YouVersion Logo
Search Icon

1 PETERA 1

1
1യേശുക്രിസ്തുവിന്റെ അപ്പോസ്തോലനായ പത്രോസ്, പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ഏഷ്യാദേശത്തും ബിഥുന്യയിലും പരദേശികളെപ്പോലെ ചിതറിപ്പാർക്കുന്ന ദൈവജനത്തിന് എഴുതുന്നത്:
2നിങ്ങൾക്കു കൃപയും സമാധാനവും വർധിക്കട്ടെ.
യേശുക്രിസ്തുവിനെ അനുസരിക്കുവാനും അവിടുത്തെ രക്തം തളിച്ചു ശുദ്ധീകരിക്കപ്പെടുവാനുമായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുകയും ആത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്തവരാണു നിങ്ങൾ.
സജീവമായ പ്രത്യാശ
3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ! മരണത്തിൽനിന്നുള്ള യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ ദൈവം തന്റെ മഹാകാരുണ്യംമൂലം നമുക്കു നവജന്മം നല്‌കിയിരിക്കുന്നു. അതുമൂലം സജീവമായ പ്രത്യാശ നമുക്കുണ്ട്. 4നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും, അനശ്വരവും, മാലിന്യമില്ലാത്തതും, അക്ഷയവുമായ അനുഗ്രഹങ്ങൾക്ക് നിങ്ങൾ അവകാശികൾ ആണ്. 5അന്ത്യകാലത്തു വെളിപ്പെടുവാനിരിക്കുന്ന രക്ഷയ്‍ക്കുവേണ്ടി വിശ്വാസത്തിലൂടെ ദൈവത്തിന്റെ ശക്തിയാൽ കാത്തുസൂക്ഷിക്കപ്പെടുന്നവരാണു നിങ്ങൾ.
6അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാൽ നിങ്ങൾ ഇപ്പോൾ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കിൽത്തന്നെയും അതിൽ നിങ്ങൾ ആനന്ദംകൊള്ളുക. 7നശ്വരമായ സ്വർണം അഗ്നിയിൽ ശോധന ചെയ്യപ്പെടുന്നു. നിങ്ങളുടെ ഈ അഗ്നിപരീക്ഷണം സ്വർണത്തെക്കാൾ വിലയേറിയ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി തെളിയിക്കുകയും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും നിദാനമാവുകയും ചെയ്യും. 8കാണാതെ തന്നെ നിങ്ങൾ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ കാണുന്നില്ലെങ്കിലും വിശ്വസിച്ചുകൊണ്ട് അവാച്യവും അത്യുൽകൃഷ്ടവുമായ ആനന്ദത്താൽ ആമോദിക്കുന്നു. 9എന്തെന്നാൽ നിങ്ങളുടെ ആത്മാക്കൾ രക്ഷപ്രാപിക്കുന്നു എന്നതാണ് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലം.
10നിങ്ങൾക്കു ലഭിക്കുവാനിരിക്കുന്ന വരദാനത്തെപ്പറ്റി പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് അന്വേഷിക്കുകയും ആരായുകയും ചെയ്തിരുന്നു. 11ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെയും തദനന്തരമുണ്ടാകുന്ന മഹത്ത്വത്തെയും സംബന്ധിച്ചു മുൻകൂട്ടി അറിയിച്ചപ്പോൾ തങ്ങളിലുള്ള ക്രിസ്തുവിന്റെ ആത്മാവു സൂചിപ്പിച്ച സമയം ഏതായിരിക്കുമെന്നും ആ ആൾ ആരായിരിക്കുമെന്നും അവർ അന്വേഷിച്ചു. 12അവർ തങ്ങൾക്കു വേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണു ശുശ്രൂഷ ചെയ്യുന്നതെന്ന് അവർക്കു വെളിപ്പെട്ടു. സ്വർഗത്തിൽനിന്ന് അയച്ച പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ നിങ്ങളുടെ സുവിശേഷം പ്രസംഗിച്ചവർ മുഖാന്തരം ഇപ്പോൾ അതു പ്രസ്താവിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യങ്ങൾ ദർശിക്കുവാൻ മാലാഖമാർപോലും അഭിവാഞ്ഛിക്കുന്നു.
വിശുദ്ധ ജീവിതത്തിനുവേണ്ടിയുള്ള ആഹ്വാനം
13അതുകൊണ്ട് നിങ്ങളുടെ മനസ്സ് സുസജ്ജമാക്കി, യേശുക്രിസ്തു പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കുവാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ പൂർണമായി ഉറപ്പിച്ചുകൊള്ളുക. 14മുമ്പ് നിങ്ങൾ അജ്ഞരായിരുന്ന കാലത്ത് നിങ്ങളിൽ വർത്തിച്ചിരുന്ന രാഗമോഹാദികൾ അനുസരിച്ചു നടക്കരുത്. 15പ്രത്യുത നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട്, അനുസരണയുള്ള മക്കൾ എന്നവണ്ണം നിങ്ങളുടെ എല്ലാ പെരുമാറ്റങ്ങളിലും വിശുദ്ധർ ആയിരിക്കുക. 16‘ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക’ എന്ന് എഴുതിയിട്ടുണ്ടല്ലോ.
17പക്ഷപാതം കൂടാതെ അവനവൻ ചെയ്യുന്ന പ്രവൃത്തിക്ക് ഒത്തവണ്ണം ഓരോരുത്തനെയും വിധിക്കുന്നവനെയാണ് നിങ്ങൾ പിതാവ് എന്നു വിളിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഈ പ്രവാസകാലം മുഴുവൻ ഭക്തിയോടെ ജീവിക്കുക. 18പിതൃപാരമ്പര്യ വഴിക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങളെ വിമോചിപ്പിക്കുന്നതിനുള്ള വിലയായി കൊടുത്തത് വെള്ളി, സ്വർണം തുടങ്ങിയ നശ്വരവസ്തുക്കളല്ല, 19പ്രത്യുത ക്രിസ്തുവിന്റെ വിലയേറിയ രക്തമാണ് എന്നുള്ളതു നിങ്ങൾക്ക് അറിയാമല്ലോ. ഊനവും കളങ്കവും ഇല്ലാത്ത ബലിമൃഗമായ കുഞ്ഞാടാണ് അവിടുന്ന്. 20പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അവിടുന്നു നിയോഗിക്കപ്പെട്ടു. ഈ അന്ത്യനാളുകളിൽ നിങ്ങൾക്കുവേണ്ടി വെളിപ്പെടുകയും ചെയ്തു. 21അവിടുന്നു മുഖാന്തരം നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും, അവിടുത്തേക്കു മഹത്ത്വം നല്‌കുകയും ചെയ്ത ആ ദൈവത്തിലാകുന്നു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും.
22സത്യത്തെ അനുസരിക്കുന്നതിനാൽ ആത്മാവിനു നൈർമ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങൾക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അന്യോന്യം #1:22 ‘ഉറ്റുസ്നേഹിക്കുക’ - ചില കൈയെഴുത്തു പ്രതികളിൽ ‘നിർമ്മലഹൃദയത്തോടെ സ്നേഹിക്കുക’ എന്നാണ്.ഉറ്റുസ്നേഹിക്കുക. 23നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
24എന്തെന്നാൽ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും
അവരുടെ മഹിമ പുല്ലിന്റെ പൂപോലെയും ആകുന്നു.
പുല്ലു വാടിക്കരിയുന്നു;
പൂക്കൾ കൊഴിഞ്ഞുവീഴുന്നു;
25സർവേശ്വരന്റെ വചനം ആകട്ടെ,
എന്നേക്കും നിലനില്‌ക്കുന്നു.
നിങ്ങളെ അറിയിച്ച സുവാർത്തയാണ് ആ വചനം.

Currently Selected:

1 PETERA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy