YouVersion Logo
Search Icon

1 LALTE 8

8
പെട്ടകം ദേവാലയത്തിൽ
(2 ദിന. 5:2—6:11)
1സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരാൻ ശലോമോൻ ഇസ്രായേൽജനനേതാക്കളെയും ഗോത്രത്തലവന്മാരെയും പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. 2ഏഴാം മാസമായ ഏഥാനീമിലെ പെരുന്നാളിന് അവരെല്ലാം ഒന്നിച്ചുകൂടി. 3ഇസ്രായേലിലെ നേതാക്കന്മാർ സമ്മേളിച്ചപ്പോൾ പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകം എടുത്തു. 4പുരോഹിതന്മാരും ലേവ്യരും ചേർന്നു സർവേശ്വരന്റെ പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലെ വിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു. 5ശലോമോൻരാജാവും അവിടെ വന്നുകൂടിയ ഇസ്രായേൽനേതാക്കന്മാരും ചേർന്നു പെട്ടകത്തിനു മുമ്പിൽ അസംഖ്യം ആടുകളെയും കാളകളെയും യാഗമർപ്പിച്ചു. 6പുരോഹിതന്മാർ പെട്ടകം ചുമന്നു ദേവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്നു കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ വച്ചു. 7പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനില്‌ക്കത്തക്കവിധം കെരൂബുകൾ പെട്ടകത്തിന്റെ മീതെ ചിറകുകൾ വിരിച്ചു നിന്നു; 8തണ്ടുകൾ നീണ്ടുനിന്നിരുന്നതുകൊണ്ട് അന്തർമന്ദിരത്തിന്റെ മുമ്പിൽ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അവ കാണാമായിരുന്നു. വെളിയിൽനിന്ന് അവ ദൃശ്യമായിരുന്നില്ല. 9അവ ഇന്നും അവിടെയുണ്ട്. മോശ സീനായ്മലയിൽവച്ചു നിക്ഷേപിച്ച രണ്ടു കല്പലകകൾ അല്ലാതെ മറ്റൊന്നും അതിനുള്ളിൽ ഉണ്ടായിരുന്നില്ല. അവിടെവച്ചായിരുന്നു ഈജിപ്തിൽനിന്നു മോചിതരായി പോന്ന ഇസ്രായേൽജനങ്ങളുമായി സർവേശ്വരൻ ഉടമ്പടി ചെയ്തത്. 10പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്തുവന്നപ്പോൾ സർവേശ്വരമന്ദിരം മേഘംകൊണ്ടു നിറഞ്ഞു. 11സർവേശ്വരന്റെ തേജസ്സുനിമിത്തം പുരോഹിതന്മാർക്ക് അവിടെ നിന്നു ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞില്ല. മേഘം ആലയത്തിൽ നിറഞ്ഞുനിന്നിരുന്നു.
12അപ്പോൾ ശലോമോൻ പറഞ്ഞു: “കൂരിരുട്ടിൽ വസിക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്തിട്ടുണ്ട്. 13എങ്കിലും അവിടുത്തേക്ക് എന്നേക്കും വസിക്കാൻ അതിവിശിഷ്ടമായ ഒരു ആലയം ഞാൻ നിർമ്മിച്ചിരിക്കുന്നു.”
14അവിടെ കൂടിയിരുന്ന ഇസ്രായേൽജനമെല്ലാം എഴുന്നേറ്റുനില്‌ക്കുകയായിരുന്നു. അപ്പോൾ ശലോമോൻ അവരെ ആശീർവദിച്ചുകൊണ്ടു പറഞ്ഞു: 15“ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. എന്റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്ന് ഇന്നു നിറവേറ്റിയിരിക്കുന്നു. 16അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തിൽനിന്നു മോചിപ്പിച്ചതിനുശേഷം എന്റെ നാമം നിലനില്‌ക്കാൻ എനിക്ക് ഒരു ആലയം പണിയുന്നതിന് ഇസ്രായേൽഗോത്രങ്ങളിൽനിന്ന് ഒരു പട്ടണവും ഞാൻ തിരഞ്ഞെടുത്തില്ല; എങ്കിലും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു. 17ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന് ഒരു ആലയം പണിയാൻ എന്റെ പിതാവായ ദാവീദ് ആഗ്രഹിച്ചു. 18എന്നാൽ അവിടുന്ന് എന്റെ പിതാവിനോട് അരുളിച്ചെയ്തു: ‘എനിക്കുവേണ്ടി ഒരു ആലയം പണിയാനുള്ള നിന്റെ ആഗ്രഹം നല്ലതുതന്നെ; 19എങ്കിലും ആലയം പണിയുന്നതു നീയല്ല; നിനക്കു ജനിക്കാൻ പോകുന്ന പുത്രൻ ആയിരിക്കും.’ 20അങ്ങനെ ആ വാഗ്ദാനം അവിടുന്ന് ഇപ്പോൾ നിറവേറ്റിയിരിക്കുന്നു. സർവേശ്വരൻ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ പിൻഗാമിയായി ഭരണം നടത്തുന്നു; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു ഞാൻ ഒരു ആലയം നിർമ്മിച്ചിരിക്കുന്നു; 21നമ്മുടെ പിതാക്കന്മാരെ സർവേശ്വരൻ ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്നപ്പോൾ അവരോടു ചെയ്ത ഉടമ്പടിയുടെ കല്പലകകൾ സൂക്ഷിച്ചിരിക്കുന്ന പെട്ടകം വയ്‍ക്കുന്നതിനും ഞാൻ ദേവാലയത്തിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”
ശലോമോന്റെ പ്രാർഥന
(2 ദിന. 6:12-42)
22ശലോമോൻ സർവേശ്വരന്റെ യാഗപീഠത്തിനു മുമ്പിൽ നിന്നുകൊണ്ട് ഇസ്രായേൽജനത്തിന്റെ സാന്നിധ്യത്തിൽ കരങ്ങളുയർത്തി പ്രാർഥിച്ചു: 23“ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ! അങ്ങയെപ്പോലൊരു ദൈവം സ്വർഗത്തിലോ ഭൂമിയിലോ ഇല്ല; പൂർണഹൃദയത്തോടെ അങ്ങയെ അനുസരിച്ചു ജീവിക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അവരുടെമേൽ അവിടുത്തെ അചഞ്ചലസ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. 24എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്ന് ആ വാഗ്ദാനം പാലിച്ചിരിക്കുന്നു. 25ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ‘നീ എന്റെ മുമ്പിൽ ജീവിച്ചതുപോലെ നിന്റെ മക്കളും ജീവിച്ചാൽ ഇസ്രായേലിന്റെ സിംഹാസനത്തിലിരുന്നു വാഴാൻ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല എന്ന് എന്റെ പിതാവായ ദാവീദിനോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ; ആ വാഗ്ദാനം നിറവേറ്റണമേ. 26ഇസ്രായേലിന്റെ ദൈവമേ, എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്നു ചെയ്ത വാഗ്ദാനം ഇപ്പോൾ യാഥാർഥ്യമാക്കി തീർക്കണമേ.
27“എന്നാൽ ദൈവം യഥാർഥത്തിൽ ഭൂമിയിൽ വസിക്കുമോ? സ്വർഗവും അത്യുന്നതസ്വർഗവും അവിടുത്തേക്ക് വസിക്കാൻ മതിയാകുകയില്ലല്ലോ. അവയെക്കാൾ എത്രയോ നിസ്സാരമാണ് ഞാൻ നിർമ്മിച്ച ഈ ദേവാലയം! 28എങ്കിലും എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ഈ ദാസന്റെ പ്രാർഥനകളും അപേക്ഷകളും ശ്രവിച്ചാലും. അവിടുത്തെ ദാസൻ അർപ്പിക്കുന്ന പ്രാർഥനയും നിലവിളിയും കേൾക്കണമേ! 29അങ്ങയുടെ ദാസൻ ഈ ആലയത്തിൽവച്ചു നടത്തുന്ന പ്രാർഥന കേൾക്കാൻ അങ്ങ് ഈ ആലയത്തെ രാവും പകലും തൃക്കൺപാർക്കണമേ. തിരുസാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ; 30ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ അർപ്പിക്കുന്ന പ്രാർഥനകൾ ശ്രദ്ധിക്കണമേ. അതേ, അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു ഞങ്ങളുടെ പ്രാർഥന കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ.
31“ഒരാൾ അയൽക്കാരനോടു തെറ്റു ചെയ്തതായി ആരോപണം ഉണ്ടാവുകയും അയാൾ ഈ ആലയത്തിൽ അവിടുത്തെ യാഗപീഠത്തിന്റെ മുമ്പാകെ വന്നു താൻ നിരപരാധി എന്നു സത്യം ചെയ്യുകയും ചെയ്യുമ്പോൾ, 32സർവേശ്വരാ, സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസന്മാരെ ന്യായം വിധിക്കേണമേ. അപരാധിക്ക് അവന്റെ കുറ്റത്തിനു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്ക് തക്ക പ്രതിഫലവും നല്‌കണമേ.
33“അങ്ങയുടെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളുടെ മുമ്പിൽ പരാജയപ്പെടുമ്പോൾ പശ്ചാത്തപിച്ച് ഈ ആലയത്തിൽവച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ് പ്രാർഥിച്ചാൽ സ്വർഗത്തിൽനിന്ന് അങ്ങ് അവരെ ശ്രദ്ധിക്കണമേ. 34അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്ക് അവിടുന്നു നല്‌കിയിരുന്ന ദേശത്തേക്ക് അവരെ മടക്കിക്കൊണ്ടു വരണമേ! 35അവിടുത്തെ ജനം അങ്ങയോടു പാപം ചെയ്തതിന്റെ ഫലമായി മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ ആലയത്തിലേക്കു തിരിഞ്ഞു പ്രാർഥിക്കുകയും അങ്ങയുടെ നാമം ഏററുപറഞ്ഞു തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്താൽ, 36അങ്ങു സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേൾക്കണമേ. അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിന്റെ പാപം ക്ഷമിക്കണമേ; അവരെ നേർവഴി നടത്തുകയും അവർക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ.
37“നാട്ടിൽ ക്ഷാമമോ, പകർച്ചവ്യാധിയോ ഉണ്ടാകുമ്പോഴും പൂപ്പൽരോഗം, വെട്ടുക്കിളി, കീടബാധ മുതലായവമൂലം വിളവു നശിക്കുമ്പോഴും ശത്രുക്കൾ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുമ്പോഴും മഹാമാരിയോ മറ്റു രോഗമോ ഉണ്ടാകുമ്പോഴും 38ജനം വ്യക്തികളായോ സമൂഹമായോ ഈ ദേവാലയത്തിലേക്കു തിരിഞ്ഞു പ്രാർഥിച്ചാൽ 39അവരുടെ പ്രാർഥന കേൾക്കണമേ. അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവരോടു ക്ഷമിക്കണമേ! 40മനുഷ്യന്റെ ഹൃദയവിചാരങ്ങൾ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരർഹിക്കുന്ന പ്രതിഫലം അവർക്കു നല്‌കണമേ. അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്ത് അവർ പാർക്കുന്ന കാലം മുഴുവൻ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവർക്കു ഇടയാക്കണമേ. 41അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി, അവിടുത്തെ പ്രസിദ്ധിയേയും, 42അങ്ങയുടെ ജനത്തിനുവേണ്ടി അവിടുന്നു പ്രവർത്തിച്ച അദ്ഭുതകാര്യങ്ങളെയും പറ്റി കേൾക്കുമ്പോൾ അങ്ങയെ അന്വേഷിച്ച് ഈ ദേവാലയത്തിൽ വന്ന് 43അങ്ങയോടു പ്രാർഥിച്ചാൽ അവന്റെ പ്രാർഥന ശ്രദ്ധിക്കണമേ! അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു പ്രാർഥന കേട്ട് അവന്റെ അപേക്ഷകൾ സാധിച്ചുകൊടുക്കേണമേ. അങ്ങനെ അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സർവജനതകളും അങ്ങയെ അറിയാനും അവിടുത്തെ ഭയപ്പെടാനും ഞാൻ ഈ ഭവനം അങ്ങേക്കായി നിർമ്മിച്ചിരിക്കുന്നു എന്നു ഗ്രഹിക്കാനും ഇടയാകട്ടെ. 44അങ്ങയുടെ ജനം അവിടുത്തെ കല്പനപ്രകാരം ശത്രുക്കൾക്കെതിരായി യുദ്ധത്തിനു പോകുമ്പോൾ അങ്ങേക്കുവേണ്ടി ഞാൻ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിലേക്കു അവർ തിരിഞ്ഞു പ്രാർഥിച്ചാൽ, 45സ്വർഗത്തിൽനിന്നു അവരുടെ പ്രാർഥന ശ്രദ്ധിച്ചു അവർക്കു വിജയം നല്‌കണമേ.
46“അങ്ങേക്കെതിരായി അവിടുത്തെ ജനം പാപം ചെയ്യുകയും അവിടുന്നു കോപിച്ചു അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കുകയും ശത്രുക്കൾ അവരെ സമീപത്തോ വിദൂരത്തോ ഉള്ള തങ്ങളുടെ ദേശത്തേക്കു ബന്ദികളായി കൊണ്ടുപോകുകയും അവർ ആ സ്ഥലത്തുനിന്നു പ്രാർഥിക്കുകയും ചെയ്താൽ, 47അവരുടെ അപേക്ഷ അങ്ങു കേൾക്കണമേ. പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ! അവിടെ അവർ അനുതപിച്ച് തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞു പ്രാർഥിച്ചാൽ സർവേശ്വരാ, അവിടുന്ന് അവരുടെ അപേക്ഷ കേൾക്കണമേ. 48ബന്ദികളായി കഴിയുന്ന ദേശത്തുവച്ച് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടും അനുതപിക്കുകയും അങ്ങ് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അവിടുത്തെ നാമത്തിൽ ഞാൻ നിർമ്മിച്ചിരിക്കുന്ന ദേവാലയത്തിലേക്കും നോക്കി അങ്ങയോടു പ്രാർഥിക്കുകയും ചെയ്താൽ, 49അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകളും അപേക്ഷകളും ശ്രദ്ധിച്ച് അവരെ രക്ഷിക്കണമേ. 50അങ്ങേക്കെതിരായി പാപം ചെയ്തവരോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ ബന്ദികളാക്കിയവർ അവരോടു കാരുണ്യപൂർവം ഇടപെടുന്നതിന് ഇടയാക്കണമേ! 51ഇരുമ്പുചൂളയാകുന്ന ഈജിപ്തിൽനിന്ന് അവിടുന്നു മോചിപ്പിച്ചുകൊണ്ടുവന്ന അവിടുത്തെ ജനവും അവകാശവുമാണല്ലോ അവർ. 52ഈ ദാസനും അവിടുത്തെ ജനവും സഹായം അർഥിക്കുമ്പോൾ അവിടുന്ന് തൃക്കൺപാർത്ത് ഞങ്ങളുടെ പ്രാർഥന കേൾക്കണമേ. 53സർവേശ്വരനായ കർത്താവേ, ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു കൊണ്ടുവന്നപ്പോൾ അവിടുത്തെ ദാസനായ മോശയിലൂടെ അവിടുന്നു അരുളിച്ചെയ്തതുപോലെ ഇവരെ ഭൂമിയിലെ സകല ജനതകളിൽനിന്നുമായി അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്തതാണല്ലോ.”
സമാപനപ്രാർഥന
54യാഗപീഠത്തിന്റെ മുമ്പിൽ മുട്ടുകുത്തി കൈകൾ ഉയർത്തി നിന്നിരുന്ന ശലോമോൻ സർവേശ്വരനോടുള്ള പ്രാർഥനകൾക്കും യാചനകൾക്കും ശേഷം എഴുന്നേറ്റുനിന്നു. 55പിന്നീട് ഇസ്രായേൽജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു: 56“വാഗ്ദാനം ചെയ്തിരുന്നതുപോലെ സ്വന്തജനമായ ഇസ്രായേലിനു സമാധാനം നല്‌കിയ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. മോശയിലൂടെ നല്‌കിയ സകല വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി. 57നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മുടെ പിതാക്കന്മാരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മുടെകൂടെയും ഉണ്ടായിരിക്കട്ടെ; അവിടുന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ. 58നാം അവിടുത്തെ വഴികളിലൂടെ നടക്കുന്നതിനും അവിടുന്നു നമ്മുടെ പിതാക്കന്മാർക്കു നല്‌കിയിരുന്ന സകല കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ അവിടുന്നു തന്നിലേക്കു തിരിക്കട്ടെ. 59തിരുസന്നിധിയിൽ ഞാൻ അർപ്പിച്ച പ്രാർഥനകളും അപേക്ഷകളും എപ്പോഴും അവിടുത്തെ മുമ്പിൽ ഉണ്ടായിരിക്കട്ടെ. അവിടുന്ന് ഈ ദാസനെയും സ്വന്തജനമായ ഇസ്രായേലിനെയും കാത്തുപാലിക്കട്ടെ. 60അങ്ങനെ സർവേശ്വരൻ മാത്രമാണു ദൈവം എന്നു ഭൂമിയിലെ സകല ജനതകളും അറിയട്ടെ. 61ഇന്നത്തെപ്പോലെ അവിടുത്തെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാൻ നിങ്ങളുടെ ഹൃദയം പൂർണമായി സർവേശ്വരനിൽ ഏകാഗ്രമായിരിക്കട്ടെ.”
ദേവാലയ പ്രതിഷ്ഠ
(2 ദിന. 7:4-10)
62ശലോമോൻരാജാവും കൂടെ ഉണ്ടായിരുന്ന എല്ലാ ഇസ്രായേൽജനവും സർവേശ്വരനു യാഗങ്ങളർപ്പിച്ചു. 63അദ്ദേഹം ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായി അർപ്പിച്ചു. ഇങ്ങനെ രാജാവും ഇസ്രായേൽജനവും ചേർന്നു ദേവാലയപ്രതിഷ്ഠ നടത്തി. 64രാജാവു അന്നുതന്നെ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ചു. അവിടെയാണു ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചത്. തിരുസന്നിധിയിലുള്ള ഓട്ടുയാഗപീഠത്തിന് ഇവയെല്ലാം അർപ്പിക്കാൻ തക്ക വലിപ്പം ഉണ്ടായിരുന്നില്ല. 65ഹാമാത്തിന്റെ അതിരുമുതൽ ഈജിപ്തുതോടുവരെയുള്ള സ്ഥലങ്ങളിൽ പാർക്കുന്ന സകല ഇസ്രായേൽജനങ്ങളോടും കൂടി ശലോമോൻ ഏഴു ദിവസം ഉത്സവം ആചരിച്ചു. 66എട്ടാം ദിവസം അദ്ദേഹം ജനത്തെ മടക്കിയയച്ചു; അവർ രാജാവിനെ പുകഴ്ത്തുകയും സർവേശ്വരൻ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി ചെയ്ത സകല നന്മകളും ഓർത്ത് ആഹ്ലാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.

Currently Selected:

1 LALTE 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy