറയണം.” 16മീഖായാ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേൽജനം ചിതറിയിരിക്കുന്നതു ഞാൻ കണ്ടു.” അപ്പോൾ സർവേശ്വരൻ കല്പിച്ചു: “ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ സ്വന്തഭവനത്തിലേക്കു സമാധാനമായി മടങ്ങിപ്പോകട്ടെ.” 17ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇയാൾ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മയൊന്നും പറയുകയില്ല എന്നു ഞാൻ അങ്ങയോടു പറഞ്ഞില്ലേ?” 18മീഖായാ തുടർന്നു പറഞ്ഞു: “സർവേശ്വരന്റെ വചനം ശ്രവിക്കുക; അവിടുന്നു തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗീയസൈന്യമെല്ലാം അവിടുത്തെ ഇടതും വലതും നില്‌ക്കുന്നതും ഞാൻ കണ്ടു.” 19അപ്പോൾ അവിടുന്നു ചോദിച്ചു: “ഇസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽ ചെന്നു നശിക്കാൻ തക്കവിധം ആര് അയാളെ വശീകരിക്കും?” അതിന് ഓരോരുത്തർ ഓരോ വിധത്തിൽ ഉത്തരം നല്‌കി. 20അപ്പോൾ ഒരു ആത്മാവ് മുമ്പോട്ടു വന്ന് “ഞാൻ വശീകരിക്കാം” എന്നു പറഞ്ഞു. “എങ്ങനെ” എന്നു സർവേശ്വരൻ ചോദിച്ചു. 21ആത്മാവു പറഞ്ഞു: “ഞാൻ പോയി രാജാവിന്റെ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളിൽ അസത്യത്തിന്റെ ആത്മാവായി വർത്തിക്കും.” അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി അങ്ങനെ അയാളെ വശീകരിക്കുക; നീ വിജയിക്കും.” 22അതുകൊണ്ട് സർവേശ്വരൻ ഇപ്പോൾ വ്യാജത്തിന്റെ ആത്മാവിനെയാണ് ഈ പ്രവാചകന്മാരുടെ അധരങ്ങളിൽ കൊടുത്തിരിക്കുന്നത്. അവിടുന്ന് അങ്ങേക്കെതിരെ അനർഥം അരുളിച്ചെയ്തിരിക്കുന്നു.” 23അപ്പോൾ കെനയനായുടെ പുത്രൻ സിദെക്കീയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്തടിച്ചു. അയാൾ ചോദിച്ചു: “നിന്നോടു സംസാരിക്കുന്നതിന് എന്നെ കടന്നു ഏതു വഴിക്കാണ് സർവേശ്വരന്റെ ആത്മാവ് നിന്റെ അടുത്തെത്തിയത്?” 24മീഖായാ പ്രതിവചിച്ചു: “ഒളിച്ചിരിക്കാനുള്ള അറ തേടി പോകുന്ന ദിവസം നീ അതു മനസ്സിലാക്കും.” 25ഇസ്രായേൽരാജാവു കല്പിച്ചു: “നിങ്ങൾ മീഖായായെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ പിടിച്ചു കൊണ്ടുചെന്നു പറയുക. 26ഞാൻ സമാധാനമായി തിരിച്ചെത്തുന്നതുവരെ ഇയാളെ തടവിലാക്കുക; കഴിക്കാൻ അല്പം ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.” 27മീഖായാ പറഞ്ഞു: “അങ്ങു സമാധാനമായി മടങ്ങി എത്തുകയാണെങ്കിൽ സർവേശ്വരൻ എന്നിലൂടെ സംസാരിച്ചിട്ടില്ല. സർവജനങ്ങളും ഇതു കേൾക്കട്ടെ.”
ആഹാബിന്റെ മരണം
(1 രാജാ. 22:29-35)
28ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാമോത്ത്-ഗിലെയാദിലേക്കു പുറപ്പെട്ടു. 29ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകും; അങ്ങു രാജവസ്ത്രങ്ങൾ തന്നെ ധരിച്ചുകൊള്ളുക.” അങ്ങനെ ഇസ്രായേൽരാജാവ് വേഷപ്രച്ഛന്നനായും യെഹോശാഫാത്ത് രാജവസ്ത്രം ധരിച്ചും യുദ്ധത്തിൽ ഏർപ്പെട്ടു. 30ഇസ്രായേൽരാജാവിനോടല്ലാതെ വലിയവനായാലും ചെറിയവനായാലും മറ്റാരോടും യുദ്ധം ചെയ്യരുത് എന്നു സിറിയാരാജാവ് തന്റെ രഥനായകന്മാരോടു കല്പിച്ചിരുന്നു. 31യെഹോശാഫാത്തിനെ കണ്ടപ്പോൾ രഥനായകന്മാർ ‘ഇതാ, ഇസ്രായേൽരാജാവ്’ എന്നു പറഞ്ഞ് അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചു. അപ്പോൾ യെഹോശാഫാത്ത് നിലവിളിച്ചു. സർവേശ്വരൻ അയാളെ സഹായിച്ചു. ദൈവം അദ്ദേഹത്തെ അവരിൽനിന്നു വിടുവിക്കുകയും ചെയ്തു. 32അത് ഇസ്രായേൽരാജാവല്ലെന്നു മനസ്സിലാക്കിയപ്പോൾ അവർ യെഹോശാഫാത്തിനെ പിന്തുടരാതെ മടങ്ങി. 33ഒരാൾ യാദൃച്ഛികമായി എയ്ത അമ്പ് ഇസ്രായേൽരാജാവിന്റെ കവചത്തിനും മാർച്ചട്ടയ്‍ക്കും ഇടയ്‍ക്കു തറച്ചുകയറി. ഉടനെ രാജാവു തേരാളിയോടു പറഞ്ഞു: “എനിക്കു മുറിവേറ്റിരിക്കുന്നു; രഥം പിന്തിരിച്ചു പടക്കളത്തിൽനിന്ന് എന്നെ കൊണ്ടുപോകുക.” 34അന്നു ഘോരയുദ്ധം നടന്നു; ഇസ്രായേൽരാജാവ് സന്ധ്യവരെ സിറിയാക്കാർക്കഭിമുഖമായി രഥത്തിൽ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അദ്ദേഹം മരിച്ചു.

Currently Selected:

2 CHRONICLE 18: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy