YouVersion Logo
Search Icon

1 LALTE 3

3
ജ്ഞാനത്തിനു വേണ്ടിയുള്ള പ്രാർഥന
(2 ദിന. 1:3-12)
1ശലോമോൻ ഈജിപ്തിലെ രാജാവായ ഫറവോയുടെ പുത്രിയെ വിവാഹം ചെയ്ത് അയാളുമായി ബന്ധുത്വം സ്ഥാപിച്ചു. തനിക്ക് കൊട്ടാരവും സർവേശ്വരന് ആലയവും യെരൂശലേമിനു ചുറ്റുമതിലും പണിതു തീരുന്നതുവരെ ശലോമോൻ അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു. 2അതുവരെയും സർവേശ്വരന് ഒരു ആലയം നിർമ്മിച്ചിരുന്നില്ല. അതുകൊണ്ട് പൂജാഗിരികളിലാണു യാഗം കഴിച്ചുപോന്നത്. 3ശലോമോൻ സർവേശ്വരനെ സ്നേഹിച്ചു; പിതാവായ ദാവീദിന്റെ കല്പന കളെല്ലാം അനുസരിക്കുകയും ചെയ്തു. ശലോമോനും പൂജാഗിരികളിലാണ് യാഗം കഴിക്കുകയും ധൂപം അർപ്പിക്കുകയും ചെയ്തുപോന്നത്.
4ഒരിക്കൽ രാജാവ് യാഗംകഴിക്കാൻ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചിട്ടുണ്ടായിരുന്നു. 5ഗിബെയോനിൽ വച്ചു സർവേശ്വരൻ രാത്രിയിൽ ശാലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി ചോദിച്ചു: “ഞാൻ എന്തു വരം നല്‌കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.” 6ശലോമോൻ പറഞ്ഞു: “അവിടുത്തെ ദാസനും എന്റെ പിതാവുമായ ദാവീദ് തിരുമുമ്പിൽ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലർത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്റെ പിൻഗാമിയായി രാജ്യഭരണം നടത്താൻ ഒരു പുത്രനെ നല്‌കുകയും ചെയ്തു. 7എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് അടിയനെ എന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാൻ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലൻ മാത്രം. 8അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാൻ ഇപ്പോൾ. 9ഈ വലിയ ജനതയെ ഭരിക്കാൻ ആർക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.” 10ശലോമോന്റെ ഈ പ്രാർഥന സർവേശ്വരനു ഹിതകരമായി. 11അവിടുന്ന് അരുളിച്ചെയ്തു: “ദീർഘായുസ്സോ സമ്പത്തോ ശത്രുക്കളുടെ ജീവനോ ആവശ്യപ്പെടാതെ ഭരിക്കുന്നതിനാവശ്യമായ വിവേകം മാത്രമാണ് നീ ചോദിച്ചത്. 12അതുകൊണ്ടു ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; ജ്ഞാനവും വിവേകവും ഞാൻ നിനക്കു തരുന്നു. ഇക്കാര്യത്തിൽ നിനക്കു സമനായ ആരും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. 13ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങൾ കൂടി ഞാൻ നിനക്കു തരുന്നു; നിന്റെ ജീവിതകാലം മുഴുവൻ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാൻ നിനക്കു നല്‌കും. 14നിന്റെ പിതാവായ ദാവിദിനെപ്പോലെ എന്റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്റെ മാർഗത്തിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സു നല്‌കും.” 15ശലോമോൻ ഉറക്കത്തിൽനിന്നും ഉണർന്നപ്പോൾ അത് ഒരു ദർശനമായിരുന്നു എന്നു മനസ്സിലായി. അദ്ദേഹം യെരൂശലേമിൽ മടങ്ങിവന്നു സർവേശ്വരന്റെ സാക്ഷ്യപെട്ടകത്തിനു മുമ്പിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു; പിന്നീട് തന്റെ ഭൃത്യന്മാർക്ക് വിരുന്നു നടത്തി.
ശലോമോന്റെ ജ്ഞാനം
16ഒരു ദിവസം രണ്ടു വേശ്യകൾ രാജസന്നിധിയിൽ വന്നു. 17ഒരുവൾ പറഞ്ഞു: “യജമാനനേ, ഞാനും ഇവളും ഒരേ വീട്ടിലാണു പാർക്കുന്നത്. അവൾ വീട്ടിലുണ്ടായിരുന്നപ്പോൾ ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു; 18മൂന്നു ദിവസം കഴിഞ്ഞ് ഇവളും പ്രസവിച്ചു. ഞങ്ങളല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. 19രാത്രിയിൽ ഇവൾ കുട്ടിയുടെമേൽ കിടക്കാൻ ഇടയായതുകൊണ്ട് അവൻ മരിച്ചുപോയി. 20അർധരാത്രിയിൽ അടിയൻ ഉറങ്ങിക്കിടക്കുമ്പോൾ അവൾ എഴുന്നേറ്റ് അടിയന്റെ കുഞ്ഞിനെ എടുത്ത് അവളുടെ മാറോടു ചേർത്തു കിടത്തി; മരിച്ച കുഞ്ഞിനെ എന്റെ അടുത്തും കിടത്തി. 21കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞു മരിച്ചുകിടക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോൾ അത് എന്റെ കുഞ്ഞല്ല എന്നു മനസ്സിലായി; 22എന്നാൽ ഇവൾ പറഞ്ഞു; അങ്ങനെയല്ല ജീവനുള്ള കുഞ്ഞ് എൻറേതാണ്; മരിച്ചതു നിന്റെ കുഞ്ഞാണ്.” ഇങ്ങനെതന്നെ അവർ രാജസന്നിധിയിലും വാദിച്ചു. 23അപ്പോൾ ശലോമോൻ പറഞ്ഞു: “ജീവനുള്ള കുഞ്ഞ് എൻറേതാണ് മരിച്ചതു നിൻറേതാണ് എന്നു നിങ്ങൾ രണ്ടുപേരും അവകാശപ്പെടുകയാണല്ലോ.” 24ഒരു വാൾ കൊണ്ടുവരുവാൻ രാജാവു കല്പിച്ചു; സേവകൻ വാൾ കൊണ്ടുവന്നു. 25“ജീവനുള്ള കുഞ്ഞിനെ രണ്ടായി മുറിച്ച് ഇരുവർക്കുമായി കൊടുക്കാൻ രാജാവു വീണ്ടും കല്പിച്ചു; 26ജീവനുള്ള കുഞ്ഞിന്റെ മാതാവ് തന്റെ കുഞ്ഞിനെ ഓർത്തു ഹൃദയം നീറി രാജാവിനോടു പറഞ്ഞു: “യജമാനനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊള്ളുക.” എന്നാൽ മറ്റവൾ പറഞ്ഞു: “ജീവനോടെ എനിക്കും വേണ്ട, നിനക്കും വേണ്ടാ, അതിനെ പിളർക്കട്ടെ”. 27അതു കേട്ടപ്പോൾ രാജാവു കല്പിച്ചു: “ജീവനുള്ള കുഞ്ഞിനെ ആദ്യത്തെ സ്‍ത്രീക്കു കൊടുക്കുക; അവന്റെ അമ്മ അവളാണ്.” 28രാജാവിന്റെ തീരുമാനം ഇസ്രായേൽജനം അറിഞ്ഞപ്പോൾ നീതി നടത്തുന്നതിനു രാജാവിനു ദൈവികജ്ഞാനം ലഭിച്ചിട്ടുണ്ടെന്നു മനസ്സിലായി; അവർ രാജാവിനെ അത്യധികം ബഹുമാനിച്ചു.

Currently Selected:

1 LALTE 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy