YouVersion Logo
Search Icon

1 SAMUELA 16

16
ദാവീദ് അഭിഷിക്തനാകുന്നു
1സർവേശ്വരൻ ശമൂവേലിനോടു പറഞ്ഞു: “ഞാൻ ശൗലിനെ ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്നു നീക്കിയിരിക്കെ നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിച്ചുകൊണ്ടിരിക്കും? കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്‍ലഹേംകാരനായ യിശ്ശായിയുടെ അടുക്കലേക്ക് അയയ്‍ക്കും; അവന്റെ മക്കളിൽ ഒരുവനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു.” 2ശമൂവേൽ പറഞ്ഞു: “ഞാൻ എങ്ങനെ അവിടെ പോകും? ശൗൽ ഇതു കേട്ടാൽ എന്നെ കൊല്ലും.” സർവേശ്വരൻ അരുളിച്ചെയ്തു: “നീ ഒരു പശുക്കിടാവിനെ കൂടെ കൊണ്ടുചെന്ന് ‘ഞാൻ സർവേശ്വരനു യാഗം കഴിക്കാൻ വന്നിരിക്കുന്നു’ എന്നു പറയണം; 3യിശ്ശായിയെക്കൂടെ യാഗത്തിനു ക്ഷണിക്കണം; നീ ചെയ്യേണ്ടതെന്തെന്ന് ഞാൻ അന്നേരം നിന്നെ അറിയിക്കും; ഞാൻ നിർദ്ദേശിക്കുന്നവനെ എനിക്കായി അഭിഷേകം ചെയ്യണം.” 4അവിടുന്നു കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. അദ്ദേഹം ബേത്‍ലഹേമിലേക്കു പോയി; നഗരത്തിലെ നേതാക്കന്മാർ ഭയന്നു വിറച്ചു ശമൂവേലിനെ കാണാൻ വന്നു. “അങ്ങയുടെ വരവു സമാധാനപൂർവമോ” എന്ന് അവർ ചോദിച്ചു. 5ശമൂവേൽ അവരോടു പറഞ്ഞു: “അതേ, സമാധാനത്തോടെതന്നെ. ഞാൻ സർവേശ്വരനു യാഗം കഴിക്കാൻ വന്നിരിക്കുകയാണ്; നിങ്ങൾ സ്വയം ശുദ്ധീകരിച്ച് എന്റെ കൂടെ വരുവിൻ.” അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. 6അവർ വന്നപ്പോൾ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേൽ ശ്രദ്ധിച്ചു; സർവേശ്വരന്റെ അഭിഷിക്തൻ അവനായിരിക്കും എന്ന് അദ്ദേഹം കരുതി. 7എന്നാൽ സർവേശ്വരൻ അദ്ദേഹത്തോടു പറഞ്ഞു: “അവന്റെ ബാഹ്യരൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യൻ നോക്കുന്ന വിധമല്ല ഞാൻ നോക്കുന്നത്; മനുഷ്യൻ ബാഹ്യരൂപം നോക്കുന്നു; സർവേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു.” 8പിന്നീട് യിശ്ശായി തന്റെ രണ്ടാമത്തെ പുത്രനായ അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; അവനെയും സർവേശ്വരൻ തിരഞ്ഞെടുത്തിട്ടില്ല എന്നു ശമൂവേൽ പറഞ്ഞു. 9അതിനുശേഷം യിശ്ശായി ശമ്മയെ വിളിച്ചു; ഇവനെയും അവിടുന്നു തിരഞ്ഞെടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 10ഇങ്ങനെ യിശ്ശായി തന്റെ ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വിളിച്ചു വരുത്തി; എന്നാൽ അദ്ദേഹം യിശ്ശായിയോടു പറഞ്ഞു: “സർവേശ്വരൻ ഇവരിൽ ആരെയും തിരഞ്ഞെടുത്തിട്ടില്ല. 11നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നുവോ” എന്നു ശമൂവേൽ ചോദിച്ചു. “ഇനിയും ഏറ്റവും ഇളയപുത്രനുണ്ട്; അവൻ ആടുകളെ മേയ്‍ക്കുകയാണ്” എന്നു യിശ്ശായി പറഞ്ഞു. “അവനെക്കൂടെ വരുത്തുക; അവൻ വന്നതിനുശേഷമേ ഞങ്ങൾ ഭക്ഷണം കഴിക്കുകയുള്ളൂ” എന്നു ശമൂവേൽ പറഞ്ഞു. 12ഉടനെ യിശ്ശായി ആളയച്ച് അവനെ വരുത്തി; അവൻ പവിഴനിറവും മനോഹര നയനങ്ങളും ഉള്ള കോമളനായിരുന്നു. അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തു: “ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് ഇവനെയാണ്.” 13ശമൂവേൽ തൈലം നിറച്ച കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ മുമ്പിൽ വച്ച് അവനെ അഭിഷേകം ചെയ്തു. അന്നുമുതൽ സർവേശ്വരന്റെ ആത്മാവ് ശക്തമായി ദാവീദിന്റെമേൽ വ്യാപരിച്ചു; പിന്നീട് ശമൂവേൽ രാമായിലേക്ക് മടങ്ങിപ്പോയി.
ദാവീദ് ശൗലിന്റെ കൊട്ടാരത്തിൽ
14സർവേശ്വരന്റെ ആത്മാവു ശൗലിനെ വിട്ടുമാറി; അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചു. 15ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോടു പറഞ്ഞു: “സർവേശ്വരൻ അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു. 16അതുകൊണ്ട് കിന്നരം വായനയിൽ നിപുണനായ ഒരാളെ കണ്ടുപിടിക്കാൻ അങ്ങു ഞങ്ങളോടു കല്പിച്ചാലും. ദുരാത്മാവ് അങ്ങയെ ആവേശിക്കുമ്പോൾ അവൻ കിന്നരം വായിക്കും; അത് അങ്ങേക്ക് ആശ്വാസം നല്‌കും.” 17ശൗൽ തന്റെ ഭൃത്യന്മാരോടു “നന്നായി കിന്നരം വായിക്കുന്ന ഒരാളെ കണ്ടുപിടിച്ചു തന്റെ അടുക്കൽ കൊണ്ടുവരാൻ” കല്പിച്ചു. 18ഭൃത്യന്മാരിൽ ഒരാൾ പറഞ്ഞു: “ബേത്‍ലഹേംകാരനായ യിശ്ശായിയുടെ ഒരു പുത്രനെ എനിക്കറിയാം. അവൻ കിന്നരം വായനയിൽ നിപുണനും ശൂരനും യുദ്ധവീരനും വാഗ്മിയും കോമളരൂപനും ആണ്; സർവേശ്വരൻ അവന്റെ കൂടെയുണ്ട്.” 19“ആടു മേയ്‍ക്കുന്ന നിന്റെ പുത്രൻ ദാവീദിനെ എന്റെ അടുക്കൽ അയയ്‍ക്കുക” എന്ന സന്ദേശവുമായി ശൗൽ ദൂതന്മാരെ യിശ്ശായിയുടെ അടുക്കൽ അയച്ചു. 20യിശ്ശായി ഒരു കഴുതയുടെ പുറത്ത് കുറെ അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ പുത്രൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു. 21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ സേവകനായിത്തീർന്നു. ശൗൽ അവനെ വളരെ ഇഷ്ടപ്പെട്ടു; ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. 22ശൗൽ യിശ്ശായിയുടെ അടുക്കൽ സന്ദേശവാഹകരെ അയച്ച് അറിയിച്ചു: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു; അതുകൊണ്ട് അവൻ എന്റെ കൂടെ പാർക്കട്ടെ.” 23ദൈവം അയച്ച ദുരാത്മാവ് ശൗലിനെ ബാധിക്കുമ്പോഴെല്ലാം ദാവീദ് കിന്നരം എടുത്തു വായിക്കും; അപ്പോൾ ശൗലിന് ആശ്വാസവും സൗഖ്യവും ലഭിക്കുകയും ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.

Currently Selected:

1 SAMUELA 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy