YouVersion Logo
Search Icon

1 LALTE 6

6
ദേവാലയം പണിയുന്നു
1ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റി എൺപതാം വർഷം അതായതു ശലോമോന്റെ വാഴ്ചയുടെ നാലാം വർഷം രണ്ടാം മാസമായ സീവ് മാസത്തിലാണ് അദ്ദേഹം ദേവാലയത്തിന്റെ പണി ആരംഭിച്ചത്. 2ശലോമോൻരാജാവു സർവേശ്വരനുവേണ്ടി നിർമ്മിച്ച ആലയത്തിന് അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു. 3ദേവാലയത്തിന്റെ മുൻഭാഗത്ത് പത്തു മുഴം വീതിയും ആലയത്തിന്റെ വീതിയായ ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു. 4ദേവാലയഭിത്തികളിൽ അകത്തു വിസ്താരം കൂടിയതും പുറത്തേക്കു വരുമ്പോൾ വിസ്താരം കുറഞ്ഞതുമായ ജനാലകളും ഉണ്ടായിരുന്നു. 5ദേവാലയത്തിന്റെ അന്തർമന്ദിരമടക്കമുള്ള പുറംഭിത്തികളോടു ചേർന്നു തട്ടുകളായി മുറികൾ നിർമ്മിച്ചു. 6താഴത്തെ നിലയ്‍ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറു മുഴവും മുകളിലത്തേതിന് ഏഴു മുഴവും വീതിയുണ്ടായിരുന്നു; മുറികളുടെ തുലാങ്ങൾ ദേവാലയഭിത്തിയിൽ തുളച്ചുകടക്കാതിരിക്കത്തക്കവിധം പുറംഭിത്തികളിൽതന്നെ അവ ഉറപ്പിച്ചിരുന്നു. 7കല്ലു വെട്ടുന്ന കുഴിയിൽ വച്ചുതന്നെ അവ ചെത്തി ഒരുക്കിയിരുന്നതുകൊണ്ടു പണി നടക്കുന്ന സമയത്തു ദേവാലയത്തിൽ മഴുവിന്റെയോ ചുറ്റികയുടെയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ഒച്ച കേട്ടിരുന്നില്ല. 8താഴത്തെ നിലയുടെ വാതിൽ ദേവാലയത്തിന്റെ തെക്കുവശത്തായിരുന്നു. ചുറ്റിക്കയറാവുന്ന ഗോവണിയിലൂടെ മധ്യനിലയിലേക്കും അവിടെനിന്നു മുകളിലത്തെ നിലയിലേക്കും കയറാം. 9അങ്ങനെ ശലോമോൻ ദേവാലയത്തിന്റെ പണി പൂർത്തിയാക്കി; ദേവദാരുകൊണ്ടുള്ള പലകയും തുലാങ്ങളും കൊണ്ടു മച്ചിട്ടു. 10ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അഞ്ചു മുഴം ഉയരത്തിലാണ് നിർമ്മിച്ചിരുന്നത്. ദേവദാരുതടികൊണ്ട് അവ ദേവാലയത്തോടു ബന്ധിപ്പിച്ചിരുന്നു.
11സർവേശ്വരൻ ശലോമോനോട് അരുളിച്ചെയ്തു: 12“നീ എനിക്ക് ആലയം പണിയുകയാണല്ലോ. നീ എന്റെ സകല ചട്ടങ്ങളും അനുശാസനങ്ങളും കല്പനകളും അനുസരിച്ചു ജീവിച്ചാൽ ഞാൻ നിന്റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം നിന്നിൽ നിറവേറ്റും. 13ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽത്തന്നെ പാർക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയില്ല.”
ദേവാലയത്തിന്റെ ഉൾഭാഗം
(2 ദിന. 3:8-14)
14ശലോമോൻ ദേവാലയത്തിന്റെ പണി പൂർത്തിയാക്കി. 15ദേവാലയഭിത്തികളുടെ ഉൾവശം തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു; തറയിൽ സരളമരപ്പലകകൾ നിരത്തി. 16ദേവാലയത്തിന്റെ പിൻഭാഗത്തെ ഇരുപതു മുഴം തറമുതൽ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ടു വേർതിരിച്ചു. അങ്ങനെയാണ് അന്തർമന്ദിരമായ അതിവിശുദ്ധസ്ഥലം നിർമ്മിച്ചത്. 17അതിവിശുദ്ധ സ്ഥലത്തിനു മുമ്പിലുള്ള ദേവാലയഭാഗത്തിനു നാല്പതു മുഴം നീളമുണ്ടായിരുന്നു. 18ദേവാലയത്തിന്റെ ഉൾച്ചുവരുകൾ കല്ലു കാണാൻ പാടില്ലാത്തവിധം ദേവദാരുപ്പലകകൾകൊണ്ട് പൊതിഞ്ഞിരുന്നു. ഫലങ്ങളും വിടർന്ന പൂക്കളും കൊത്തി മനോഹരമാക്കിയവയായിരുന്നു ആ പലകകൾ.
19ദേവാലയത്തിന്റെ ഉൾഭാഗത്തു സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം സ്ഥാപിക്കുന്നതിന് അന്തർമന്ദിരം ഒരുക്കി. 20അന്തർമന്ദിരത്തിന് ഇരുപതു മുഴം വീതം നീളവും വീതിയും ഉയരവും ഉണ്ടായിരുന്നു. ശലോമോൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; യാഗപീഠം ദേവദാരുകൊണ്ടു നിർമ്മിച്ചു. 21ആലയത്തിന്റെ അകവശം മുഴുവൻ തങ്കംകൊണ്ടു പൊതിയുകയും അന്തർമന്ദിരത്തിന്റെ മുൻഭാഗം കുറുകെ സ്വർണച്ചങ്ങലകൾകൊണ്ടു ബന്ധിക്കുകയും ചെയ്തു. അന്തർമന്ദിരം തങ്കംകൊണ്ടു പൊതിഞ്ഞു. 22അങ്ങനെ യാഗപീഠം ഉൾപ്പെടെ ദേവാലയം മുഴുവൻ സ്വർണംകൊണ്ടു പൊതിഞ്ഞു.
23ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഉണ്ടാക്കി അതിവിശുദ്ധസ്ഥലത്തു സ്ഥാപിച്ചു. 24കെരൂബിന്റെ ഓരോ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്റെ അറ്റംമുതൽ മറ്റേ ചിറകിന്റെ അറ്റംവരെയുള്ള അകലം പത്തു മുഴം ആയിരുന്നു. 25മറ്റേ കെരൂബിന് അതേ വലിപ്പവും ആകൃതിയും ആയിരുന്നു. രണ്ടു കെരൂബുകളുടെയും ആകൃതിയും ഒരുപോലെ ആയിരുന്നു. 26രണ്ടു കെരൂബുകളുടെയും ഉയരം പത്തുമുഴം ആയിരുന്നു. ശലോമോൻ കെരൂബുകളെ അന്തർമന്ദിരത്തിൽ സ്ഥാപിച്ചു. 27ഒരു കെരൂബിന്റെ ചിറക് ഒരു ചുവരിലും, മറ്റേ കെരൂബിന്റെ ചിറക് മറ്റേ ചുവരിലും തൊട്ടിരുന്നു. മന്ദിരത്തിന്റെ നടുവിൽ അവയുടെ ചിറകുകൾ പരസ്പരം സ്പർശിച്ചിരുന്നു. 28രണ്ടു കെരൂബുകളെയും സ്വർണംകൊണ്ടു പൊതിഞ്ഞിരുന്നു. 29ആലയത്തിന്റെ അകത്തും പുറത്തുമുള്ള മുറികളുടെ ചുവരുകൾ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പങ്ങൾ എന്നിവയുടെ രൂപങ്ങൾ കൊത്തി അലങ്കരിച്ചിരുന്നു. 30ആ മുറികളുടെ തറകളും സ്വർണംകൊണ്ടു പൊതിഞ്ഞിരുന്നു.
31അന്തർമന്ദിരത്തിന്റെ വാതിലിന് ഒലിവുപലകകൊണ്ടു കതകുകൾ ഉണ്ടാക്കി. വാതിലിന്റെ കട്ടളയും മേല്പടിയും ചേർത്തു പഞ്ചഭുജാകൃതിയിലാണു നിർമ്മിച്ചിരുന്നത്. 32ഒലിവുപലകകൊണ്ടുള്ള രണ്ടു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പങ്ങൾ എന്നിവയുടെ രൂപങ്ങൾ കൊത്തിവച്ചു. അവ സ്വർണംകൊണ്ടു പൊതിഞ്ഞു. 33ദേവാലയത്തിന്റെ പ്രധാനകവാടത്തിലെ വാതിൽ ഒലിവുതടികൊണ്ടു ചതുരാകൃതിയിലുണ്ടാക്കി. 34അതിന്റെ രണ്ടു കതകുകളും സരളമരംകൊണ്ടു നിർമ്മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളികളും ഉണ്ടായിരുന്നു. 35അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പങ്ങൾ എന്നിവയുടെ രൂപങ്ങൾ കൊത്തിവച്ചു; അവയെല്ലാം സ്വർണംകൊണ്ടു പൊതിഞ്ഞു. 36ചെത്തി ഒരുക്കിയ ഓരോ മൂന്നുനിര കല്ലിനും ഒരു നിര ദേവദാരുതടി എന്ന ക്രമത്തിലാണ് അകത്തെ അങ്കണം നിർമ്മിച്ചത്. 37ശാലോമോന്റെ ഭരണത്തിന്റെ നാലാം വർഷം സീവ് മാസത്തിലായിരുന്നു ദേവാലയത്തിന് അടിസ്ഥാനമിട്ടത്. 38പതിനൊന്നാം വർഷം എട്ടാം മാസം അതായത് ബൂൽ മാസത്തിൽ ദേവാലയത്തിന്റെ സകല പണികളും മുൻനിശ്ചയപ്രകാരമുള്ള മാതൃകയിൽതന്നെ പൂർത്തിയായി. അങ്ങനെ ഏഴു വർഷംകൊണ്ടു ശലോമോൻ ദേവാലയനിർമ്മാണം പൂർത്തിയാക്കി.

Currently Selected:

1 LALTE 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy