YouVersion Logo
Search Icon

1 LALTE 18

18
ഏലിയായും ബാലിന്റെ പ്രവാചകന്മാരും
1ഏറെനാൾ കഴിഞ്ഞു വരൾച്ചയുടെ മൂന്നാം വർഷം സർവേശ്വരൻ ഏലിയായോട് അരുളിച്ചെയ്തു: “നീ ആഹാബിന്റെ അടുക്കൽ ചെല്ലുക; ഞാൻ ഭൂമിയിൽ മഴ പെയ്യിക്കാൻ പോകുകയാണ്.” 2ഏലിയാ ആഹാബിന്റെ അടുക്കലേക്കു പോയി. ശമര്യയിൽ ക്ഷാമം അതികഠിനമായിരുന്നു. 3ആഹാബ് കൊട്ടാരകാര്യസ്ഥനായിരുന്ന ഓബദ്യായെ വിളിപ്പിച്ചു; അദ്ദേഹം വലിയ ദൈവഭക്തനായിരുന്നു. 4ഈസേബെൽ സർവേശ്വരന്റെ പ്രവാചകന്മാരെ വധിച്ചപ്പോൾ, ഓബദ്യാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി അമ്പതു പേരെ വീതം ഗുഹകളിൽ ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു സംരക്ഷിച്ചു. 5ആഹാബ് ഓബദ്യായോടു പറഞ്ഞു: “നമുക്കു നാട്ടിലുള്ള എല്ലാ അരുവികളുടെയും നീരുറവുകളുടെയും അരികിൽ ചെന്നു നോക്കാം; കുതിരകളെയും കോവർകഴുതകളെയുമെങ്കിലും ജീവനോടെ രക്ഷിക്കാനാവശ്യമായ പുല്ലു കിട്ടിയെന്നു വരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ. 6അതിനായി അവർ രാജ്യം രണ്ടായി തിരിച്ച് ആഹാബ് ഒരു ഭാഗത്തേക്കും ഓബദ്യാ മറുഭാഗത്തേക്കും പുറപ്പെട്ടു.
7വഴിയിൽവച്ച് ഓബദ്യാ ഏലിയായെ കണ്ടുമുട്ടി; ഏലിയായെ കണ്ടപ്പോൾ അയാൾ സാഷ്ടാംഗം വീണു: “അങ്ങ് എന്റെ യജമാനനായ ഏലിയാ തന്നെയോ” എന്നു ചോദിച്ചു. 8“അതെ! ഞാൻ ഏലിയാ തന്നെ; ഞാൻ ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ചെന്നു പറയുക” എന്നു പറഞ്ഞു. 9അപ്പോൾ ഓബദ്യാ ചോദിച്ചു: “ആഹാബുരാജാവിന്റെ കൈയിൽ എന്നെ കൊല്ലാൻ ഏല്പിക്കത്തക്കവിധം ഈ ദാസൻ എന്തു പാപം ചെയ്തു? 10അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു: രാജാവ് അങ്ങയെ അന്വേഷിക്കാത്ത ഒരു സ്ഥലവും ഭൂമിയിലില്ല. ഏലിയാ ഇവിടെയില്ല എന്ന് ഒരു രാജാവോ ജനതയോ പറയുമ്പോൾ അങ്ങയെ കണ്ടിട്ടില്ല എന്നു ആ രാജാവിനെക്കൊണ്ടും ജനതയെക്കൊണ്ടും ആഹാബ് സത്യം ചെയ്യിക്കുന്നു. 11അങ്ങനെ ഇരിക്കെ ഏലിയാ ഇവിടെയുണ്ട് എന്നു രാജാവിനോടു പറയാൻ അങ്ങു കല്പിക്കുന്നു. 12ഞാൻ ഇവിടെനിന്നു പോകുമ്പോൾ സർവേശ്വരന്റെ ആത്മാവു ഞാൻ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ എടുത്തുകൊണ്ടുപോകും. ഞാൻ ആഹാബിനെ വിവരമറിയിക്കുകയും ശേഷം അയാൾ അങ്ങയെ അന്വേഷിക്കുമ്പോൾ കണ്ടെത്താതിരിക്കുകയും ചെയ്താൽ ഞാൻ ബാല്യം മുതല്‌ക്കേ സർവേശ്വരഭക്തനാണെങ്കിലും ആഹാബ് എന്നെ കൊന്നുകളയും. 13ഈസേബെൽ സർവേശ്വരന്റെ പ്രവാചകന്മാരെ വധിച്ചപ്പോൾ, അവരിൽ നൂറു പ്രവാചകന്മാരെ അമ്പതുപേരെ വീതം ഒരു ഗുഹയിൽ ഒളിപ്പിച്ച് ഞാൻ അവർക്ക് ഭക്ഷണപാനീയങ്ങൾ നല്‌കി സംരക്ഷിച്ച വിവരം അങ്ങേക്കറിഞ്ഞുകൂടേ? 14എന്നിട്ടും നിന്റെ യജമാനനായ രാജാവിന്റെ അടുക്കൽ പോയി ഏലിയാ ഇവിടെ ഉണ്ടെന്നു പറയുക എന്ന് അങ്ങു കല്പിക്കുകയാണോ? അയാൾ എന്നെ കൊന്നുകളയും.”
15ഏലിയാ പറഞ്ഞു: “ഞാൻ ആരാധിക്കുന്ന സർവശക്തനായ ദൈവത്തിന്റെ നാമത്തിൽ പറയുന്നു: ഇന്നു ഞാൻ രാജാവിന്റെ മുമ്പിൽ ചെല്ലും.” 16ഓബദ്യാ ചെന്നു രാജാവിനെ വിവരമറിയിച്ചു; ആഹാബ് ഏലിയായെ കാണാൻ വന്നു. 17ഏലിയായെ കണ്ടപ്പോൾ ആഹാബു പറഞ്ഞു: “നീയല്ലേ ഇസ്രായേലിനെ ഉപദ്രവിക്കുന്നവൻ.” 18ഏലിയാ പറഞ്ഞു: “ഇസ്രായേലിനെ ഉപദ്രവിക്കുന്നവൻ ഞാനല്ല; നീയും നിന്റെ കുടുംബവുമാണ്. നിങ്ങൾ സർവേശ്വരന്റെ കല്പനകൾ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു. 19ഇപ്പോൾത്തന്നെ ആളയച്ച് ഇസ്രായേൽജനത്തെയെല്ലാം കർമ്മേൽമലയിൽ വിളിച്ചുകൂട്ടുക; ഈസേബെൽ തീറ്റിപ്പോറ്റുന്ന നാനൂറ്റമ്പതു ബാൽപ്രവാചകന്മാരെയും നാനൂറ് അശേരാപ്രവാചകന്മാരെയും അവിടെ കൂട്ടിക്കൊണ്ടു വരിക.”
20അങ്ങനെ ആഹാബ് ഇസ്രായേൽജനത്തെയും പ്രവാചകന്മാരെയും കർമ്മേൽമലയിൽ വിളിച്ചുകൂട്ടി. 21ഏലിയാ ജനത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിങ്ങൾ എത്രകാലം ഇരുതോണിയിൽ കാൽ വയ്‍ക്കും? സർവേശ്വരനാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കിൽ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല. 22ഏലിയാ ജനത്തോടു വീണ്ടും പറഞ്ഞു: “സർവേശ്വരന്റെ പ്രവാചകന്മാരിൽ ഞാനൊരാൾ മാത്രമേ ശേഷിച്ചിട്ടുള്ളൂ. ബാലിന്റെ പ്രവാചകന്മാർ നാനൂറ്റി അമ്പതു പേരുണ്ട്. 23രണ്ടു കാളകളെ കൊണ്ടുവരിക; അവർ ഒന്നിനെ കഷണങ്ങളാക്കി തീ കത്തിക്കാതെ വിറകിന്മേൽ വയ്‍ക്കട്ടെ; മറ്റേതിനെ ഞാൻ ഒരുക്കി തീ കൊളുത്താതെ വിറകിന്മേൽ വയ്‍ക്കാം. 24ബാലിന്റെ പ്രവാചകന്മാർ അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കട്ടെ; ഞാൻ സർവേശ്വരനോടു പ്രാർഥിക്കും. അഗ്നി അയച്ച് ഉത്തരമരുളുന്ന ദൈവമായിരിക്കും യഥാർഥ ദൈവം.” ഇതെല്ലാവർക്കും സമ്മതമായി.
25പിന്നീട് ഏലിയാ ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾതന്നെ ആദ്യം ഒരു കാളയെ ഒരുക്കിക്കൊള്ളുക; നിങ്ങൾ വളരെപ്പേരുണ്ടല്ലോ. പിന്നീട് നിങ്ങളുടെ ദൈവത്തോടു പ്രാർഥിക്കുക. വിറകിനു നിങ്ങൾ തീ കൊളുത്തരുത്.” 26അവർ കാളയെ ഒരുക്കി; പ്രഭാതംമുതൽ മധ്യാഹ്നംവരെ “ബാൽദേവാ, ഉത്തരമരുളിയാലും” എന്നു വിളിച്ചപേക്ഷിച്ചു. അവർ നിർമ്മിച്ച യാഗപീഠത്തിനു ചുറ്റും നൃത്തം ചെയ്തു; എങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. 27ഉച്ചയായപ്പോൾ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: “ഉച്ചത്തിൽ വിളിക്കുക; ബാൽ ഒരു ദേവനാണല്ലോ; അയാൾ ധ്യാനനിരതനായിരിക്കും; ചിലപ്പോൾ ദിനചര്യ അനുഷ്ഠിക്കുകയായിരിക്കാം; അല്ലെങ്കിൽ യാത്രയിലാവാം; അതുമല്ലെങ്കിൽ ഉറങ്ങുകയായിരിക്കും; വിളിച്ചുണർത്തണം. 28“അവർ ഉച്ചത്തിൽ വിളിച്ചു; അതു മാത്രമല്ല അവരുടെ ആചാരമനുസരിച്ച് വാളും കുന്തവും കൊണ്ട് തങ്ങളെത്തന്നെ മുറിവേല്പിച്ചു രക്തം ഒഴുക്കാൻ തുടങ്ങി. 29ഉച്ചകഴിഞ്ഞു യാഗാർപ്പണ സമയംവരെ അവർ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു; എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ആരും അവരുടെ പ്രാർഥന ശ്രദ്ധിച്ചില്ല. 30അപ്പോൾ ഏലിയാ ജനത്തോട് “എന്റെ അടുക്കൽ വരിക” എന്നു പറഞ്ഞു. അവർ അടുത്തു ചെന്നു. സർവേശ്വരന്റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി. 31നിന്റെ നാമം ഇനിയും ഇസ്രായേൽ എന്നായിരിക്കും എന്നു സർവേശ്വരൻ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു. 32ആ കല്ലുകൾകൊണ്ട് അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി. 33പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേൽ വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാൻ അവരോടു പറഞ്ഞു. 34വീണ്ടും അങ്ങനെ ചെയ്യാൻ ഏലിയാ പറഞ്ഞു. അവർ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാൻ കല്പിച്ചു. അവർ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു; 35വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു.
36യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. 37അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.” 38ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി. 39ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു. 40ഏലിയാ അവരോടു പറഞ്ഞു: “ബാലിന്റെ പ്രവാചകന്മാരെയെല്ലാം പിടിക്കുവിൻ, അവരിൽ ഒരാൾപോലും രക്ഷപെടരുത്.” ജനം അവരെ പിടികൂടി; ഏലിയാ അവരെ കീശോൻ അരുവിക്ക് സമീപം കൊണ്ടുപോയി അവിടെവച്ചു കൊന്നുകളഞ്ഞു.
വരൾച്ചയുടെ അവസാനം
41ആഹാബ്‍രാജാവിനോട് ഏലിയാ പറഞ്ഞു: “അങ്ങു പോയി ഭക്ഷണപാനീയങ്ങൾ കഴിച്ചുകൊള്ളുക; വലിയ മഴയുടെ ഇരമ്പൽ കേൾക്കുന്നു.” 42ആഹാബ് ഭക്ഷണം കഴിക്കാൻ പോയി; ഏലിയാ കർമ്മേൽമലയുടെ മുകളിൽ കയറി നിലംപറ്റെ കുനിഞ്ഞ് മുഖം കാൽമുട്ടുകളുടെ ഇടയിലാക്കി ഇരുന്നു. 43“നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്റെ ഭൃത്യനോടു പറഞ്ഞു. അവൻ ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാൻ ഏലിയാ കല്പിച്ചു. 44ഏഴാം പ്രാവശ്യം മടങ്ങിവന്നപ്പോൾ അവൻ പറഞ്ഞു: “ഒരു മനുഷ്യന്റെ കൈ പോലെയുള്ള ഒരു ചെറിയ മേഘം കടലിൽനിന്ന് പൊങ്ങിവരുന്നു.” ഏലിയാ അവനോടു പറഞ്ഞു: “നീ ഉടൻതന്നെ ആഹാബിന്റെ അടുക്കൽ പോയി, രഥം പൂട്ടി പുറപ്പെടുക; അല്ലെങ്കിൽ മഴ അങ്ങയുടെ യാത്രയ്‍ക്കു പ്രതിബന്ധമുണ്ടാക്കും എന്നു പറയണം.” 45ക്ഷണനേരത്തിനുള്ളിൽ ആകാശം കാർമേഘംകൊണ്ടു മൂടി; കനത്ത മഴ പെയ്യുകയും ചെയ്തു. ആഹാബ് രഥത്തിൽ കയറി ജെസ്രീലിലേക്കു പോയി. 46സർവേശ്വരന്റെ ശക്തി ഏലിയായിൽ വന്നു; അദ്ദേഹം അര മുറുക്കിക്കൊണ്ട് ജെസ്രീൽ കവാടംവരെ ആഹാബിനു മുമ്പായി ഓടി.

Currently Selected:

1 LALTE 18: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy