YouVersion Logo
Search Icon

2 CHRONICLE 12

12
ഈജിപ്തുകാരുടെ ആക്രമണം
(1 രാജാ. 14:25-28)
1രെഹബെയാമിന്റെ ഭരണം സുസ്ഥാപിതമാകുകയും ശക്തിപ്പെടുകയും ചെയ്തതോടെ അയാളും കൂടെയുള്ള ഇസ്രായേൽജനവും സർവേശ്വരന്റെ ധർമശാസ്ത്രം ഉപേക്ഷിച്ചു. 2അവിടുത്തോട് അവിശ്വസ്തത കാണിച്ചതിനാൽ രെഹബെയാംരാജാവിന്റെ വാഴ്ചയുടെ അഞ്ചാം വർഷം, 3ഈജിപ്തുരാജാവായ ശീശക് ആയിരത്തി ഇരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി യെരൂശലേമിനെതിരെ വന്നു. അയാളോടൊപ്പം ലൂബ്യരും, സൂക്യരും, എത്യോപ്യരുമായി വന്ന പടയാളികൾ അസംഖ്യമായിരുന്നു. 4യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങൾ പിടിച്ചടക്കിയശേഷം അയാൾ യെരൂശലേംവരെ എത്തി. 5രെഹബെയാമിന്റെയും ശീശക്കിനെ ഭയന്നു യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽ ചെന്ന് ശെമയ്യാപ്രവാചകൻ പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നെ ഉപേക്ഷിച്ചു; അതിനാൽ ഞാൻ നിങ്ങളെ ഉപേക്ഷിച്ചു ശീശക്കിന്റെ കൈയിൽ ഏല്പിക്കുന്നു. 6അപ്പോൾ ഇസ്രായേൽപ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ വിനയപ്പെടുത്തി. “സർവേശ്വരൻ നീതിമാനാകുന്നു” എന്നു ഏറ്റുപറഞ്ഞു. 7അവർ സ്വയം എളിമപ്പെട്ടതു കണ്ടപ്പോൾ അവിടുന്നു ശെമയ്യാപ്രവാചകനോടു പറഞ്ഞു: “അവർ സ്വയം വിനയപ്പെടുത്തിയതിനാൽ ഞാൻ അവരെ നശിപ്പിക്കുകയില്ല; അവർക്ക് അല്പം മോചനം നല്‌കും. ഞാൻ എന്റെ ക്രോധം ശീശക്കിലൂടെ യെരൂശലേമിൽ ചൊരിയുകയില്ല. 8എങ്കിലും അവർ ശീശക്കിനു ദാസരായിത്തീരും; അങ്ങനെ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം അവർ അറിയും.” 9ഈജിപ്തുരാജാവായ ശീശക് യെരൂശലേമിൽ വന്നു സർവേശ്വരന്റെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും നിക്ഷേപങ്ങളെല്ലാം കവർച്ച ചെയ്തു; ശലോമോൻ നിർമ്മിച്ച സ്വർണപ്പരിചകൾ ഉൾപ്പെടെ സകല സാധനങ്ങളും എടുത്തുകൊണ്ടുപോയി. 10രെഹബെയാം സ്വർണപ്പരിചകൾക്കു പകരം ഓട്ടുപരിചകൾ നിർമ്മിച്ച് കൊട്ടാരംകാവല്‌ക്കാരുടെ നായകന്മാരെ ഏല്പിച്ചു. 11രാജാവ് സർവേശ്വരന്റെ ആലയത്തിൽ ചെല്ലുമ്പോഴൊക്കെ കാവല്‌ക്കാർ അവ ധരിച്ചുകൊണ്ടു നില്‌ക്കും. പിന്നീട് കാവൽപ്പുരയിൽ കൊണ്ടുപോയി സൂക്ഷിക്കും. 12രാജാവ് സ്വയം എളിമപ്പെട്ടപ്പോൾ സമ്പൂർണനാശം വരുത്താതെ സർവേശ്വരന്റെ ക്രോധം അദ്ദേഹത്തെ വിട്ടുപോയി. യെഹൂദായുടെ സ്ഥിതി പൊതുവേ മെച്ചമായി.
രെഹബെയാമിന്റെ ഭരണം
13തന്റെ നില സുസ്ഥിരമാക്കിക്കൊണ്ടു രെഹബെയാം യെരൂശലേമിൽ വാണു. രാജ്യഭാരം ഏല്‌ക്കുമ്പോൾ രെഹബെയാമിനു നാല്പത്തൊന്നു വയസ്സായിരുന്നു. തന്റെ നാമം നിലനിർത്തുന്നതിന് ഇസ്രായേലിലെ സകല ഗോത്രങ്ങളിൽ നിന്നുമായി സർവേശ്വരൻ തിരഞ്ഞെടുത്ത യെരൂശലേമിൽ അദ്ദേഹം പതിനേഴു വർഷം വാണു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 14രെഹബെയാം സർവേശ്വരനെ ആത്മാർഥമായി അന്വേഷിക്കാതെ തിന്മ ചെയ്തു.
15രെഹബെയാമിന്റെ പ്രവർത്തനങ്ങൾ ആദ്യന്തം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രെഹബെയാമും യെരോബെയാമും തമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. 16രെഹബെയാം മരിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രനായ അബീയാ പകരം രാജാവായി.

Currently Selected:

2 CHRONICLE 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy