YouVersion Logo
Search Icon

1 SAMUELA 19

19
ശൗൽ ദാവീദിനെ പീഡിപ്പിക്കുന്നു
1ദാവീദിനെ വധിക്കണമെന്നു തന്റെ പുത്രനായ യോനാഥാനോടും ഭൃത്യന്മാരോടും ശൗൽ കല്പിച്ചു; എന്നാൽ ശൗലിന്റെ പുത്രനായ യോനാഥാനു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നു. 2യോനാഥാൻ ദാവീദിനോടു പറഞ്ഞു: “എന്റെ പിതാവ് നിന്നെ കൊല്ലാൻ നോക്കുകയാണ്; അതുകൊണ്ടു നീ രാവിലെ പോയി എവിടെയെങ്കിലും കരുതലോടെ ഒളിച്ചിരിക്കുക. 3നീ ഒളിച്ചിരിക്കുന്ന വയലിൽ വന്ന് എന്റെ പിതാവിനോട് നിന്നെപ്പറ്റി ഞാൻ സംസാരിക്കും; ഞാൻ എന്തെങ്കിലും അറിഞ്ഞാൽ അതു നിന്നെ അറിയിക്കാം.” 4യോനാഥാൻ തന്റെ പിതാവായ ശൗലിനോടു ദാവീദിന്റെ ഗുണഗണങ്ങളെപ്പറ്റി സംസാരിച്ചു; അവൻ പറഞ്ഞു: “അങ്ങയുടെ ദാസനായ ദാവീദിനോട് ഒരു തിന്മയും പ്രവർത്തിക്കരുതേ! അയാൾ അങ്ങയോട് ഒരു തെറ്റും ചെയ്തിട്ടില്ല; അയാളുടെ പ്രവൃത്തികൾ അങ്ങേക്കു വളരെ നന്മയായിത്തീർന്നിട്ടേയുള്ളൂ. 5തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് അവൻ ആ ഫെലിസ്ത്യനെ വധിച്ചു; അങ്ങനെ ഒരു വൻവിജയം സർവേശ്വരൻ ഇസ്രായേല്യർക്കു നല്‌കി; അതു കണ്ട് അങ്ങ് സന്തോഷിച്ചതാണ്; ഇപ്പോൾ ഒരു കാരണവും കൂടാതെ ദാവീദിനെ വധിച്ചു നിഷ്കളങ്കരക്തം ചിന്തി പാപം ചെയ്യുന്നതെന്തിന്?” 6യോനാഥാന്റെ വാക്കുകൾ ശൗൽ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സർവേശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തു. 7യോനാഥാൻ ദാവീദിനെ വിളിച്ചു വിവരമെല്ലാം പറഞ്ഞു; അവൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വന്നു; മുമ്പത്തെപ്പോലെ അവൻ രാജസന്നിധിയിൽ കഴിഞ്ഞു.
8ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി; ദാവീദ് അനേകം പേരെ വധിച്ചു; ഫെലിസ്ത്യർ തോറ്റോടി. 9ഒരു കുന്തവും ഏന്തി കൊട്ടാരത്തിൽ ഇരിക്കുമ്പോൾ ശൗലിന്റെമേൽ സർവേശ്വരൻ അയച്ച ദുരാത്മാവ് ആവേശിച്ചു; അപ്പോൾ ദാവീദ് കിന്നരം വായിക്കുകയായിരുന്നു. 10ശൗൽ അവനെ കുന്തംകൊണ്ടു ചുമരിനോട് ചേർത്തു തറയ്‍ക്കാൻ ശ്രമിച്ചു; അയാൾ ഒഴിഞ്ഞുമാറിയതുകൊണ്ട് കുന്തം ചുവരിൽ തറച്ചു. 11ദാവീദ് ഓടി രക്ഷപെട്ടു. അടുത്ത പ്രഭാതത്തിൽ ദാവീദിനെ കൊല്ലാൻവേണ്ടി അവന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് അവൻ പാർക്കുന്ന സ്ഥലത്തേക്കു ശൗൽ ദൂതന്മാരെ ആ രാത്രിയിൽത്തന്നെ അയച്ചു; ദാവീദിന്റെ ഭാര്യ മീഖൾ അയാളോടു പറഞ്ഞു: “ഇന്നു രാത്രിതന്നെ അങ്ങു രക്ഷപെട്ടില്ലെങ്കിൽ അവർ നാളെ അങ്ങയെ വധിക്കും.” 12ജനലിൽക്കൂടി ഇറങ്ങി രക്ഷപെടുന്നതിന് അവൾ ദാവീദിനെ സഹായിച്ചു; അവൻ ഓടി രക്ഷപെട്ടു. 13മീഖൾ ഒരു ബിംബമെടുത്തു കട്ടിലിൽ കിടത്തി; കോലാട്ടുരോമംകൊണ്ടുള്ള ഒരു തലയിണ തലയ്‍ക്കൽ വച്ചു; ഒരു തുണികൊണ്ട് അതു മൂടി. 14ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച ദൂതന്മാർ വന്നപ്പോൾ അവൻ സുഖമില്ലാതെ കിടക്കുകയാണെന്ന് അവൾ പറഞ്ഞു. 15“എനിക്ക് അവനെ കൊല്ലണം; കിടക്കയോടെ അവനെ എടുത്തുകൊണ്ടു വരുവിൻ” എന്ന കല്പനയോടുകൂടി ശൗൽ ദൂതന്മാരെ അയച്ചു; 16അവർ അകത്തു ചെന്നു നോക്കിയപ്പോൾ ആട്ടിൻരോമംകൊണ്ടുള്ള തലയിണയിൽ തലവച്ചുകിടത്തിയിരിക്കുന്ന ബിംബമാണു കണ്ടത്. 17ശൗൽ മീഖളിനോട് ചോദിച്ചു: “എന്റെ ശത്രുവിനെ രക്ഷപെടാൻ അനുവദിച്ചുകൊണ്ട് നീ എന്നോടു വഞ്ചന കാട്ടിയതെന്ത്?” മീഖൾ മറുപടി നല്‌കി: “എന്നെ വിട്ടയയ്‍ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
18ദാവീദ് ഓടി രക്ഷപെട്ടു; രാമായിൽ ശമൂവേലിന്റെ അടുക്കൽ എത്തി; ശൗൽ തന്നോടു പ്രവർത്തിച്ചതെല്ലാം ദാവീദ് ശമൂവേലിനെ ധരിപ്പിച്ചു. പിന്നീട് ദാവീദും ശമൂവേലും നയ്യോത്തിൽ ചെന്നു പാർത്തു. 19ദാവീദ് രാമായിലെ നയ്യോത്തിൽ ഉണ്ടെന്നു ശൗലിന് അറിവുകിട്ടി. 20അവനെ പിടിക്കാൻ ശൗൽ ദൂതന്മാരെ അയച്ചു; ഒരു സംഘം പ്രവാചകന്മാർ പ്രവചിക്കുന്നതും ശമൂവേൽ അവരുടെ നേതാവായിരിക്കുന്നതും ശൗലിന്റെ ഭൃത്യന്മാർ കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവരുടെമേൽ വന്നു; അവരും പ്രവചിച്ചു. 21ശൗൽ ഈ വാർത്ത അറിഞ്ഞ ഉടനെ മറ്റു ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. ശൗൽ മൂന്നാമതും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. 22ഒടുവിൽ ശൗൽതന്നെ രാമായിലേക്കു പുറപ്പെട്ടു; സേക്കൂവിലെ വലിയ കിണറിന്റെ അടുത്തെത്തിയപ്പോൾ ശമൂവേലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവർ രാമായിലെ നയ്യോത്തിലുണ്ടെന്ന് ഒരാൾ പറഞ്ഞു; 23അങ്ങനെ അദ്ദേഹം രാമായിലെ നയ്യോത്തിലേക്കു പോയി. ദൈവത്തിന്റെ ആത്മാവ് ശൗലിന്റെമേലും വന്നു; നയ്യോത്തിൽ എത്തുന്നതുവരെ അദ്ദേഹവും പ്രവചിച്ചു. 24അദ്ദേഹം വസ്ത്രം ഉരിഞ്ഞുകളഞ്ഞു; അന്നു രാത്രിയും പകലും ശമൂവേലിന്റെ മുമ്പിൽ പ്രവചിച്ചുകൊണ്ടു നഗ്നനായി കിടന്നു. ‘ശൗലും പ്രവാചകഗണത്തിലോ?’ എന്ന പഴമൊഴിക്ക് ഇതു കാരണമായിത്തീർന്നു.

Currently Selected:

1 SAMUELA 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy